ഫ്രിഡ്ജിനുള്ളിലെ സ്ഥലം എങ്ങനെ ബുദ്ധിപൂര്‍വ്വം ഉപയോഗപ്പെടുത്താം
ചൂടു കൂടിയതോടെ അടുക്കളയില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഉപകരണമായി ഫ്രിഡ്ജ് മാറിക്കഴിഞ്ഞു.
''എന്റെ ദൈവമേ... ഈ പച്ചമീന്‍ ഞാനിനി എവിടെ സൂക്ഷിക്കും. വെട്ടിക്കഴുകി എടുക്കാനാണെങ്കില്‍ സമയവുമില്ല. ഫ്രിഡ്ജിലാണെങ്കില്‍ മൊട്ടുസൂചി വയ്ക്കാന്‍ പോലും സ്ഥലവുമില്ല. ഇനി ഞാന്‍ എന്തു ചെയ്യും...?'' ഓഫീസില്‍ പോകാനുള്ള തിരക്കിനിടയില്‍ ഇങ്ങനെ പരാതിപറയുന്ന എത്ര വീട്ടമ്മമാരെ നിങ്ങള്‍ക്കറിയാം.
വേനല്‍ക്കാലമായതോടെ അവരുടെയൊക്കെ പരാതിപ്പെട്ടികളിലെ മുഖ്യ സ്ഥാനം ഫ്രിഡ്ജിലെ സ്ഥലപരിമിതിയാണ്. എന്നാല്‍ ഫ്രിഡ്ജ് ശരിയായ രീതിയില്‍ ക്രമീകരിച്ചു കൊണ്ട് സ്ഥല സൗകര്യം കൂട്ടാം.
ഫ്രിഡ്ജിനുള്ളില്‍ സ്ഥലം കിട്ടണമെങ്കില്‍ ആദ്യം വേണ്ടത് അതിനുള്ളിലെ വൃത്തിയാണ്. എത്രയൊക്കെ സ്ഥലം കിട്ടിയാലും ദുര്‍ഗന്ധവും വൃത്തിയില്ലായ്മയും ആഹാരസാധനങ്ങള്‍ക്ക് കേടാണ്. ആവശ്യമുള്ളവ, കാലാവധി കഴിയാത്ത ആഹാരസാധനങ്ങള്‍ മാത്രം ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
ഫ്രിഡ്ജിനുള്ളില്‍ മൂന്നിലധികം ഗ്ലാസ് തട്ടുകളുണ്ടാകും. ഓരോന്നിലും ആവശ്യാനുസരണം സാധനങ്ങള്‍ വയ്ക്കുകയും ചെയ്യാം. എന്നാല്‍ സുതാര്യമായ ഈ തട്ടുകള്‍ വലിയൊരു ഗര്‍ത്തം പോലെ തോന്നിക്കും. അതുകൊണ്ട് പ്ലാസിക് മാറ്റുകള്‍ ഗ്ലാസ് തട്ടുകളുടെ വലിപ്പമനുസരിച്ച് ഭംഗിയായി വെട്ടിയെടുത്ത് തട്ടുകള്‍ക്ക് മുകളില്‍ വിരിച്ചിടുക. അതിനു മുകളില്‍ സാധനങ്ങള്‍ അടുക്കിവയ്ക്കാം. കറികളോ, പാനീയങ്ങളോ മറിഞ്ഞു പോയാലും ഫ്രിഡ്ജിനകം വൃത്തികേടാകാതിരിക്കാന്‍ ഈ മാറ്റുകള്‍ സഹായിക്കും. കഴുകി വൃത്തിയാക്കുകയോ, പറ്റില്ലെങ്കില്‍ അതുമാറ്റി മറ്റൊന്ന് ഉപയോഗിക്കുകയോ ചെയ്യാനാവും.
ഹാന്‍ഡിലുള്ള സ്ലൈഡിംഗ് ബിന്നുകള്‍ വിപണിയില്‍ സുലഭമാണ്. അവ ഓരോ തട്ടുകളില്‍ വച്ച് ഉപയോഗിക്കാം. പഴവര്‍ഗ്ഗങ്ങളും, പച്ചക്കറികളും, പാക്കറ്റ് ഫുഡുകളുമൊക്കെ ഓരോന്നില്‍ വച്ച ശേഷം ബിന്നിനു പുറത്തായി ലേബല്‍ ഒട്ടിക്കുകയും ചെയ്യാം. തിരക്കിനിടയില്‍ സാധനങ്ങള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന പ്രശ്‌നവും ഇതുകൊണ്ട് പരിഹരിക്കപ്പെടും.
ഫ്രിഡ്ജിനുള്ളില്‍ വച്ചതല്ലേ ഇനിയെന്തിനു കാലാവധി നോക്കണമെന്ന് ചിന്താഗതി മാറ്റിക്കളയണം. എന്നാണോ കാലാവധി കഴിയുന്നത് അതിനു മുമ്പായി ഈ സാധനങ്ങള്‍ ഉപയോഗിച്ചു തീര്‍ക്കുക. അതിനു ശേഷം എടുത്തുകളയുന്നത് ഫ്രിഡ്ജിനുള്ളിലെ സ്ഥലം കൂട്ടുക മാത്രമല്ല ആരോഗ്യവും സംരക്ഷിക്കും. പച്ചക്കറിത്തട്ട് രണ്ട് വിഭാഗങ്ങളാക്കി ഒന്നില്‍ പെട്ടെന്ന് ചീത്തയാവുന്നവയും മറ്റേതില്‍ എപ്പോഴും ഉപയോഗിക്കേണ്ട ആവശ്യം വരാത്തതും ചീത്തയാവാത്തവയും സൂക്ഷിക്കുക.
പാക്കറ്റ് ജ്യൂസ്, വിനാഗിരി എന്നിവയൊക്കെ വയ്ക്കാന്‍ ഡോറില്‍ സ്ഥലം തികയുന്നില്ലെങ്കില്‍ അകത്തുള്ള തട്ടില്‍ വയ്ക്കാം. മൂടി നന്നായി മുറുക്കിയ ശേഷം ഇത് തട്ടിനുള്ളില്‍ ചരിച്ചു വയ്ക്കുക. അതിനു മുകളില്‍ ഒരു ബോണസ് ഷെല്‍ഫ് വച്ചാല്‍ ബാക്കിയുള്ള സാധനങ്ങള്‍ അവിടെ വയ്ക്കാം. സ്ഥലം പോകുമെന്ന പേടിയും മാറിക്കിട്ടും.
അഴികളുള്ള തട്ടുകളാണ് ഫ്രിഡ്ജിനുള്ളിലുള്ളതെങ്കില്‍ അവയില്‍ ഹാംഗിങ് ക്ലിപ്പുകള്‍ വയ്ക്കാം. പാക്കറ്റ് ഫുഡിന്റെ മൂടി അടച്ച ശേഷം ചെറിയ ക്ലിപ്പുകളിട്ട് തട്ടില്‍ തൂക്കിയിടാം. തട്ടിനു മുകളില്‍ ആവശ്യമുള്ള സാധനങ്ങളും വയ്ക്കാം.
നിലവിലുള്ള തട്ടുകളില്‍ ഓരോ ആഹാരസാധനങ്ങളും പ്രത്യേകമായി വയ്ക്കാനുള്ള സ്‌പേസ് ഫ്രിഡ്ജിനുള്ളിലുണ്ടാകും. മുട്ട വയ്ക്കാനും ബോട്ടില്‍ വയ്ക്കാനുമൊക്കെ പ്രത്യേകം ട്രേയുണ്ട്. എന്നാല്‍ മുട്ട വയ്ക്കുന്ന തട്ടില്‍ സ്ഥലം അധികമുണ്ടെങ്കില്‍ സോസ്, സൂപ്പ്, പോപ്‌കോണ്‍ പായ്കറ്റ് പോലെയുള്ള ചെറിയ സാധനങ്ങള്‍ കൂടി ഇവിടെ സൂക്ഷിക്കാം. അതുപോലെ മാംസം സൂക്ഷിക്കുന്ന തട്ടില്‍ ശീതീകരിക്കേണ്ട മറ്റ് വസ്തുക്കളും വയ്ക്കാം. ഫ്രീസറിന്റെ ഡോറിലെ സമാന്തരമായ സ്ഥലത്ത് ഉണങ്ങിയതും പൊടി രൂപത്തിലുള്ളതുമായ സുഗന്ധവ്യജ്ഞനങ്ങള്‍ സൂക്ഷിക്കാം.
ഫിഡ്ജില്‍ വച്ചിരിക്കുന്ന ഭക്ഷണം ചീത്തയായോ എന്നറിയാന്‍ രുചിച്ചോ മണത്തോ നോക്കുന്നതിനേക്കാള്‍ നല്ലത് അവ ഉണ്ടാക്കിയത് എന്നാണെന്ന് നോക്കുന്നതാണ്. ഭക്ഷണസാധനങ്ങള്‍ അടയാളമിട്ട് വയ്ക്കുന്നത് നല്ലതാണ്. പച്ചക്കറികള്‍ അരിഞ്ഞതും മറ്റും ഇട്ടു വയ്ക്കാന്‍ ഒരേ തരം പാത്രമാണെങ്കില്‍ പേരെഴുതി വയ്ക്കുക. അല്ലെങ്കില്‍ എല്ലാ പാത്രങ്ങളും തുറന്നു നോക്കേണ്ടി വരും. പാകം ചെയ്ത തീയതി കൂടി എഴുതുന്നത് ഇവ ചീത്തയായോ എന്നറിയാന്‍ സഹായിക്കും.
ഓരോ അറകളും വിവിധ ഉയരത്തിലുള്ളതാണെങ്കില്‍ പാത്രങ്ങള്‍ എല്ലാം കാണാന്‍ കഴിയുന്ന തരത്തില്‍ വലുത്, ഇടത്തരം, ചെറുത് എന്നിങ്ങനെ ഇവയെ തരം തിരിക്കുക. താരതമ്യേന വലുതും അപൂര്‍വമായി ഉപയോഗിക്കുന്നതുമായ പാത്രങ്ങള്‍ പുറകില്‍ വയ്ക്കുക. ഉരുണ്ടതും ദീര്‍ഘചതുരാകൃതിയിലും ഉള്ള പാത്രങ്ങള്‍ ഡോറിലെ അറകളില്‍ വയ്ക്കുക.
പച്ചക്കറി ട്രേയിലാണ് ഏറ്റവുമധികം സ്ഥലം വേണ്ടത്. പ്ലാസ്റ്റിക്ക് ഡ്രോയര്‍ ഡിവൈഡര്‍ വിപണയില്‍ സുലഭമാണ്. അതു വാങ്ങി പച്ചക്കറി ബിന്നിന്നുള്ളില്‍ വയ്ക്കുക. ഓരോ പച്ചക്കറികള്‍ക്കും പ്രത്യേകം അറകളുണ്ടാക്കുക. എല്ലാം ഒരുമിച്ച് കിടന്ന് അഴുകി പോകുകയുമില്ല, കണ്ടെത്താനും എളുപ്പമാകും. മാത്രവുമല്ല സ്ഥലവും കൂടുതല്‍ കിട്ടും.
https://www.facebook.com/Malayalivartha