മഴയത്ത് വീടിനെ എങ്ങനെ കാക്കാം
മഴക്കാലം ഇങ്ങെത്തി. മഴക്കാലത്ത് പനിവരാതെ കുട്ടികളെ സംരക്ഷിക്കുന്നതുപോലെ വീടിനും, വീട്ടിലുള്ള ഉപകരണങ്ങള്‍ക്കും ശ്രദ്ധയും പരിചരണവും കൂടിയേ തീരു. വാട്ടര്‍പ്രൂഫ് പെയിന്റുകള്‍ വീടിന് നല്കിയാല്‍ മഴയത്തും വെയിലത്തും നിങ്ങളുടെ വീട് ഒരുപോലെ സുന്ദരിയായിരിക്കും. പക്ഷേ വാട്ടര്‍ പ്രൂഫ് പെയിന്റിംഗ് മഴക്കാലം വരുന്നതിനു മുന്നേ ചെയ്തു തുടങ്ങണം. വീടിന്റെയും പരിസരങ്ങളിലെയും വിള്ളലുകളും മറ്റും അടയ്ക്കണം. വീടിന്റെ തറഭാഗത്ത് വെള്ളം കെട്ടിക്കിടക്കാനും അനുവദിക്കരുത്.
മഴക്കാലത്ത് തുണി ഉണക്കലാണ് ഏറ്റവും കൂടുതല്‍ വെല്ലുവിളി സൃഷ്ടിക്കുന്ന ഒന്ന്. തുണികള്‍ വെയിലത്ത് ഇടാതെ ഉണക്കേണ്ടിവരുമ്പോള്‍ തുണികള്‍ക്കും, ഒപ്പം തുണികള്‍ സൂക്ഷിച്ചുവയ്ക്കുന്ന അലമാരകളിലും ദുര്‍ഗന്ധമുണ്ടാകുന്നു. ഈ ദുര്‍ഗന്ധമകറ്റാന്‍ അലമാരയില്‍ കര്‍പ്പൂരം വയ്ക്കുക. തുണികളിലെ ദുര്‍ഗന്ധവും ഇതിലൂടെ അകറ്റാം. തണലത്ത് ഇട്ടായാലും തുണികള്‍ കഴിയുന്നത്ര ഉണക്കിയെടുക്കുക. ഒരു കാരണവശാലും പൂര്‍ണമായും ഉണങ്ങാത്ത തുണികള്‍ അലമാരയില്‍ വയ്ക്കരുത്. കഴിയുന്നതും മഴക്കാലത്ത് സിന്തറ്റിക്ക് വസ്ത്രങ്ങള്‍ തന്നെ ഉപയോഗിക്കുക. ഇത് വേഗത്തില്‍ ഉണങ്ങിക്കിട്ടും.
മഴക്കാലത്ത് സംരക്ഷണം വേണ്ട ഒന്നാണ് ഫര്‍ണിച്ചറുകള്‍. ഈര്‍പ്പവും പൂപ്പലും ഫര്‍ണിച്ചറുകള്‍ നേരിടുന്ന മഴക്കാല രോഗങ്ങളാണ്. ഫര്‍ണിച്ചറുകളിലെ പൂപ്പലുകള്‍ വീട്ടിലുള്ളവരുടെ മൊത്തം ആരോഗ്യത്തെ ബാധിക്കാന്‍ കാരണമാകും. ചില തരം പ്രാണികള്‍ ഫര്‍ ്ണിച്ചറുകളെ ആക്രമിക്കാനും ഇടയുണ്ട്. കര്‍പ്പൂരം, വേപ്പ് ഇവയുടെ സാന്നിധ്യം പ്രാണികളെ അകറ്റും. അതേപോലെ ഫര്‍ണിച്ചറുകള്‍ പ്ലാസ്റ്റിക്ക് കവറുകള്‍ കൊണ്ട് പൊതിഞ്ഞ് ഈര്‍പ്പം തട്ടാതെ സൂക്ഷിക്കുക. മണ്ണെണ്ണ, ഗ്ലിസറിന്‍ എന്നിവ ഉപയോഗിക്കുന്നതും മഴക്കാലത്ത് ഫര്‍ ്ണിച്ചറുകളെ സംരക്ഷിക്കും.
മഴക്കാലത്ത് വീട്ടില്‍ കാര്‍പ്പെറ്റുകള്‍ ഉപയോഗിക്കാതിരിക്കുന്നതാകും അഭികാമ്യം. കാര്‍പ്പെറ്റുകള്‍ നന്നായി പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ് സൂക്ഷിക്കാം. ചവിട്ടി ഉപയോഗിക്കുന്നുണ്ടെങ്കില്‍ മഴക്കാലത്ത് കഴിയുന്നതും പ്ലാസ്റ്റിക്ക് ചവിട്ടി ഉപയോഗിക്കുക. വേഗത്തില്‍ കഴുകാനും വേഗത്തില്‍ ഉണങ്ങാനും പ്ലാസ്റ്റിക്ക് ചവിട്ടികളാണ് അഭികാമ്യം.
മെറ്റല്‍ ഉല്‍പന്നങ്ങളെന്തെങ്കിലും വീട്ടിലുണ്ടെങ്കില്‍ അവയെ വെള്ളം നനയാതെ സൂക്ഷിക്കുക. ഈര്‍പ്പമുണ്ടെങ്കില്‍ ഇത്തരം മെറ്റല്‍ ഉല്‍പന്നങ്ങളില്‍ തുരുമ്പ് പിടിക്കാന്‍ ഇടയാകും.
മഴക്കാലത്ത് ദുര്‍ഗന്ധം വമിക്കുന്ന ഭാഗമാണ് വീട്ടിലെ ഷൂ റാക്ക്. നനഞ്ഞ പാദരക്ഷകള്‍ പ്രത്യേകിച്ച് ഷൂകള്‍ ദുര്‍ഗന്ധത്തിന് കാരണമാകും. ഇവ ധരിച്ചാല്‍ അണുബാധ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. വോള്‍ട്ടേജ് കുറഞ്ഞ ഒരു ബള്‍ബ് ഷൂ റാക്കില്‍ വയ്ക്കുക. ഇതിന്റെ ചൂട് കൊണ്ട് ജലാംശത്തെ ഇല്ലാതാക്കാം.
മഴക്കാലത്ത് ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധവേണം. ഇവയുടെ പ്ലഗുകള്‍ കഴിയുന്നതും സ്വിച്ച് ബോര്‍ഡില്‍ നിന്നും ഊരി ഇടുക. ഇടിമിന്നലുണ്ടാകുമ്പോള്‍ ഉപകരണങ്ങളുടെയും നിങ്ങളുടെയും സുരക്ഷയ്ക്ക് ഇത് സഹായിക്കും. നനഞ്ഞ കൈ ഉപയോഗിച്ച് ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കരുത്. ഈര്‍പ്പമുണ്ടാകുന്ന സാഹചര്യങ്ങളില്‍ നിന്നും ഇലക്രോണിക് ഉപകരണങ്ങള്‍ മാറ്റിവയ്ക്കണം.
https://www.facebook.com/Malayalivartha