അതിമനോഹരം കൊളോണിയല്‍ ശൈലിയിലുള്ള ഈ കോട്ടേജ് വീട്
പാശ്ചാത്യ മോഡലിലുള്ള കോട്ടേജ് സ്‌റ്റൈല്‍ വീടായിരുന്നു ഉടമയ്ക്ക് വേണ്ടിയിരുന്നത്.നല്ലപോലെ ഹോംവര്‍ക് ചെയ്തിട്ടാണ് സീന്‍ ജോഷ്വ വീടുപണിക്ക് ഇറങ്ങിയത്. വേണ്ട കാര്യങ്ങളെക്കുറിച്ച് നല്ല അവബോധമുള്ള ക്ലൈന്റ് ആവുമ്പോള്‍ വീടുപണിയും എളുപ്പമാണെന്ന് എന്‍ജിനീയര്‍ ഷിബുവും സമ്മതിക്കുന്നു. ജോഷ്വക്ക് അത് തന്നെ ലഭിച്ചതില്‍ സന്തോഷിക്കുകയാണ് വീട്ടുകാര്‍.
മൂന്ന് കൂരകളായി സീലിങ് ചെയ്തിരിക്കുന്നതിനാല്‍ വീടിന് കൊളോണിയല്‍ എലിവേഷന്‍ ലഭിക്കുന്നു. ചുവരുകള്‍ക്ക് 11 അടി പൊക്കം കൊടുത്തിട്ടുണ്ട്. ചൂട് കുറയ്ക്കുക എന്ന ഉദ്ദേശ്യവും ഇതിനുണ്ട്. പുറംഭാഗത്തെ ഒരു ഭിത്തിയില്‍ പോലും സൂര്യപ്രകാശം നേരിട്ട് അടിക്കുന്നില്ല എന്നതും വീടിന്റെ പ്രത്യേകതയാണ്.
രണ്ട് അടിയുടെ ചെറിയ ഒരു ലവലിങ് മാത്രമേ പ്ലോട്ടില്‍ ചെയ്യേണ്ടി വന്നുള്ളൂ. 15 സെന്റ് സ്ഥലത്താണ് വീടിരിക്കുന്നത്. വിശാലമായ മുറ്റം വേണമെന്ന് വീട്ടുകാര്‍ക്ക് ആഗ്രഹമുണ്ടായിരുന്നതിനാല്‍ അതിനുള്ള സൗകര്യം വിട്ടാണ് വീട് പണിതിരിക്കുന്നത്.
പാശ്ചാത്യ രീതിയിലുള്ള എക്സ്റ്റീരിയര്‍ തന്നെയായിരുന്നു വീട്ടുകാരുടെ ആഗ്രഹം. അതനുസരിച്ചാണ് ഒറ്റനില വീടിന് ഫ്‌ലാറ്റ് റൂഫ് ചെയ്ത് ട്രസ് കൊടുത്ത് സീലിങ് ചെയ്തത്. ജിഐ ഷീറ്റ് കൂരയും കിളിവാതിലുകളും കൊണ്ട് വീടിന് കൊളോണിയല്‍ സ്‌റ്റൈല്‍ ഉണ്ടാക്കിയെടുത്തു.
നല്ല വീതിയുള്ള സിറ്റ്ഔട്ട്. കാര്‍പോര്‍ച്ച് വീടിനോട് ചേര്‍ന്നിട്ടല്ല, മറിച്ച് ഗാരിജ് പോലെ പ്രത്യേകം പണിയുകയായിരുന്നു. വാസ്തു പ്രകാരം പ്രധാന വാതില്‍ കിഴക്കോട്ട് ദര്‍ശനമായാണ് വച്ചിരിക്കുന്നത്.
സിറ്റ്ഔട്ടിന്റെ ഒരു വശത്തുകൂടെയാണ് ലിവിങ് റൂമിലേക്ക് കയറുന്നത്. ലിവിങ് ഡൈനിങ് ഭിത്തിയില്‍ മാസികകളും മറ്റും സൂക്ഷിക്കാന്‍ സ്‌റ്റോറേജ് ഏരിയ ക്രമീകരിച്ചു.
ലിവിങ് റൂമില്‍ നിന്നു കടക്കുമ്പോള്‍ ഫാമിലി റൂമും ക്രമീകരിച്ചിട്ടുണ്ട്. പ്രാര്‍ഥനയ്ക്കുള്ള ഇടമായും ഇവിടം ഉപയോഗിക്കുന്നു. ചുവരില്‍ നീഷ് സ്‌പേസുകള്‍ കൊടുത്തിട്ടുണ്ട്. എല്ലാ മുറികളിലും ഒരു ഭിത്തിക്ക് ഹൈലൈറ്റ് നിറം അടിച്ചു. ഡിജിറ്റല്‍ പ്രിന്റ് ഉള്ള വിട്രിഫൈഡ് ടൈല്‍ ആണ് ഫ്‌ലോറിങ്ങിനു ഉപയോഗിച്ചത്.
ഡൈനിങ് റൂമില്‍ ഇന്‍ബില്‍റ്റ് ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. പുറത്തേക്കുള്ള ഭിത്തിയിലാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. ഭിത്തിയില്‍ രണ്ട് നീഷ് സ്‌പേസുകളും ചെയ്ത് മുറിക്ക് വ്യത്യസ്തത പകര്‍ന്നിരിക്കുന്നു. ഇന്‍ബില്‍റ്റ് സീറ്റിങ്ങിന്റെ ഇരുവശത്തുമായി ക്രോക്കറി വയ്ക്കാന്‍ ടോള്‍ യൂണിറ്റുകള്‍ കൊടുത്തിട്ടുണ്ട്. ഇരിപ്പിടത്തില്‍ ഗ്രാനൈറ്റ് വിരിച്ചു.
മൂന്ന് ബാത്‌റൂമുകളാണ് വീടിനുള്ളത്. അതില്‍ രണ്ടെണ്ണം അറ്റാച്ഡ് ആണ്. ബെഡ്‌റൂം ഭിത്തികളും ഹൈലൈറ്റ് നിറം ഉപയോഗിച്ച് കളര്‍ഫുള്‍ ആക്കിയിരിക്കുന്നു. ഡൈനിങ്ങിന് അപ്പുറത്തായാണ് സ്‌റ്റെയര്‍കെയ്‌സ്. ഇതിനടിയിലാണ് മാസ്റ്റര്‍ ബെഡ്‌റൂമിന്റെ ബാത്‌റൂം. വാഷ് എരിയയും കോമണ്‍ ബാത്‌റൂമും പ്രത്യേകം ക്രമീകരിച്ചിരിക്കുന്നു.
അടുക്കളയും വര്‍ക്ക് എരിയയും കൂടി വിശാലമായ ഒരു ഏരിയയാണ്. രണ്ടിനും ഇടയ്ക്ക് വലിയ ഒരു ഓപണിങും കൊടുത്തിട്ടുണ്ട്. വലിയ ജനലുകള്‍ അടുക്കളയില്‍ നല്ല വെളിച്ചമെത്തിക്കുന്നുണ്ട്. സാധാരണ കാണുന്നതില്‍ നിന്നു വ്യത്യസ്തമായി 105 സെമീ ഉയരത്തിലാണ് അടുക്കളയിലെ പാതകം ചെയ്തിരിക്കുന്നത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന വീട്ടുകാര്‍ അവിടത്തെ രീതിയാണ് പിന്തുടര്‍ന്നത്.
https://www.facebook.com/Malayalivartha