ചെറുധാന്യങ്ങളുടെ പ്രാധാന്യം മലയാളി മറക്കരുത്!
മലയാളത്തില്‍ 'ചെറുധാന്യങ്ങള്‍' എന്നറിയപ്പെടുന്ന മില്ലറ്റുകള്‍ പുല്ലുവര്‍ഗത്തില്‍പ്പെട്ട ധാന്യവിളകളാണ്. ഒരുകാലത്ത് നമ്മുടെ പാടങ്ങളില്‍ ഈ ഗണത്തില്‍പ്പെടുന്ന ചാമയും തിനയും ചോളവും കൂവരകുമെല്ലാം കൃഷിചെയ്തിരുന്നു. അന്ന് ഇവയ്ക്കു നമ്മുടെ ആഹാരക്രമത്തില്‍ പ്രധാന സ്ഥാനവുമുണ്ടായിരുന്നു. ഇന്നിപ്പോള്‍ ബിസ്‌കറ്റ്, പാസ്ത, ബ്രേക്ഫാസ്റ്റ് സിറിയല്‍സ്, മള്‍ട്ടി ഗ്രേയ്ന്‍ ആട്ട എന്നീ രൂപങ്ങളില്‍ ഇവ വീണ്ടും വിപണിയില്‍ സ്ഥാനം പിടിക്കുകയാണ്.
ചെറുധാന്യങ്ങള്‍ പ്രധാനമായും മഴയെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നത്. ഇവയുടെ ധാന്യങ്ങള്‍ ചെറിയതും ഉരുണ്ടതും പൊടിക്കേണ്ട ആവശ്യമില്ലാത്തതുമാണ്. ഈ ധാന്യങ്ങളുടെ തൊണ്ട് നിറമുള്ളതായിരിക്കും. ഇവയില്‍ കാലിത്തീറ്റയായി പ്രയോജനപ്പെടുത്താവുന്ന ഇനങ്ങളുമുണ്ട്.
ഏതു കാലാവസ്ഥയിലും നന്നായി വളരുന്ന ഇവയ്ക്കു വരള്‍ച്ചയെ അതിജീവിക്കാനും കഴിയും. ചെറുധാന്യങ്ങള്‍ പല തരമുണ്ട്. ഇവയുടെ പ്രാദേശിക നാമങ്ങള്‍ ചിലപ്പോഴെങ്കിലും ആശയക്കുഴപ്പമുണ്ടാക്കാറുണ്ട്.
ബാജ്‌റ (കമ്പം): പേള്‍ മില്ലറ്റ് എന്നറിയപ്പെടുന്ന ബാജ്‌റയാണ് ചെറുധാന്യങ്ങളിലെ താരം. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ഈ ധാന്യം മുത്തിന്റെ ആകൃതിയിലും ഊത നിറത്തിലും കാണപ്പെടുന്നു. ഇന്ത്യയാണ് ഉല്‍പാദനത്തിലും കൃഷിവിസ്തൃതിയിലും ലോകത്തില്‍ മുന്‍പന്തിയില്‍. ഉയര്‍ന്ന താപനിലയെ അതിജീവിക്കാന്‍ കഴിയുന്ന വിളകളുടെ കൂട്ടത്തില്‍ മുന്നിലാണിത്.
ഇരുമ്പ്, സിങ്ക് എന്നിവയാല്‍ സമ്പന്നം. മഗ്‌നീഷ്യം, കോപ്പര്‍ എന്നീ ധാതുക്കളും, ഇ,ബി കോംപ്ലക്‌സ് വിറ്റമിനുകളും ധാരാളമായുണ്ട്. അപൂരിത കൊഴുപ്പിന്റെ അംശം മറ്റു ധാന്യങ്ങളിലേക്കാള്‍ അധികമായതിനാല്‍ ഊര്‍ജദായകശേഷി കൂടും. ഈ സവിശേഷത മൂലം സൂക്ഷിപ്പുകാലം കുറവാണ്.
സോര്‍ഗം (ചോളം): ഇന്ത്യയില്‍ മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ചോളം കൃഷിയുള്ളത്. എന്നാല്‍ കേരളീയര്‍ പരക്കെ ചോളം (maize / corn) എന്നു വിളിക്കുന്ന ധാന്യവും ഇതും വ്യത്യസ്തമാണ്. കൂടിയ അളവില്‍ ഇരുമ്പും സിങ്കും ഉള്ളതിനാല്‍ ഗര്‍ഭിണികളിലും കുട്ടികളിലും കാണുന്ന അനീമിയ (വിളര്‍ച്ച) ഒഴിവാക്കാന്‍ ഇതു ഫലപ്രദം. തീറ്റപ്പുല്ലായും പോട്ടബിള്‍ ആല്‍ക്കഹോള്‍, ബീയര്‍, ജൈവ ഇന്ധനം എന്നിവയുടെ നിര്‍മാണത്തിലും ഇത് ഉപയോഗിക്കുന്നു.
റാഗി: പഞ്ഞപ്പുല്‍ എന്നും വിളിക്കുന്ന ഫിംഗര്‍ മില്ലറ്റ് 34 മാസംകൊണ്ട് വിളവെടുപ്പിനു പാകമാവുന്നു. പലേടത്തും ഇന്നും റാഗി ഭക്ഷണക്രമത്തിന്റെ ഭാഗമാണ്. കൈവിരലുകള്‍ പോലെയുള്ള പൂങ്കുലകളില്‍നിന്നാണ് ഇവയ്ക്കു ഫിംഗര്‍ മില്ലെറ്റ് എന്ന പേരു ലഭിച്ചത്. കാല്‍സ്യത്തിന്റെ മികച്ച സ്രോതസ്സാണ്. ദീര്‍ഘകാലം കേടുകൂടാതെയിരിക്കും.
തിന (Foxtail millet), ചാമ (Little millet), വരക് (Kodo millet) ഇവ മൂന്നും വളര്‍ത്തുപക്ഷികള്‍ക്കും കോഴികള്‍ക്കും തീറ്റയ്ക്കായാണ് മുഖ്യമായും ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും പുരാതന വിളയാണ് തിന. ഏതാണ്ട് 7000 വര്‍ഷങ്ങള്‍ക്കു മുമ്പേ ചൈനയില്‍ തിന കൃഷിചെയ്തിരുന്നു എന്നതിനു രേഖകളുണ്ട്. മറ്റു ധാന്യങ്ങളേക്കാള്‍ നാരിന്റെ അംശം കൂടുതലുള്ള കോഡോമില്ലറ്റ് അഥവാ വരക്, മധ്യപ്രദേശിലെ ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ മാത്രമായി ഒതുങ്ങിപ്പോയി. ഉയര്‍ന്ന ആന്റി ഓക്‌സിഡന്റ് അംശം ഉള്ള ഇവയിലെ അന്നജം ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്കു ഫലപ്രദമാണ്.
അറുപതുകളില്‍നിന്നു 2017-ലേക്കെത്തുമ്പോള്‍ ഗോതമ്പിന്റെ ആളോഹരി ഉപഭോഗം ഇരട്ടിയായെങ്കിലും, കൃഷി പകുതിയില്‍ താഴെയായി കുറഞ്ഞു. എന്നാല്‍ പോഷകമൂല്യത്തിന്റെ അളവെടുത്താല്‍ ഗോതമ്പിനെക്കാളും അരിയെക്കാളും മുന്‍പിലാണ് ചെറുധാന്യങ്ങള്‍. ഇന്ന് വിപണിയിലേക്ക് നാഗരിക ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഗുണമാണ് 'നാരുകളാല്‍ സമ്പന്നം' എന്നത്.
ഭക്ഷണത്തിലെ നാരുകള്‍ ശരീരത്തിലെ ദഹനം, വിസര്‍ജന വ്യവസ്ഥകളെ സഹായിക്കുകയും രക്തത്തിലെ കൊളസ്‌ട്രോളിന്റെയും പഞ്ചസാരയുടെയും അളവിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. നമ്മില്‍ പലരും ഇന്ന് ഇതിനായി ആശ്രയിക്കുന്ന ഓട്‌സിലുള്ളതിനു സമാനമായ തോതില്‍ നാരുകള്‍ ചെറുധാന്യങ്ങളിലുമുണ്ട്. വരക്, ചാമ, കവടപ്പുല്ല്, റാഗി എന്നിവ നാരുകളുടെ നല്ല സ്രോതസ്സുകളാണ്.
ഗോതമ്പിനോളം തന്നെ മാംസ്യം ചെറുധാന്യങ്ങളില്‍ കണ്ടുവരുന്നു. 100 ഗ്രാം അരിയില്‍ ഏതാണ്ടു മൂന്നു ഗ്രാം മാംസ്യമുള്ളപ്പോള്‍ ചെറുധാന്യങ്ങളില്‍ ഇത് 7 ഗ്രാം മുതല്‍ 13 ഗ്രാം വരെയാണ്. ധാതുക്കളുടെ അളവില്‍ ഇവ അരിയെക്കാളും ഗോതമ്പിനെക്കാളും ഒരു പടി മുന്നിലാണ്.
ധാതുക്കളില്‍ പ്രധാനമായ ഇരുമ്പ് ഏറ്റവുമധികമുള്ള ധാന്യങ്ങളാണ് കവടപ്പുല്ലും ബാജ്‌റയും. ഗോതമ്പിലുള്ളതിന്റെ അഞ്ചിരട്ടി. കാല്‍സ്യത്തിന്റെ അളവില്‍ റാഗിയെ വെല്ലാന്‍ മറ്റൊരു ധാന്യമില്ലെന്നതുകൊണ്ടാണ് ഇന്നും നമ്മള്‍ കുഞ്ഞുങ്ങള്‍ക്കു 'റാഗി കുറുക്ക്' നല്‍കുന്നത്. 100 ഗ്രാം റാഗി കഴിക്കുമ്പോള്‍ ഏതാണ്ട് 344 മി.ഗ്രാം കാല്‍സ്യമാണ് ശരീരത്തിനു ലഭിക്കുന്നത്. ഗോതമ്പ്, അരി എന്നിവയില്‍നിന്നു ലഭിക്കുന്നതിന്റെ പത്തിരട്ടിക്കും മേല്‍. അതായത്, പ്രായപൂര്‍ത്തിയായ ഒരാള്‍ക്കുള്ള കാത്സ്യത്തിന്റെ പ്രതിദിന ആവശ്യകതയുടെ മൂന്നിലൊന്ന്.
'ഗ്ലൂട്ടന്‍' എന്ന വസ്തു തീരെയില്ലാത്ത ചെറുധാന്യങ്ങള്‍, ഗ്ലൂട്ടന്‍ അലര്‍ജി അഥവാ 'സീലിയാക്' എന്ന രോഗത്താല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അനുഗ്രഹമാണ്. ചെറുധാന്യങ്ങളുടെ 'ഗ്ലൈസ്മിക് ഇന്‍ഡക്‌സ്' കുറവായതിനാല്‍ ചയാപചയം നടക്കുമ്പോള്‍ ഗ്ലൂക്കോസ് രക്തത്തില്‍ കലരുന്ന പ്രക്രിയ സാവധാനത്തിലേ നടക്കുകയുള്ളൂ. അതിനാല്‍ ടൈപ് 2 പ്രമേഹ രോഗികള്‍ക്ക് ഇതു മികച്ച ഭക്ഷണമാണ്. (വിലാസം: സയന്റിസ്റ്റ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയ!ൂട്ട് ഓഫ് മില്ലറ്റ്‌സ് റിസര്‍ച്ച്, ഹൈദരാബാദ്. ഫോണ്‍. 8985156463, ഇമെയില്‍: jinu@millet.res.in)
https://www.facebook.com/Malayalivartha