കരുമാടിയിലും മാവേലിക്കരയിലും `ബുദ്ധന്മാര്‍ക്കു' പുനര്‍ജന്മം
സഹസ്രാബ്‌ദത്തോളം പഴക്കമുള്ള രണ്ടു ബുദ്ധവിഗ്രഹങ്ങള്‍ നവീകരിച്ചു സംരക്ഷിക്കാന്‍ സംസ്ഥാന പുരാവസ്‌തുവകുപ്പ് ഒരുങ്ങുന്നു. ഒന്‍പത്, പത്തു നൂറ്റാണ്ടുകളില്‍ നിര്‍മിക്കപ്പെട്ടവയെന്നു കണക്കാക്കിയിട്ടുള്ള വിഗ്രഹങ്ങളിലൊന്ന് ആലപ്പുഴയില്‍ നിന്നും ഏകദേശം 20 കിലോമീറ്റര്‍ ദൂരത്തുള്ള കരുമാടിയിലും മറ്റൊന്നു മാവേലിക്കരയിലുമാണ്. തികച്ചും അവഗണിക്കപ്പെട്ടു കിടന്നിരുന്ന ഇവയുടെ ദുരവസ്ഥ കരുമാടിയില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സംഘടനയായ `കരുമാടിക്കുട്ടന്മാ'രാണു സാംസ്‌കാരിക വകുപ്പിന്റെ ശ്രദ്ധയില്‍പെടുത്തിയത്. തുടര്‍ന്നു വിഷയം സാംസ്‌കാരികവകുപ്പു മന്ത്രി കെ.സി.ജോസഫിന്റെ ശ്രദ്ധയില്‍പെടുകയും ഇവയെ സംരക്ഷിക്കാനുള്ള നടപടികള്‍ എത്രയും വേഗം ആരംഭിക്കുമെന്ന് ഉറപ്പു നല്‌കുകയും ചെയ്‌തു.
മാവേലിക്കരയിലെ ബുദ്ധന്‍ കവലയ്‌ക്കു സമീപം ഒരു ക്ഷേത്രപരിസരത്തു സ്ഥിതിചെയ്യുന്ന മൂന്നടി ഉയരമുള്ള പ്രതിമയ്‌ക്കുവേണ്ട സംരക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി അവിടെ ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍, ഉദ്യാനം, ജലധാരകള്‍ കുട്ടികളുടെ പാര്‍ക്ക് എന്നിവയ്‌ക്കു രൂപം കൊടുക്കാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. ഇവയ്‌ക്കെല്ലാമായി ഒരു നിയന്ത്രണസംവിധാനവും ഉണ്ടായിരിക്കും. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള നടപടികളും ഉണ്ടാകുമെന്നു പറയുന്നു.
കരുമാടിയിലുള്ള ബുദ്ധവിഗ്രഹത്തിന് 1200 ഓളം വര്‍ഷം പഴക്കമുണ്ടാകുമെന്നു കരുതുന്നു. മൂന്നടിയോളം ഉയരമുള്ള ഇതിന്റെ ഇടതുകൈ നഷ്‌ടപ്പെട്ടുപോയിരിക്കുന്നു. കൃഷ്‌ണശിലയിലാണു വിഗ്രഹം തീര്‍ത്തിരിക്കുന്നത്.
ചരിത്രപ്രാധാന്യമുള്ള ഇവയെ സംരക്ഷിക്കാന്‍ ഗവണ്മെണ്ട് നടപടികള്‍ സ്വീകരിച്ചതില്‍ `കരുമാടിക്കുട്ടന്മാര്‍' സന്തുഷ്‌ടി പ്രകടിപ്പിച്ചു. പുനരുദ്ധാരണത്തിനു തങ്ങളുടെ എല്ലാവിധ സഹായങ്ങളും സംഘടന വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.
https://www.facebook.com/Malayalivartha