കുഞ്ഞുങ്ങളുടെ മുറി ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സ്വപ്നങ്ങളും ആഗ്രഹങ്ങളും കൂട്ടി വച്ച് പണിയുന്ന സ്വര്‍ഗകിളിക്കൂടാണ് വീട്. കുട്ടികള്‍ വളരുമെന്നും മാതാപിതാക്കള്‍ക്ക് പ്രായമേറുമെന്നുമൊന്നും അപ്പോള്‍ ആലോചിക്കണമെന്നില്ല. ആവശ്യങ്ങളുടെ സ്വഭാവം മാറുമ്പോള്‍ ഓരോ തവണയും അഴിച്ചു പണികള്‍ നടത്തേണ്ടി വരുന്നത് മിക്കവാറും ബെഡ്‌റൂമുകള്‍ക്കാണ്. ബെഡ്‌റൂം പണിയുമ്പോഴും ഒരുക്കുമ്പോഴും അല്‍പം ശ്രദ്ധ നല്‍കിയാല്‍ എല്ലാക്കാലത്തും ട്രെന്‍ഡിയാക്കി നിലനിറുത്താന്‍ കഴിയും.
ആദ്യ നാളുകളത്രയും അമ്മയും കുഞ്ഞും ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് ബെഡ്‌റൂമിലാകും. അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ സൗകര്യപ്രദമായ രീതിയില്‍ വേണം കിടപ്പുമുറി ഒരുക്കാന്‍. അമ്മയുടെ കൈയെത്തും ദൂരത്ത്, കട്ടിലിനോടു ചേര്‍ന്ന് റാക്കുകള്‍ പണിയാം കുഞ്ഞിന്റെ ഉടുപ്പും നാപ്കിനുമൊക്കെ ഇവിടെ വച്ചാല്‍ സൗകര്യപ്രദമായിരിക്കും. പിന്നീട് എടുത്തു മാറ്റാവുന്ന തരത്തിലായിരിക്കണം ഇത്.
കുഞ്ഞിന് സൗകര്യമായി പാല്‍ നല്‍കാന്‍ കഴിയുന്ന ഒരു സോഫ ഈ മുറിയില്‍ സജ്ജീകരിക്കാം. ഫീഡിങ്ങ് ചെയര്‍ എന്ന പേരില്‍ തന്നെ ഇത്തരം കസേരകള്‍ ലഭ്യമാണ്.
അധികം ഉയരമുള്ള കട്ടിലുകള്‍ വേണ്ട. ഇടയ്ക്കിടെ കിടക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യേണ്ടി വരുമെന്നതിനാല്‍ ഉയരം കൂടിയ കട്ടില്‍ അമ്മമാര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. ഉയരം കൂട്ടാനും കുറയ്ക്കാനും കഴിയുന്ന കട്ടിലുകള്‍ വാങ്ങിയാല്‍ പിന്നീട് ആവശ്യമുള്ള ഉയരത്തിലാക്കി ഉപയോഗിക്കുകയും ചെയ്യാം.
മച്ചില്‍ കൊളുത്തിട്ടാണ് സാധാരണയായി തൊട്ടിലുകള്‍ കെട്ടാറുള്ളത്. പിന്നീട് അഭംഗിയായി മാറുന്ന ഇത്തരം കൊളുത്തുകളോട് താല്‍പര്യമില്ലാത്തവര്‍ റെഡിമെയ്ഡ് തൊട്ടിലുകളെ ആശ്രയിച്ചോളൂ, ഉപയോഗ ശേഷം ഇവ മാറ്റി വയ്ക്കാം. കട്ടിലിനോട് ചേര്‍ന്ന് അമ്മയുടെ കൈ അകലത്തില്‍ വേണം തൊട്ടിലുകള്‍ വയ്ക്കാന്‍.
കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളും മറ്റും അടുക്കി വയ്ക്കാന്‍ ചെറിയ കബോര്‍ഡ് വേണം. സൗകര്യപ്രദമായി മാറ്റി വയ്ക്കാന്‍ കഴിയുന്ന ചക്രങ്ങളോടു കൂടിയ കബോര്‍ഡുകളാണ് നല്ലത്. കുഞ്ഞുങ്ങള്‍ നടക്കുന്ന പ്രായമായാല്‍ ഇവയില്‍ പിടിച്ച് എഴുന്നേല്‍ക്കാനോ മറ്റോ ശ്രമിച്ചാല്‍ അപകടമാണ്. അതുകൊണ്ട് ലോക്കുള്ള വീലുകള്‍ ഉള്ളവ വേണം തിരഞ്ഞെടുക്കാന്‍. കബോര്‍ഡിന്റെ വാതിലുകള്‍ക്ക് ചൈല്‍ഡ് ലോക്ക് സംവിധാനവും വേണം.
നല്ല വെളിച്ചവും വായുസഞ്ചാരവുമുള്ള മുറിയാണ് കുട്ടികള്‍ക്കായി ഒരുക്കേണ്ടത്. എന്നാല്‍ കുഞ്ഞ് ഉറങ്ങുന്ന സമയത്ത് അധികം വെളിച്ചം ആവശ്യവുമില്ല. ഇതിനായി കര്‍ട്ടനുകളില്‍ ഒരു സൂത്രപ്പണി ചെയ്താല്‍ മതി. ഇളം നിറത്തിലും കടും നിറത്തിലും ഒരോ ലെയര്‍ കര്‍ട്ടന്‍ ഇടുക. വെളിച്ചം ആവശ്യമില്ലാത്ത സമയങ്ങളില്‍ മാത്രം കടും നിറത്തിലുള്ള ലെയര്‍ ഇടുക. അല്ലാത്തപ്പോള്‍ ഇവ വശങ്ങളിലേക്ക് ഒതുക്കി വയ്ക്കാം. ബാക്കി സമയം ഇളം നിറത്തിലുള്ള കര്‍ട്ടന്‍ ഇടുക. കര്‍ട്ടന്‍ ഇടാതിരുന്നാല്‍ മുറിക്കുള്ളില്‍ ചൂട് അധികമായിരിക്കും.
മുള, ഫൈബര്‍, പ്ലാസ്റ്റിക്ക് തുടങ്ങിയവ കൊണ്ടുള്ള ബ്ലൈന്‍ഡ് കര്‍ട്ടനുകള്‍ കുഞ്ഞിന്റെ മുറിയില്‍ നിന്നും ഒഴിവാക്കണം. ഇവ അലര്‍ജിയുണ്ടാക്കാന്‍ സാധ്യതയുണ്ട്.
ബേബി മോണിറ്റര്‍ മുറിയില്‍ വച്ചാല്‍ അമ്മമാര്‍ക്ക് ടെന്‍ഷനില്ലാതെ വീട്ടുജോലികളില്‍ ശ്രദ്ധിക്കാം. ചെറിയ മൈക്രോഫോണും സ്പീക്കറോടും കൂടിയ ഉപകരണമാണിത്. കുഞ്ഞ് ഉറങ്ങുമ്പോള്‍ അരികിലായി ഇതു സെറ്റ് ചെയ്ത് വച്ച് അമ്മയ്ക്ക് മറ്റു ജോലികള്‍ ചെയ്യാം. കുഞ്ഞ് ഉണര്‍ന്നു കരഞ്ഞാല്‍ അമ്മയുടെ കൈവശമുള്ള സ്പീക്കറിലൂടെ ശബ്ദം എത്തും.
ബേബി പിങ്ക്, ലൈറ്റ് ലാവണ്ടര്‍, പിസ്താ ഗ്രീന്‍ തുടങ്ങിയ പേസ്റ്റല്‍ കളേഴ്‌സ് ചുമരുകള്‍ക്കായി തിരഞ്ഞെടുക്കാം. കുഞ്ഞുങ്ങളില്‍ അലര്‍ജി ഉണ്ടാക്കിയേക്കാവുന്ന ലെഡ് പോലുള്ള ടോക്‌സിക്ക് മെറ്റീരിയലുകള്‍ ഇല്ലാത്ത പെയിന്റുകള്‍ വേണം ഉപയോഗിക്കാന്‍. കുഞ്ഞുങ്ങള്‍ കിടക്കുന്നതിന് അഭിമുഖമായി വരുന്ന ചുമരില്‍ ആകര്‍ഷണീയമായ ഒന്നോ രണ്ടോ നിറങ്ങള്‍ നല്‍കാം. കടും നിറത്തിലുള്ള സീലിങ് ഫാനും കുഞ്ഞിന്റെ ശ്രദ്ധ ആകര്‍ഷിക്കും.
കുഞ്ഞുങ്ങള്‍ ജനിക്കുന്നതിന് രണ്ട് ആഴ്ച മുമ്പെങ്കിലും മുറികളില്‍ പെയിന്റടിക്കണം. പെയിന്റ് അടിച്ചശേഷം മുറിയിലെ ജനലുകളും വാതിലും തുറന്നിടാനും ശ്രദ്ധിക്കണം.
ചെയ്ഞ്ചിങ് ടേബിള്‍ മുറിയിലുണ്ടെങ്കില്‍ കുഞ്ഞുങ്ങളുടെ നാപ്കിന്‍, വസ്ത്രങ്ങള്‍ എന്നിവ കംഫര്‍ട്ടബിള്‍ ആയി മാറ്റാന്‍ കഴിയും. അഡ്ജസ്റ്റബിള്‍ ടേബിള്‍ ആയാല്‍ കുഞ്ഞ് വലുതാകുന്നതിനനസരിച്ച് ടേബിളിന്റെ വലുപ്പവും കൂട്ടാം.
കുഞ്ഞുങ്ങളുടെ മൂത്രം വീണ് കിടക്ക മോശമാകാതിരിക്കാന്‍ കിടക്കയില്‍ കവര്‍ ഇടണം. കുഞ്ഞുങ്ങള്‍ അല്‍പം വലുതായി കഴിഞ്ഞാല്‍ ഇവ ഊരി മാറ്റാം. കോട്ടണ്‍ സ്പണ്‍ വാട്ടര്‍ പ്രൂഫ് കവറുകള്‍ തിരഞ്ഞെടുത്തോളൂ.
അധികം പരുപരുത്തതോ മിനുസമുള്ളതോ ആയ ഫ്‌ലോറിങ് വേണ്ട. കുഞ്ഞ് മുട്ടിലിഴയുന്ന പ്രായമായാല്‍ പരുപരുത്ത തറകള്‍ അസൗകര്യമായി തീരും. മിനുസമുള്ള തറയില്‍ പെട്ടെന്നു തെന്നി വീഴാനും സാധ്യതയുണ്ട്.
ബാത്‌റൂമില്‍ വാഷ് റൂമിനായി കൂടുതല്‍ സ്ഥലം നല്‍കണം. വാഷ് ബേസിനു താഴെയായി കുഞ്ഞിന്റെ ബാത് ടബ്, മഗ്, ബക്കറ്റ് ഇവയ്ക്കുള്ള ഇടമൊരുക്കാം. വാഷ് ബേസിനു വശത്തായി സോപ്പ്, എണ്ണ, ബേബി ക്രീമുകള്‍ ഇവ സൂക്ഷിക്കാനു ള്ള ഷെല്‍ഫുകള്‍ ഉണ്ടാക്കാം.
https://www.facebook.com/Malayalivartha