കേരളത്തിന്റെ ആദ്യത്തെ സഞ്ചരിക്കുന്ന വീട്!
കാടിനുള്ളിലായാലും കുന്നിന്‍ മുകളിലായാലും വണ്ടി കയറുന്ന ഇടങ്ങളിലൊക്കെ താമസസൗകര്യവുമായി എത്തുന്ന 'മൊബൈല്‍ ഹോം' നമ്മുടെ നാട്ടിലുമെത്തിയിരിക്കുന്നു. അതുകൊണ്ട് ഇനി കാടിനുള്ളിലും കുന്നിന്‍ നെറുകയിലുമൊക്കെ എത്തുമ്പോള്‍ ഒരു രാത്രി ഇവിടെ തങ്ങാന്‍ കഴിഞ്ഞെങ്കില്‍ എന്നു തോന്നലുണ്ടാകുമ്പോള്‍ 'വെറുതേ തോന്നിയിട്ടെന്തു കാര്യം. ആന ചവിട്ടിയും പുലി പിടിച്ചും മരിക്കാന്‍ പേടിയാണേ...' എന്നു പറഞ്ഞ് നിരാശപ്പെടേണ്ട.
വിദേശരാജ്യങ്ങളില്‍ പ്രചാരത്തിലുള്ള 'ക്യാംപര്‍ വാന്‍' മാതൃകയില്‍ തയാറാക്കിയിട്ടുള്ള ഈ വണ്ടിവീടില്‍ അറ്റാച്ഡ് ബാത്‌റൂമോടു കൂടിയ രണ്ട് കിടപ്പുമുറികളാണുള്ളത്. എയര്‍കണ്ടീഷനര്‍, ടിവി, റഫ്രിജറേറ്റര്‍... തുടങ്ങിയ സൗകര്യങ്ങള്‍ വേറെയും.
റാന്നി ആസ്ഥാനമായ ഗൂസ്‌ബെറി ലാന്‍ഡ് ഹോളിഡെയ്‌സ് ആണ് വണ്ടിവീടിനു പിന്നില്‍. കേരളത്തിലെ ആദ്യത്തെ ക്യാംപര്‍ വാന്‍ ആണിത് എന്ന് ഉടമകളായ ജോര്‍ജ് ഏബ്രഹാമും മിമോ ജോര്‍ജും പറയുന്നു. രണ്ട് കിടപ്പുമുറികളിലുമായി പത്ത് പേര്‍ക്ക് കിടന്ന് ഉറങ്ങാവുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍.
വിദേശരാജ്യങ്ങളിലെപ്പോലെ താമസക്കാരുമായി വഴിയിലൂടെ യാത്ര ചെയ്യാവുന്ന രീതിയിലാണ് ക്യാംപര്‍ വാന്‍ നിര്‍മിച്ചിരിക്കുന്നതെങ്കിലും മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് അതിനുള്ള പൂര്‍ണമായ അനുമതി ലഭിച്ചിട്ടില്ല. പത്തനംതിട്ട ജില്ലയിലെ ഗവി, അടവി ഇക്കോ ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട് കാട് കാണാനെത്തുന്നവര്‍ക്ക് രാത്രിയില്‍ തങ്ങാനുള്ള വീട് എന്ന നിലയിലാണ് ഇപ്പോഴത്തെ പ്രവര്‍ത്തനം.
മസ്ദ വാനിന്റെ ഷാസിക്കു മുകളിലാണ് വീടൊരുക്കിയിരിക്കുന്നത്. 20 അടി നീളവും എട്ട് അടി വീതിയുമാണ് വണ്ടിവീടിനുള്ളത്. പൊക്കം 10 അടിയും. വന്യജീവികളില്‍ നിന്നുള്ള ആക്രമണം കണക്കിലെടുത്ത് ഇരുമ്പ് ഫ്രെയിമില്‍ 16 ഗേജിന്റെ കനം കൂടിയ ജിഐ ഷീറ്റ് പൊതിഞ്ഞാണ് ഭിത്തിയും മേല്‍ക്കൂരയുമൊക്കെ തയാറാക്കിയത്. ഇതിനു പുറത്ത് പിവിസി ഷീറ്റും ലാമിനേറ്റഡ് പ്ലൈവുഡുമൊക്കെ പൊതിഞ്ഞ് ഇന്റീരിയറിന്റെ മോടി കൂട്ടുകയും ചെയ്തു.
അത്ര പെട്ടെന്നൊന്നും പൊട്ടാത്ത ഇനം ടെംപേര്‍ഡ് ഗ്ലാസ് കൊണ്ടാണ് ജനാലകള്‍. കര്‍ട്ടന്‍ നീക്കിയാല്‍ ഇതിലൂടെ കാഴ്ചകള്‍ ആസ്വദിക്കാം. വണ്ടിവീടിന്റെ മുകളില്‍ 'റൂഫ് ടോപ്പ് സിറ്റിങ് ഏരിയ'യും ഉണ്ട്. സ്റ്റീല്‍ ഗോവണി വഴി ഇവിടെയെത്താം. കസേരയിട്ടിരുന്ന് കാപ്പി കുടിക്കാം; കാഴ്ചകള്‍ കാണാം. ജനറേറ്റര്‍, ഇന്‍വര്‍ട്ടര്‍ എന്നിവ വണ്ടിവീടിലുണ്ട്. വണ്ടിവീട് ഓടുന്നത് പ്രത്യേകതരം ട്രാക്ടറിന്റെ സഹായത്താലാണ്.
https://www.facebook.com/Malayalivartha