നിശബ്ദ താഴ്‌വരയിലെ മഴക്കാടിന്റെ സൗന്ദര്യം ആസ്വദിച്ചും അറിഞ്ഞും, താമസിക്കാം
ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് ഏജന്‍സി നിശബ്ദ താഴ്‌വരയിലെ മഴക്കാടിന്റെ സൗന്ദര്യം ആസ്വദിക്കാനും അറിയാനും വേണ്ടി രണ്ടു പുതിയ പാക്കേജുകള്‍ കൂടി നടപ്പിലാക്കി. മഴക്കാടുകളില്‍ നിന്നു ഒഴുകിയെത്തുന്ന 'ഭവാനിപ്പുഴയിലൂടെ' സഞ്ചരിക്കാവുന്ന റിവര്‍ ഹട്ട് പാക്കേജും കാടിന്റെ വന്യതയും സൗന്ദര്യവും ട്രക്കിങ്ങിലൂടെ അനുഭവിക്കാനുള്ള 'കീരിപ്പാറ' പാക്കേജുമാണ് സൈലന്റ് വാലിയില്‍ ഒരുക്കിയത്.
സൈരന്ധ്രി ഡെ സവാരി, ബൊമ്മിയംപടി എന്നീ പാക്കേജുകള്‍ക്കു പുറമെയാണിത്. പ്രകൃതിയോടു തോളുരുമ്മിയും പുഴയോര്‍മ്മകളില്‍ മനം നിറയ്ക്കാനും പറ്റുന്ന റിവര്‍ഹട്ട് പാക്കേജില്‍ കാടിനെയറിഞ്ഞ് ഒരു ദിവസം താമസിക്കാം.
ഭവാനി പുഴയോരത്തു കൂടിയുള്ള ട്രക്കിങ്, സൈരന്ധ്രിയിലേക്കുള്ള ജീപ്പ് യാത്രയും ഒരുക്കിയിട്ടുണ്ട്. തലയ്ക്കുമീതെ ചാഞ്ഞുകിടക്കുന്ന മരച്ചില്ലകളും, അപൂര്‍വമായ സിംഹവാലന്‍ കുരങ്ങ് ഉള്‍പ്പെടെയുളള മൃഗങ്ങളെയും കാണാം. രണ്ടു സന്ദര്‍ശകര്‍ക്കു 6000 രൂപയാണു ഫീസ്. ഉച്ചയ്ക്കു മൂന്നിനു പുറപ്പെട്ടു രണ്ടാം ദിവസം ഉച്ചയ്ക്കു മൂന്നിനു തിരികെയെത്തുന്ന വിധത്തിലാണു യാത്രാക്രമം.
യാത്രാസൗകര്യം കുറഞ്ഞ കീരിപ്പാറയിലേക്കു കൊടും കാടിലൂടെയുള്ള ട്രക്കിങ്ങാണു രണ്ടാമത്തെ പാക്കേജ്. നാലു കിലോമീറ്റര്‍ കാല്‍നടയാത്രയും ട്രക്കിങ്ങും തുടര്‍ന്നു ക്യാംപ്‌ഷെഡില്‍ ഒരു രാത്രി താമസം, വീണ്ടും ട്രക്കിങ്ങും തിരികെ താഴ്‌വരയിലെക്കുള്ള യാത്രയും ഉണ്ടാകും. രണ്ടുപേര്‍ക്ക് 5000 രൂപയാണ് ഫീസ്. ഉച്ചയ്ക്കു തുടങ്ങി പിറ്റേ ദിവസം ഉച്ചയ്ക്കു തിരിച്ചെത്തുന്ന വിധത്തിലുള്ള ഈ പാക്കേജില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തും.
സൈരന്ധ്രി ഡേ സവാരിയില്‍ ജീപ്പില്‍ അഞ്ചു പേര്‍ക്ക് 2000 രൂപയും 15 സീറ്റുള്ള ബസില്‍ 6000 രൂപയും 25 പേര്‍ക്ക് 10,000 രൂപയുള്ള യാത്രാസൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒരാള്‍ക്കു 400 രൂപയാണ് ഫീസ്. കാടിനെയും പക്ഷികളെയും മൃഗങ്ങളെയും കണ്ട് 23 കിലോമീറ്റര്‍ യാത്രയാണ് ഇതിന്റെ പ്രത്യേകത. പ്രകൃതിയുമായി തൊട്ടുരുമ്മുന്ന ബൊമ്മിയംപടി പാക്കേജുമുണ്ട്.
രണ്ടു പേര്‍ക്കു 6000 രൂപയാണു ഫീസ്. ഉച്ചയ്ക്ക് 12-ന് സവാരി ആരംഭിക്കും. പ്ലാസ്റ്റിക്, ലഹരി വസ്തുക്കള്‍ എന്നിവ അനുവദിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്കു മുക്കാലിയിലെ സൈലന്റ്‌വാലി ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 8589895652, 9645586629.
https://www.facebook.com/Malayalivartha