ഒരുക്കാം മൊഞ്ചുള്ള മണിയറ
പ്രിയപ്പെട്ടവരെ പിരിഞ്ഞ് ഭര്‍ത്താവിനൊപ്പം പുതു ജീവി തത്തിലേക്ക് കാലെടുത്ത വയ്ക്കുന്ന പുതുപെണ്ണിന് ഭര്‍തൃഗൃഹത്തെക്കുറിച്ചും ഉണ്ടാകും സങ്കല്‍പം. പ്രിയതമയ്ക്കായി മുറി ഒരുക്കുമ്പോള്‍ അവളില്‍ വിസ്മയം വിരിയാന്‍, സ്‌നേഹത്തിന്റെ പുഞ്ചിരി വിരിയാന്‍ കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കാം.
ഭാര്യയുടെ വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും മാത്രമായി ഒരു ഇടമൊരുക്കാം. വാഡ്രോബിനോടു ചേര്‍ന്നോ അല്ലാതെയോ ഒരു ഡ്രസ്സിങ് ടേബിളും സ്റ്റൂളും നല്‍കാം. അടിയില്‍ സ്‌റ്റോറേജുള്ള കട്ടില്‍ വാങ്ങിയാല്‍ സാധനങ്ങള്‍ വയ്ക്കാന്‍ പ്രത്യേക ഇടം കണ്ടെത്തേണ്ടതില്ല.
മുറിയുടെ സ്ഥല സൗകര്യത്തിനനുസരിച്ച് വാഡ്രോബ് നിര്‍മിക്കാം. ചെറിയ മുറിയാണെങ്കില്‍ ചുമരുകളില്‍ തന്നെയുള്ള വാഡ്രോബുകളാണ് നല്ലത്. ഓരോ തരത്തിലുള്ള വസ്ത്രങ്ങള്‍ക്കും സാധനങ്ങള്‍ക്കും പ്രത്യേകം സ്ഥലങ്ങള്‍ വാഡ്രോബില്‍ ഉണ്ടായിരിക്കണം. തൂക്കിയിടേണ്ട വസ്ത്രങ്ങള്‍ക്കായി നീളത്തിലുള്ള അറകളും, മടക്കി വയ്ക്കുന്നവയ്ക്ക് ചെറിയ അറകളും നല്‍കണം. വാഡ്രോബിന്റെ ഒരു ഭാഗം ചെരിപ്പ് ഷൂ എന്നിവയ്ക്കായും വാഡ്രോബിന്റെ ഒരു വശത്ത് ഇട്ടിട്ട് ഒരു തവണ കൂടി ഇടാന്‍ ഉദ്ദേശിക്കുന്ന വസ്ത്രങ്ങള്‍ക്കായും സ്ഥലം ഒരുക്കാം.
വീട്ടിലിരുന്ന് ജോലി എടുക്കുന്നവര്‍ക്ക് ലാപ്‌ടോപ് വയ്ക്കാനുള്ള ടേബിളും അതിന് യോജിക്കുന്ന കസേരയും റൂമില്‍ വേണം.
കിടപ്പുമുറിയില്‍ വാം ലൈറ്റുകള്‍ മതി. ഒരു മെഴുകുതിരി സ്റ്റാന്‍ഡ് മുറിയില്‍ വച്ചാല്‍ വ്യത്യസ്ഥതയാകും. രാത്രിയിലെ ഡിം ലൈറ്റുകളില്‍ നീല നിറം ഒഴിവാക്കി വേറേ ഏത് നിറവും ഉപയോഗിക്കാം. നീലവെളിച്ചം ഉറക്കം നഷ്ടപ്പെടുത്തും.
മനസ്സിനെ കൂളാക്കുന്ന ഇളം നിറങ്ങള്‍ വേണം ചുമരുകള്‍ക്കായി തിരഞ്ഞെടുക്കാന്‍. കടും നിറങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ റൂമിലെ കുഷ്യനിലോ, ബെഡ്ഷീറ്റിലോ, ബെഡ്‌സ്പ്രഡിലോ ഈ നിറങ്ങള്‍ പരീക്ഷിക്കാം.
ക്യൂരിയോസിനു പകരം ഫോട്ടോകള്‍ അലങ്കാരമാക്കാം. പ്രിയ നിമിഷങ്ങളുടെ കാന്‍ഡിഡ് ഷോട്ടുകള്‍ ഫ്രെയിം ചെയ്ത് ചുമരില്‍ വച്ചാല്‍ അതൊരു സ്‌പെഷല്‍ ഫീല്‍ നല്‍കും. വിവാഹ ഫോട്ടോകള്‍, കുഞ്ഞുങ്ങളുടെ ഫോട്ടോകള്‍ ഇങ്ങനെ അതിനെ വിപുലീകരിക്കാം.
ഭാര്യയ്ക്കും ഭര്‍ത്താവിനും ഒന്നിച്ചിരുന്നു സിനിമ കാണാനും കോഫി കുടിക്കാനുമൊക്കെ ബീന്‍ ബാഗോ, ചെറിയ സോഫാ സെറ്റോ മുറിയില്‍ ഒരുക്കാം.
ടിവി വയ്ക്കാനായി പ്രത്യേകം സ്റ്റാന്‍ഡുകള്‍ നല്‍കുന്നതിന് പകരം ചുമരില്‍ തന്നെ കട്ടിലിനു മൂന്നിലായി ഇതിനുള്ള സൗകര്യം ഒരുക്കാം. പാട്ടിഷ്ടപ്പെടുന്നവര്‍ മ്യൂസിക്ക് സിസ്റ്റവും വാങ്ങി വച്ചോളൂ. മ്യൂസിക്ക് സ്പീക്കറുകള്‍ പുറത്ത് കാണാത്ത രീതിയില്‍ ഇന്റീരിയര്‍ ചെയ്‌തെടുക്കുകയുമാകാം.
നീളമുള്ളതും വീതി കൂടിയതുമായ ജനലുകള്‍ ബെഡ് റൂമിലേക്ക് തിരഞ്ഞെടുക്കാം. മുറിയില്‍ വെളിച്ചം നിറയട്ടെ.
കട്ടിലിന്റെ ഹെഡ്‌ബോര്‍ഡിന് ഇരുവശത്തും ചെറിയ ടീ പോയ് നല്‍കാം. മൊബൈല്‍, പ്രാര്‍ത്ഥനാ പുസ്തകം, കുടിക്കാനുള്ള വെള്ളം എന്നിവയൊക്കെ ഇതില്‍ വയ്ക്കാം.
ഇന്റീരിയറില്‍ പുതുമകള്‍ പരീക്ഷിക്കാന്‍ ഫ്‌ലോറില്‍ പലതരം റഗ്‌സ് വാങ്ങി മാറ്റി മാറ്റിയിടാം.
ബെഡ് റൂമിനും ബാത്‌റൂമിനും ഇടയിലെ പാസേജില്‍ ഡ്രസ്സിങ് റൂം ഒരുക്കുന്നതാണ് നല്ലത്. ഡ്രസ്സിങ് റൂമിലും വാഡ്രോബ് ആവശ്യമാണ്. നീളത്തിലുള്ള കണ്ണാടികളും വേണം. വെന്റിലേഷനുകളോ മറ്റ് ജനലുകളോ ഇല്ലാത്തതിനാല്‍ നല്ല ബ്രൈറ്റ് ലൈറ്റും ഫാനും നല്‍കണം. ഡ്രയര്‍, സ്‌ട്രെയ്റ്റ്‌നര്‍ എന്നിവ ഉപയോഗിക്കാനായി പ്ലഗ് പോയിന്റ് ഈ മുറിയില്‍ നല്‍കാം.
ബാത്‌റൂമുകളില്‍ ചെറിയ ചില്ലിന്റെ തട്ടുകള്‍ നല്‍കിയാല്‍ ഷാംപൂ, ബോഡി ലോഷന്‍ തുടങ്ങിയവ ഇതില്‍ സൂക്ഷിക്കാം. ബാത്‌റൂമിനകത്ത് ലോന്‍ഡ്രി ബാഗ് വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ബാത്‌റൂമിന്റെ വാതിലില്‍ കൊളുത്തിയിടുന്ന രീതിയിലും ഇത് സജ്ജികരിക്കാം. രണ്ട് ടൗവ്വലുകള്‍ ഇടാനുള്ള സ്ഥലം വേണം.
https://www.facebook.com/Malayalivartha