വില്‍പ്പത്രം രജിസ്‌ട്രേഷനെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍
കേന്ദ്ര റജിസ്‌ട്രേഷന്‍ നിയമപ്രകാരവും ട്രാന്‍സ്ഫര്‍ ഓഫ് പ്രോപ്പര്‍ട്ടി നിയമപ്രകാരവുമുള്ള വ്യക്തികളും സ്ഥാപനങ്ങള്‍ക്കും തയാറാക്കുന്ന കൈമാറ്റ രേഖകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിയോഗിച്ചിട്ടുള്ള റജിസ്ട്രാര്‍മാരുടെ മുന്‍പില്‍ ഹാജരാക്കിയാണ് റജിസ്‌ട്രേഷന്‍ നടത്തുന്നത്. റജിസ്ട്രാര്‍ അനുവദിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ള ഫീസുകളും സ്റ്റാംപ് ചാര്‍ജുകളും നല്‍കി നിയമപ്രകാരം സൂക്ഷിച്ചിട്ടുള്ള റജിസ്റ്ററുകളില്‍ രേഖപ്പെടുത്തി റജിസ്റ്റര്‍ ചെയ്തു നല്‍കും. റജിസ്‌ട്രേഷന്‍ നടത്തുക മൂലം രേഖകള്‍ക്കു നിയമസാധുത ലഭിക്കുന്നതു കൂടാതെ പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കുന്നതിനും സാധിക്കുന്നു. കൃത്രിമമായി രേഖകളുണ്ടാക്കി തട്ടിപ്പുകള്‍ നടത്തുന്നതിനു തടയിടാന്‍ റജിസ്‌ട്രേഷന്‍ സഹായിക്കും.
നിയമപരമായി തയാറാക്കിയിട്ടുള്ള വില്‍പ്പത്രങ്ങള്‍ റജിസ്‌ട്രേഷന്‍ നടത്തേണ്ടുന്ന രേഖകളുടെ പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യകരമായ മാനസിക നിലയുള്ള വ്യക്തികള്‍ തയാറാക്കി ഒപ്പുവച്ച വില്‍പ്പത്രങ്ങള്‍ക്ക് മാത്രമാണ് നിയമസാധുത. സ്വതന്ത്രരായ രണ്ടു വ്യക്തികള്‍ സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ സ്വമേധയാ തയാറാക്കിയ വില്‍പ്പത്രമാണെന്ന് ഉറപ്പു വരുത്താനാവൂ. വില്‍പ്പത്രങ്ങളില്‍ പറയുന്ന വസ്തു, ഓഹരി എന്നിവ കൈമാറ്റം ചെയ്യാന്‍ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്നിരിക്കെ ഇത്തരം ആസ്തികളുടെ ഭാഗംവയ്പ് നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വില്‍പ്പത്രങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നത് വില്‍പ്പത്രങ്ങളില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പ്രശ്‌നങ്ങളില്ലാതെ നടപ്പാക്കാന്‍ ഉപകരിക്കും. ഒരിക്കല്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന കാരണത്താല്‍ വില്‍പ്പത്രമെഴുതിയ വ്യക്തിക്ക് ജീവിച്ചിരിക്കുന്ന കാലത്തോളം അവ മാറ്റിയെഴുതുന്നതിനുള്ള അവകാശം നഷ്ടപ്പെടുന്നില്ല.
റജിസ്റ്റര്‍ ചെയ്ത ഒരു വില്‍പ്പത്രം പിന്നീട് നിയമാനുസൃതം മാറ്റിയെഴുതുമ്പോള്‍ റജിസ്റ്റര്‍ ചെയ്തില്ല എന്ന കാരണത്താല്‍ പുതിയ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ പ്രയാസമുണ്ടാകില്ല. പുതുക്കിയെഴുതിയ വില്‍പ്പത്രത്തിലെ കാര്യങ്ങള്‍ക്കു മാത്രമേ നിയമസാധുതയുള്ളു. അവ നടപ്പിലാക്കാന്‍ ഒരു വ്യക്തിയെ വില്ലില്‍ അധികാരപ്പെടുത്താം. ഇത്തരത്തില്‍ അധികാരപ്പെടുത്തിയ ആള്‍ക്ക് പിന്നീട് വില്‍പ്പത്രം റജിസ്റ്റര്‍ ചെയ്തു വസ്തുവകകളുടെ ഭാഗംവയ്പ് പൂര്‍ത്തിയാക്കാം. റജിസ്‌ട്രേഷന്‍ ആവശ്യമില്ലാത്ത എടുത്തു മാറ്റാവുന്ന ആസ്തികളും വില്‍പ്പത്രങ്ങളില്‍ ഉള്‍പ്പെടുന്നതിനാ!ല്‍ വില്‍പ്പത്രങ്ങള്‍ റജിസ്റ്റര്‍ ചെയ്തിരിക്കണമെന്നു നിര്‍ബന്ധമില്ല.
ഒരു വര്‍ഷത്തിനു മുകളില്‍ വസ്തുവകകള്‍ ഉപയോഗിക്കാനായി പാട്ടത്തിന് നല്‍കുമ്പോള്‍ റജിസ്‌ട്രേഷന്‍ ആവശ്യമാണ്. വായ്പയെടുക്കുമ്പോള്‍ പണയമായി വസ്തുക്കള്‍ നല്‍കുന്നതിന് റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. സഹകരണ ബാങ്കുകള്‍ക്കും മറ്റും പണയം റജിസ്റ്റര്‍ ചെയ്തു നല്‍കിയ ശേഷം കടം വീട്ടിക്കഴിയുമ്പോള്‍, പണയ റജിസ്‌ട്രേഷന്‍ റദ്ദാക്കി 'ഒഴിമുറി ആധാരങ്ങള്‍' റജിസ്റ്റര്‍ ചെയ്യണം. വാണിജ്യ ബാങ്കുകളില്‍ വായ്പയെടുക്കുമ്പോള്‍ അസ്സല്‍ ആധാരങ്ങള്‍ നിക്ഷേപം നടത്തി ഇക്വിറ്റബിള്‍ മോര്‍ട്ട്‌ഗേജ് വഴി വസ്തു പണയം നല്‍കുന്നതിന് റജിസ്‌ട്രേഷന്‍ ആവശ്യമില്ല.
വിവിധ കാരണങ്ങളാല്‍ നേരിട്ട് ഇടപാടുകള്‍ നടത്തുന്നതിന് സാധിക്കാതെ വരുമ്പോള്‍ മൂന്നാമതൊരു വ്യക്തിയെ അധികാരപ്പെടുത്തുന്നതിനാണ് പവര്‍ ഓഫ് അറ്റോര്‍ണി എന്നു പറയുന്നത്. ബാങ്ക് അക്കൗണ്ടുകളില്‍ ഇടപാട് നടത്തുന്നതിന് നല്‍കുന്ന പവര്‍ ഓഫ് അറ്റോര്‍ണി റജിസ്റ്റര്‍ ചെയ്യേണ്ടതില്ല. പൊതു ഇടപാടുകള്‍ നടത്തുന്നതിന് നല്‍കിയ പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് വസ്തു വകകളും ഓഹരികളും മറ്റും കൈമാറ്റം ചെയ്യാനോ പണയപ്പെടുത്താനോ സാധിക്കില്ല. ഇത്തരം അധികാരങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് തയാറാക്കി റജിസ്റ്റര്‍ ചെയ്ത പ്രത്യേക പവര്‍ ഓഫ് അറ്റോര്‍ണികള്‍ ഉപയോഗിച്ചു നടത്തുന്ന ഇടപാടുകള്‍ക്കു മാത്രമേ അംഗീകാരമുള്ളു.
https://www.facebook.com/Malayalivartha