വീടു നിര്‍മാണം എങ്ങനെയൊക്കെ നടത്താം
നിര്‍മാണം ഒന്നിച്ച് ഒരു കരാറുകാരനെ ഏല്‍പിക്കുക. ഇവിടെ നിര്‍മാണസാമഗ്രികള്‍ വാങ്ങുന്നതും പണിയെടുപ്പിക്കുന്നതുമെല്ലാം കരാറുകാരനായതിനാല്‍ ഏറെ ശ്രദ്ധിക്കണം. ചെലവ് കൂടും. ചതുരശ്ര അടി നിരക്കോ മൊത്തം തുകയോ നിശ്ചയിച്ചാണ് കരാര്‍ ഉണ്ടാക്കുക. ടേണ്‍ കീ സമ്പ്രദായമെന്നാണ് ഇത് അറിയപ്പെടുന്നത്. പണി പൂര്‍ത്തിയാക്കി താക്കോല്‍ ഏല്‍പിക്കും.
ഇതില്‍ പ്രധാനം, വിശ്വസിക്കാവുന്ന, നല്ല ട്രാക്ക് റെക്കോഡുള്ള കരാറുകാരനെ കണ്ടെത്തലാണ് . ഇയാള്‍ പണി തീര്‍ത്ത ഒന്നു രണ്ടു വീടുകള്‍ നേരിട്ട് കണ്ട് വീട്ടുകാരോട് കരാറുകാരനെ കുറിച്ചും പണിയെകുറിച്ചും മനസ്സിലാക്കുക. മതിയായ വിദഗ്ദ്ധ പണിക്കാരും നിര്‍മാണ സാമഗ്രികളും ഉള്ള ആളാണോ എന്നറിയുക. ഗുണനിലവാരമുള്ള സാമഗ്രികള്‍ ഉറപ്പു വരുത്താനായി ഓരോ വസ്തുവിന്റെയും ബ്രാന്‍ഡും സൈസുമെല്ലാം നേരത്തേതന്നെ നിശ്ചയിച്ച് കരാറുണ്ടാക്കണം. പണി പൂര്‍ത്തിയാക്കാനുള്ള കാലാവധിയും കൃത്യമായി നിശ്ചയിക്കണം. തിരക്കേറെയുള്ളവര്‍ക്കും സ്ഥലത്തില്ലാത്തവര്‍ക്കും ഈ രീതിയാണ് നല്ലത്. പണം നിര്‍മാണ പുരോഗതി പരിശോധിച്ച് ഘട്ടം ഘട്ടമായേ നല്‍കാവൂ. മേല്‍നോട്ടം വഹിക്കാന്‍ എന്‍ജിനീയറെയോ സൂപ്പര്‍വൈസറേയോ ഏല്‍പ്പിക്കുന്നത് നന്നായിരിക്കും. സാധാരണയായി പ്ലാന്‍വരച്ച സ്ഥാപനം തന്നെയാകും സൂപ്പര്‍വൈസിങും ചെയ്യുക.
2. നിര്‍മാണ വസ്തുക്കള്‍ ഉടമ നല്‍കി ജോലി മാത്രം കരാര്‍ നല്‍കുന്നതാണ് ഈ രീതി. ഓരോ ജോലിയും വ്യത്യസ്ത കരാറുകാരനെ ഏല്‍പിക്കാം. തറ കെട്ടല്‍, കോണ്‍ക്രീറ്റ്, ഭിത്തിനിര്‍മാണവും തേപ്പും, വയറിങ്, പ്ലംബിങ്, പെയിന്റിങ് എന്നിങ്ങനെ വേറെ വേറെ ആളുകള്‍ക്ക് കരാര്‍ നല്‍കാം. നിര്‍മാണ സാമഗ്രികള്‍ നമ്മള്‍ എത്തിച്ചു കൊടുക്കണം. ആദ്യത്തെ രീതിയുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്തം ചെലവില്‍ 15 ശതമാനത്തോളം ലാഭമുണ്ടാകും. എന്നാല്‍, നിര്‍മാണ സാമഗ്രികള്‍ തെരഞ്ഞെടുക്കുന്നതും സമയത്ത് എത്തിച്ചു കൊടുക്കുന്നതും വലിയ ഉത്തരവാദിത്തമാണ്.
ഓരോ മേഖലയിലെയും വിദഗ്ദ്ധ സംഘങ്ങളെ നിര്‍മാണത്തില്‍ പങ്കാളികളാക്കാമെന്ന ഗുണം ഈ രീതിക്കുണ്ട്. ഇതിന് ഓരോ ജോലിക്കും വ്യത്യസ്ത നിരക്കുകളാണ്.അതു കൊണ്ട് പണത്തിന്റെ ലഭ്യതക്കനുസരിച്ച് പണി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും. ഈ രീതിയിലും സൂപ്പര്‍ വൈസിംഗിന് ആളെ ഏല്‍പിക്കാം.
രണ്ടുഘട്ടമായി പ്രവൃത്തി ഏല്‍പിക്കുന്നതാണ് നല്ലത്. തറ മുതല്‍ പ്രധാന വാര്‍പ്പ് വരെയുള്ള സ്ട്രക്ചര്‍ പണി ഒരു ഘട്ടവും തേപ്പ് മുതല്‍ ഫിനിഷിംഗ് വരെ ഒരു ഘട്ടവും.
പ്ലംബിങ് സാനിറ്ററി, ഇലക്ട്രിക്കല്‍, മരപ്പണി, ഫ്‌ളോറിങ്, പെയിന്റിങ് എന്നിവക്കു വേണ്ട സാധനങ്ങള്‍ ഉടമ തന്നെ വാങ്ങിക്കൊടുത്ത് പ്രവൃത്തി മാത്രം കരാര്‍ നല്‍കുന്നതാണ് നല്ലത്. കാരണം, ഈ പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്ന സാധനങ്ങള്‍ വിപണിയില്‍ യഥേഷ്ടം ലഭ്യമാണ്. വിവിധ തരത്തിലും വിലയിലുമുള്ള സാധനങ്ങള്‍ യഥേഷ്ടം ലഭ്യമായതിനാല്‍ ഓരോരുത്തര്‍ക്കും അവനവന്റെ സാമ്പത്തിക സ്ഥിതിക്കും താല്‍പര്യത്തിനുമനുസരിച്ച് തെരഞ്ഞെടുക്കാം. എന്നാല്‍, ടേണ്‍കീ കരാറാണെങ്കില്‍ ഇതിന് സാധ്യതയില്ല. അവിടെ പലപ്പോഴും കരാറുകാരന്റെ താല്‍പര്യത്തിനനുസരിച്ച് കാര്യങ്ങള്‍ നീങ്ങുകയും പിന്നീട് ഉടമയുമായി അഭിപ്രായവ്യത്യാസത്തിനും തര്‍ക്കത്തിനും കാരണമാവുകയും ചെയ്യും.
3. പൂര്‍ണ്ണമായും നേരിട്ട് നിര്‍മാണം നടത്തുകയാണ് അടുത്തരീതി.സാധനങ്ങള്‍ വാങ്ങുന്നതും ജോലിക്കാരെ വെക്കുന്നതുമെല്ലാം സ്വന്തമായതിനാല്‍ ഈ രംഗത്ത് നല്ല അറിവുണ്ടായിരിക്കണം. പണി മുടങ്ങാതെ പൂര്‍ത്തിയാക്കാന്‍ നല്ല പോലെ അധ്വാനിക്കുകയും വേണം. ശരിയായ രീതിയില്‍ ചെയ്താല്‍ ചെലവില്‍ കാര്യമായ ലാഭമുണ്ട്.
മേല്‍നോട്ടം
ഒരു പ്രവൃത്തി തുടങ്ങി അവസാനിക്കുന്നതുവരെ ഓരോ കാര്യവും ശ്രദ്ധിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി ജോലി ചെയ്യിക്കുകയാണ് സൂപ്പര്‍വൈസറുടെ ജോലി. നിര്‍മാണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും പ്ലാന്‍ അനുസരിച്ച് ജോലി പൂര്‍ത്തിയാക്കുന്നതിനും മേല്‍നോട്ടക്കാരനെ നിയമിക്കുക വഴി സാധിക്കും. അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനും സാധിക്കും. സാധാരണ പ്ലാന്‍ വരച്ച ആര്‍കിടെക്റ്റിനെയോ എന്‍ജിനീയറെയോ സ്ഥാപനത്തിനെയോ സൂപ്പര്‍വൈസിംഗ് ജോലി ഏല്‍പിക്കുകയാണ് നല്ലത്. വിശ്വസ്തനായ ആളുണ്ടെങ്കില്‍ സ്വന്തമായി വെക്കുകയും ചെയ്യാം. മൊത്തം ചെലവിന്റെ അഞ്ചുമുതല്‍ ഏഴു ശതമാനം വരെയാണ് സൂപ്പര്‍വൈസിംഗ് ചാര്‍ജായി ഈടാക്കി വരുന്നത്. ഇടക്കിടെ വന്നുനോക്കുന്ന രീതിയും പൂര്‍ണമായി മേല്‍നോട്ടം വഹിക്കുന്ന രീതിയും നിലവിലുണ്ട്.
https://www.facebook.com/Malayalivartha