കിടപ്പുമുറിയെ പ്രണയാര്‍ദ്രമാക്കാന്‍ ചില എളുപ്പവഴികള്‍
കിടപ്പുമുറികള്‍ ഭൂമിയിലെ സ്വര്‍ഗമായിരിക്കണം എന്നാണ് പൊതുവെ പറയാറ്. അത്രയും സുന്ദരമായിരിക്കണം കിടപ്പുമുറികളുടെ ഓരോ മുക്കും മൂലയും. അന്തിയുറങ്ങാന്‍ മാത്രമുള്ള ഒരിടമല്ല കിടപ്പുമുറികള്‍. നിങ്ങളുടെ പ്രണയത്തിനും, പിണക്കത്തിനും, വാത്സല്യങ്ങള്‍ക്കും അങ്ങനെ ജീവിതത്തിലെ സുന്ദരമായ ഒരുപാട് നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന കിടപ്പുമുറികള്‍ക്ക് ജീവിതത്തോളം തന്നെ പ്രധാന്യമുണ്ട്. കിടപ്പുമുറികള്‍ എന്നും പ്രണയാര്‍ദ്രമായി നിലനിര്‍ത്താന്‍ ചില എളുപ്പവഴികളുണ്ട്.
നിങ്ങളുടെ എല്ലാ ദിവസവും പുതുമയുള്ളതാക്കാന്‍ കിടപ്പുമുറിയ്ക്ക് കഴിയും. സൗകര്യം പോലെ കിടക്കവിരികള്‍ മാറ്റി പുതിയത് വിരിയ്ക്കാം. തലയിണകളുടെ കവറുകള്‍ മാറ്റാം. ഫഌര്‍ വാസില്‍ പുതിയ പൂക്കള്‍ വയ്ക്കാം.
കിടക്കവിരികള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചുവപ്പ്, പിങ്ക്, വെള്ള തുടങ്ങിയ നിറങ്ങളിലുള്ളവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിയ്ക്കണം. ഈ നിറങ്ങള്‍ക്ക് നിങ്ങളിലെ പ്രണയത്തെ ഉണര്‍ത്താന്‍ പ്രത്യേക കഴിവുണ്ടത്രെ.
കിടപ്പുമുറികള്‍ അലങ്കരിയ്ക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കിടപ്പുമുറിയുടെ ചുവരുകള്‍ നിങ്ങളുടെ ജീവിതത്തിലെ സുന്ദരമായ, ഒരിക്കലും മറക്കാന്‍ ആഗ്രഹിക്കാത്ത മുഹൂര്‍ത്തങ്ങളുടെ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിക്കാം,
അത് ചിലപ്പോള്‍ നിങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയ നിമിഷത്തെയാകാം, വിവാഹ വേളയിലെതാകാം, പക്ഷേ ഒന്നുണ്ട് ഹണിമൂണ്‍ സമയത്തെ ചിത്രങ്ങളിലേതെങ്കിലുമൊന്ന് വയ്ക്കാന്‍ മറക്കരുത്.
കിടപ്പുമുറിയില്‍ എപ്പോഴും നിങ്ങള്‍ക്കിഷ്ടമുള്ള സുഗന്ധമുണ്ടായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. കുന്തിരിക്കത്തിന്റെ ഗന്ധം, അതുമല്ലെങ്കില്‍ ഏതെങ്കിലും പൂവുകളുടെ ഗന്ധം, അങ്ങനെ നിങ്ങള്‍ക്കിഷ്ടമുള്ള ഏതു ഗന്ധവും ആകാം.
കിടപ്പുമുറിയുടെ കര്‍ട്ടനുകള്‍ തിരഞ്ഞെടുക്കുമ്പോഴും പ്രത്യേകം ശ്രദ്ധിയ്ക്കണം. വെളിച്ചത്തെ തീരെ അകത്തേയ്ക്ക് കടത്തിവിടാത്തെ കര്‍ട്ടനുകള്‍ തിരഞ്ഞെടുക്കരുത്. പുറത്തെ കാറ്റും, നിലാവുമൊക്കെ പ്രണയത്തില്‍ പ്രധാനപ്പെട്ടതാണ്. ഇളംകാറ്റില്‍ പാറിപ്പറക്കുന്ന കര്‍ട്ടനുകള്‍ ആരാണ് ഇഷ്ടപ്പെടാത്തത്?
കിടപ്പുമുറികളുടെ ചുവരുകള്‍ക്ക് നിറം നല്‍കുമ്പോള്‍ ഇളം നിറങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. പ്ലെയിന്‍ ചുവരുകള്‍ ഇഷ്ടമില്ലെങ്കില്‍ ചുവരുകള്‍ക്ക് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഡിസൈനുകള്‍ നല്‍കാം.
മുറികളിലെ ലൈറ്റുകള്‍ക്കും ഏറെ പ്രത്യേകതയുണ്ട്. മങ്ങിയ പ്രകാശം നിങ്ങളിലെ പ്രണയത്തെ ഉണര്‍ത്തും. നിങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് മെഴുകുതിരി കത്തിച്ച് വെക്കുകയും മറ്റുമാകാം.
നിങ്ങള്‍ക്ക് പ്രിയപ്പെട്ട, നിങ്ങളുടെ മൂഡിന് ഇണങ്ങുന്ന സംഗീതം കിടപ്പുമുറിയില്‍ അലയടിക്കട്ടെ.. കഴിയുന്നതും മെലഡികള്‍ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. മഴയുടെ, കടലിന്റെ ഇരമ്പലിന്റെ ശബ്ദം ഇതൊക്കെ നിങ്ങളിലെ പ്രണയത്തെ ഉണര്‍ത്തുമെങ്കില്‍ മുറികളില്‍ ഈ ശബ്ദമൊക്കെ ക്രമീകരിക്കാവുന്നതാണ്.
ഒരു ഹോട്ടലിന്റെ മുറിപോലെ എപ്പോഴും നിങ്ങളുടെ കിടപ്പുമുറി അടുക്കും ചിട്ടയും നിറഞ്ഞതായിരിക്കണം. മുഷിഞ്ഞ തുണികള്‍ വാരിവലിച്ചിടരുത് കിടപ്പുമുറിയില്‍ അനാവശ്യമായ ഒരു വസ്തുപോലും ഉണ്ടാകരുത്. പുസ്തകങ്ങള്‍, ഓഫീസുമായി ബന്ധപ്പെട്ട ഫയലുകള്‍, ടെലിവിഷന്‍ അങ്ങനെ നിങ്ങളുടെ ശ്രദ്ധയെ പ്രണയത്തില്‍ നിന്നും തിരിയ്ക്കുന്ന എന്തും കിടപ്പുമുറിയില്‍ നിന്നും പുറത്താക്കുക.
https://www.facebook.com/Malayalivartha