വീട് വൃത്തിയും മനോഹരമുള്ളതുമാക്കാന്‍ അല്പം ശ്രദ്ധയും മനസുമുണ്ടായാല്‍ മതി
ചില വീടുകള്‍ എത്ര വൃത്തിയാക്കിയാലും അടുക്കി പെറുക്കി വച്ചാലും, മുറികള്‍ കാണുമ്പോഴേ ശ്വാസം മുട്ടുന്നതുപോലെ തോന്നും. ഷെല്‍ഫുകളും അലമാരകളും നിറയെ കലപില കൂട്ടുന്ന സാധന സാമഗ്രികള്‍. കുറേ കഴിയുമ്പോള്‍ എല്ലാം കൂടി നിറഞ്ഞ് വീടൊരു കൊച്ചു ഗോഡൗണ്‍ പോലെയായിട്ടുണ്ടാവും. ദിവസവും അല്‍പ്പം സമയവും മനസ്സും നീക്കി വെക്കാനുണ്ടെങ്കില്‍ ഈ പ്രശ്‌നം നിങ്ങളെ അലട്ടുകയേയില്ല.
ഓരോ മുറിയിലും ഉള്ള സാധനങ്ങള്‍ മുഴുവന്‍ വാസ്തവത്തില്‍ അവിടെ വേണ്ടതാണോ? ആവശ്യമുള്ളതും, ഇല്ലാത്തതുമായ സാധനങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കാം. കാലഹരണപ്പെട്ടതും അനാവശ്യവുമാണെന്ന് തോന്നുന്ന വസ്തുക്കള്‍ എടുത്തുമാറ്റാം.
ഇപ്പോള്‍ ആവശ്യമില്ലെങ്കിലും ഭാവിയില്‍ ഉപകരിച്ചേക്കും എന്നതിന് സാധ്യതയുള്ള സാധനങ്ങള്‍ എവിടെയെങ്കിലും കെട്ടിവെക്കുകയാണ് നല്ലത്. മധ്യവേനലവധിക്കാലത്ത് കുട്ടികളെ നീന്തല്‍ പഠിപ്പിക്കാനുള്ള ജാക്കറ്റുകളും, വിനോദയാത്രക്ക് ടെന്റടിക്കാനുള്ള സാമഗ്രികളും ഒക്കെയുണ്ടെങ്കില്‍ ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കി സൂക്ഷിച്ച് വെക്കാം. ഏതൊക്കെ ഒഴിവാക്കണം എന്ന കൃത്യമായ ധാരണ ഉണ്ടാക്കണം.ഒരു പ്രയോജനവുമില്ലാത്ത സാധനങ്ങള്‍ എടുത്തു മാറ്റാനോ, നശിപ്പിച്ചു കളയാനോ മടിക്കരുത്.
ഉദാഹരണത്തിന് , വാങ്ങുമ്പോള്‍ അതീവ ഭംഗിയുണ്ടായിരുന്ന ഒരു ചിത്രം ഇപ്പോള്‍ പൊടിപിടിച്ച് സൈഡ് കീറിയതാണെങ്കില്‍ ഇനി അത് തൂക്കിയാല്‍ ഭംഗി പോവുകയേ ഉള്ളൂ. അങ്ങനെയുള്ളവ എടുത്തു കളയുന്നതാവും നല്ലത്. പ്രധാനപ്പെട്ട വസ്തുക്കള്‍ ഒഴിവാക്കിയവയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നുറപ്പ് വരുത്തണം. നിരന്തരം ആവശ്യമുള്ളവ എളുപ്പം കിട്ടുന്ന രീതിയില്‍ സൂക്ഷിക്കാനും ശ്രദ്ധിക്കണം.
വീടിന്റെയും വാഹനത്തിന്റെയും താക്കോല്‍, ബാങ്ക് അക്കൗണ്ടിന്റെ രേഖകള്‍, എടിഎം കാര്‍ഡ്, വീട്ടുപകരണങ്ങളുടെ ഗ്യാരന്റി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ വീട്ടിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് പെട്ടെന്ന് കിട്ടുന്ന രീതിയില്‍ വയ്ക്കുന്നതാണ് നല്ലത്.
വസ്ത്രങ്ങളും പുസ്തകങ്ങളും അലമാരകളിലും ഷെല്‍ഫുകളിലും അടുക്കിവെച്ചാല്‍ തന്നെ ഒരുപാട് സ്ഥലം ലാഭിക്കാം. അലക്കാനുള്ള വസ്ത്രങ്ങള്‍ പലയിടങ്ങളിലായി ചിതറിയിടാതെ പ്രത്യേകം ബക്കറ്റിലോ, കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലോ സൂക്ഷിക്കാം.
അരമണിക്കൂറിനുള്ളില്‍ വീട്ടില്‍ ഒരു അതിഥി എത്തുമെന്നറിഞ്ഞ് പെട്ടെന്ന് വീട് വൃത്തിയാക്കണമെങ്കില്‍ എന്താണ് ചെയ്യുന്നത്? ബെഡ്‌റൂം വരെ ഒരു വിധം മിനുക്കിയെടുക്കും. എന്നിട്ട് ബാക്കി വന്ന മുഷിഞ്ഞ തുണികളെല്ലാം ചുരുട്ടിക്കൂട്ടി ബാത്ത്‌റൂമില്‍ കൊണ്ടിടാറാണോ പതിവ്? വരുന്ന അതിഥികള്‍ ടോയ്‌ലറ്റില്‍ ഒന്നു കയറിയാല്‍ വീട്ടുകാരുടെ 'തനിസ്വഭാവം' മനസ്സിലാകും. മറ്റുള്ളവര്‍ കാണുന്ന ഇടങ്ങള്‍ വൃത്തിയാക്കുന്നതു പോലെ തന്നെ പ്രാധാന്യമുള്ളതാണ് ആരുടെയും ശ്രദ്ധ പെട്ടെന്ന് പോവാത്ത സ്ഥലം അടുക്കി വെക്കുന്നതും. അതിലും ശ്രദ്ധ വയ്ക്കണം.
ദിവസവും അരമണിക്കൂര്‍ ശ്രദ്ധിച്ചാല്‍ മതി അടുക്കും ചിട്ടയും കൊണ്ടുവരാന്‍ കഴിയും. ഒരാഴ്ച ഈ മട്ട് തുടര്‍ന്നാല്‍ ഇത് ശീലമായി കഴിയും. അമ്മ മാത്രം വീട് വൃത്തിയാക്കും, ബാക്കിയുള്ളവര്‍ അത് നോക്കി നില്‍ക്കും എന്നതൊരു നല്ല രീതിയല്ല. ഓരോരുത്തരും അവനവന്‍ ഉപയോഗിക്കുന്ന സ്ഥലം വൃത്തിയാക്കി വെക്കട്ടെ. കുട്ടികള്‍ ഇതൊക്കെ കണ്ട് പഠിച്ച് കൊള്ളും. കുട്ടികളുടെ മുറിയില്‍ ഉയരം കുറഞ്ഞ ഷെല്‍ഫുകളും ചെറിയ അലമാരകളും ഇടാം. അവരുടെ സാധനങ്ങള്‍ തനിയെ ഒതുക്കി വെക്കാനുള്ള സൗകര്യം ഇത് കൊണ്ട് കിട്ടും.
ദിവസവും കൊണ്ട് നടക്കുന്ന ബാഗ് ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കുന്നത് നല്ലതാണ്. പഴയ ടിക്കറ്റുകള്‍, ഹോട്ടല്‍-ടെക്‌സ്‌റ്റൈല്‍ ഷോപ്പ് ബില്ലുകള്‍, എടിഎം കൗണ്ടറില്‍ നിന്ന് പണം പിന്‍വലിച്ച സ്ലിപ്പുകള്‍ ഇവ ആഴ്ചയിലൊരിക്കലെങ്കിലും എടുത്തു മാറ്റാന്‍ ശ്രദ്ധിക്കണം. പൊടിഞ്ഞു പോയ പഴകിയ സാധനങ്ങള്‍ എടുത്തു കളയാന്‍ ഒട്ടും മടിക്കേണ്ട കാര്യമില്ല.
എല്ലാ മുറിയും ഒരു ദിവസം കൊണ്ട് വൃത്തിയാക്കണമെന്നില്ല. ഓരോ ദിവസമെടുത്ത് ഓരോ മുറി വൃത്തിയാക്കാം. ദിവസവും ഉപയോഗിക്കുന്ന മുറികളാണെങ്കില്‍ എന്നും വൃത്തിയാക്കുന്നതാണ് നല്ലത്. അടുക്കളയും, ഡൈനിംഗ് റൂമുമൊക്കെ അന്നന്ന് തന്നെ വൃത്തിയാക്കാം.
ചില വീടുകള്‍ നമ്മളെ വല്ലാതെ മോഹിപ്പിക്കാറില്ലേ? കാരണം ഇതൊക്കെ തന്നെ. വീട് അതില്‍ താമസിക്കുന്നവരുടെ മനസ്സിന്റെ കണ്ണാടിയാണ്.
https://www.facebook.com/Malayalivartha