ഫ്ലാറ്റുകളിലെ ഇന്റീരിയര്‍: നല്ലൊരു ഇന്റീരിയര്‍ ഡിസൈനര്‍ വിചാരിച്ചാല്‍ 'അതുക്കും മേലെ'യാക്കാം
പുതിയതായി ഫ്‌ളാറ്റ് വാങ്ങിയ സുഹൃത്തിനു പാലുകാച്ചിന് സമ്മാനമായി എന്ത് നല്കും എന്ന് ആലോചിച്ചിരുന്നപ്പോഴാണ്, വിളി വന്നത്. താനങ്ങു വന്നാല്‍ മതി, ദയവായി സമ്മാനങ്ങള്‍ ഒന്നും കൊണ്ട് വരേണ്ട, ഇവിടെ വയ്ക്കാന്‍ സ്ഥലം ഇല്ല അതുകൊണ്ടാണ്. ആലോചിക്കുമ്പോള്‍ ശരിയാണ്, വീടിന്റെ അകത്തളങ്ങളില്‍ ഒതുക്കി വയ്ക്കാനാകുന്ന വസ്തുക്കള്‍ നേരെ ഫ്‌ളാറ്റിന്റെ ഇടങ്ങളിലെത്തിയാല്‍ എങ്ങനെ ഒതുങ്ങിയിരിക്കണം എന്നറിയാതെ വീര്‍പ്പു മുട്ടും.
പല ഫ്‌ളാറ്റ് കുടുംബങ്ങളും അനുഭവിച്ചിട്ടുള്ള ഒരു ബുദ്ധിമുട്ടു തന്നെയാകും ഇത്. ആകെയുള്ള ഇത്തിരി സ്ഥലത്ത് എന്തൊക്കെ വച്ചാലാണ്. വീടുകളെ അപേക്ഷിച്ച് ഫ്‌ളാറ്റിന്റെ പോരായ്കയും ഇതു തന്നെ. മുറ്റത്തും വീടിനുള്ളിലുമായി ഒരുക്കാവുന്ന പല സൗകര്യങ്ങളും ഫ്‌ലാറ്റിന്റെ ഇട്ടാവട്ടത്ത് ഒരുക്കാന്‍ ഡിസൈനര്‍മാര്‍ പെടുന്ന പാട് ചില്ലറയൊന്നുമല്ല.
ഫ്‌ളാറ്റിന്റെ പുതിയ ട്രെന്‍ഡ് എന്ന പ്രയോഗത്തിനു ഇന്ന് വളരെയേറെ പ്രസക്തിയുണ്ട്. വീടിന്റെ വലിപ്പമല്ല ഫ്‌ളാറ്റിന്, എന്നതു കൊണ്ട് അതിനുള്ളിലെ സ്ഥലത്തെ കുറിച്ചും ഭംഗിയേക്കുറിച്ചും ചിന്തിച്ചാല്‍ മതിയാകും. അതായത് നല്ലൊരു ഇന്റീരിയര്‍ ഡിസൈനര്‍ വിചാരിച്ചാല്‍ ഫ്‌ലാറ്റ് അതിമനോഹരമാക്കാം എന്നു സാരം. നിരവധി പുതിയ ശൈലികള്‍ ഫ്‌ളാറ്റ് ഇന്റീരിയര്‍ ലോകത്തിലേയ്ക്ക് കടന്നു വന്നിട്ടുണ്ട്. വീടുകളുടെ അടിസ്ഥാന ശൈലീമാറ്റങ്ങളായ കണ്ടംപററി ശൈലി, കൊളോണിയല്‍ ശൈലി തുടങ്ങിയവയാണ്. ഇന്ന് ട്രെന്‍ഡ്. എന്നാല്‍ പഴയ ട്രഡീഷണല്‍ രീതിയെ പുതുക്കി ന്യൂജനറേഷനാക്കുന്നവരും കുറവല്ല.
ഫ്‌ളാറ്റിലെ നവ അതിഥിയാണ്, ഫോയര്‍ എന്ന സ്ഥലം. കൊളോണീയല്‍ രീതിയിലുള്ള വീടുകളില്‍ ഉപയോഗിക്കുന്ന രീതി തന്നെയാണിത്. അതായത് വരാന്ത പോളെ അതിഥികളെ സ്വീകരിക്കാനായി ഒരിടം. എന്നാല്‍ ഈ ആശയം ഫ്‌ളാറ്റിലേയ്ക്ക് വരുമ്പോള്‍ അത്രയധികം സ്ഥല സൗകര്യമില്ലാത്തതു കാരണം ഈ ഫോയര്‍ ഏരിയ ചെരുപ്പു വയ്ക്കാനോ കുട തൂക്കാനോ വീടിന്റെ അല്ലെങ്കില്‍ വണ്ടികളുടെ താക്കോല്‍ സൂക്ഷിക്കാനോ ഒക്കെയുള്ള ഒരിടമായി ഉപയോഗിക്കാം.
മിനിമലിസം എന്ന സമകാലീകശൈലി ഫ്‌ളാറ്റുകളില്‍ വളരെ ഉപയോഗപ്രദമാണ്. അതായത് കുറച്ചു സ്ഥലത്തെ ഏറ്റവും മനോഹരമായി ഒരുക്കി വയ്ക്കുന്ന രീതിയാണ് , മിനിമലിസത്തില്‍ സംഭവിക്കുന്നത്. ഓരോ ചെറിയ ഇടങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യം നല്‍കിയിട്ടുണ്ടാകും, അവിടങ്ങളൊക്കെ ഉപയോഗയുക്തവുമായിരിക്കും. മാത്രമല്ല ഈ ശൈലിയിലെ ഫ്‌ലാറ്റുകളില്‍ ആവശ്യത്തിന്, കാറ്റും വെളിച്ചവും കടന്നു വരാനുള്ള സൗകര്യവുമുണ്ട്. ഏതു ചെറിയ ഇടങ്ങളും ഏറ്റവും പ്രയോജനപ്രദമായ നിലയില്‍ മാറ്റാനും ഫ്‌ളാറ്റില്‍ കഴിയണം .
പുതിയ ശൈലികളില്‍ ഏറ്റവും വാര്‍ത്താ പ്രാധാന്യം നേടിയ ഒന്നാണ്, കണ്ടംപററി ശൈലി. ആന്റീക് ആയിട്ടുള്ള പഴയ മുഖം ഇപ്പോള്‍ പുതിയ വീടുകളില്‍ നിന്നു വരെ അപ്രത്യക്ഷമാവുകയാണ്. അപ്പോള്‍ ട്രെന്‍ഡുകളുടെ ഉസ്താദുമാരായ ഫ്‌ളാറ്റുകളില്‍ അതെന്ന് അപ്രത്യക്ഷമായെന്ന് ചോദിച്ചാല്‍ മതി. സമകാലീകമായ രീതി ലാളിത്യമാണ്. ഏറ്റവും കുറച്ച് സ്ഥലത്തെ ഏറ്റവും സൗകര്യപ്രദമായി ലളിതമായി ഒരുക്കി വയ്ക്കുകയാണ്, കണ്ടംപററി ശൈലി പിന്തുടരുന്നത്. ഇളം കളറുകളോടൊപ്പം ഒന്നോ രണ്ടോ മോഡേണ്‍ ആര്‍ട്ട് കൂടി വയ്ക്കുന്നതോടെ ആദ്യത്തെ കാഴ്ച്ച പൂര്‍ണമായി. പക്ഷേ അപ്രതീക്ഷിതമായ ചില പ്രൊജക്ഷന്‍സും ക്ലാഡിങ്ങും രണ്ടാമത്തെ കാഴ്ചയില്‍ അമ്പരപ്പിക്കും. ഇതുതന്നെയാണ്, ഫ്‌ലാറ്റ് ലോകത്തെ പുത്തന്‍ട്രെന്‍ഡ്.
വീടുകളുടെ അത്യാവശ്യം സൗകര്യങ്ങള്‍ അപ്പാര്‍മെന്റുകള്‍ തന്നെ തന്നാല്‍ അതൊരു വന്‍നേട്ടം തന്നെ. തിരക്കു പിടിച്ച ജീവിതത്തില്‍ ജോലിക്കാരുടെ സാന്നിധ്യം തീര്‍ച്ചയായിട്ടും ഒഴിവാകാനാകാത്തതാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഫ്‌ളാറ്റ് ഡിസൈന്‍ ചെയ്യാന്‍ ഡിസൈനറെ ഏല്‍പ്പിക്കുമ്പോള്‍ തന്നെ സെര്‍വന്റ്്്് റൂം ഉണ്ടാവണം എന്നു പറയുന്നവര്‍ വര്‍ദ്ധിക്കുന്നു. സെര്‍വന്റിനായി പ്രത്യേക റൂമിനൊപ്പം ടോയിലറ്റ് സൗകര്യങ്ങളുമുണ്ട്. ഈ മുറി മിക്കവാറും അടുക്കളയോട് ചേര്‍ന്നായിരിക്കും. അതേ പോലെ ഒരു ടെറസ്സ് തന്നെ സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടായിരിക്കുമ്പോഴാണ്, രണ്ട് ടെറസ് സൗകര്യം ഇന്ന് ഫ്‌ലാറ്റ് ട്രെന്‍ഡ് ആയിരിക്കുന്നത്. ഒന്ന് ഡ്രൈയിങ് ബാല്‍ക്കണി എന്ന് അറിയപ്പെടുന്നു. വര്‍ക്ക് ഏരിയാ ആണിത്. നനച്ചിട്ട തുണികള്‍ തോരാന്‍ ഈ സ്‌പെയ്‌സ് ഉപയോഗിക്കുമ്പോള്‍ ലിവിങ് റൂമിനോട് അല്ലെങ്കില്‍ ബെഡ് റൂമിനോട് ചേര്‍ന്ന് മറ്റൊരു ടെറസ് സ്‌പെയ്‌സും ഉണ്ടാകും.
ക്രോസ്സ് വെന്റിലേഷന്‍ കാരണം അത്യാവശ്യം നല്ല രീതിയില്‍ കാറ്റും വെളിച്ചവും കടക്കുന്നുണ്ടെങ്കിലും ഇത്തരം ടെറസിന്റെ ഉപയോഗവും മറിച്ചല്ല. ഇപ്പോള്‍ ചില ഫ്‌ളാറ്റുകള്‍ പച്ചപ്പിനു ഏറെ പ്രാധാന്യം കൊടുക്കുന്നുണ്ട്, ചെടികള്‍ വച്ച് പിടിപ്പിക്കാനായി മാത്രം പ്രത്യേകം ബാല്‍ക്കണി കൊടുത്തിരിക്കുന്ന ഫ്‌ളാറ്റുകള്‍ പോലുമുണ്ട്. ബോണ്‍സായി ഉള്‍പ്പെടെയുള്ള ചെടികള്‍ കൊണ്ട് ഇവിടം നിറഞ്ഞിരിക്കും. വളര്‍ത്തു മൃഗങ്ങളെ വളര്‍ത്താനും ടെറസ് ഉപയോഗിക്കാന്‍ കഴിയും.
അടുക്കളയില്‍ സാധനങ്ങള്‍ വയ്ക്കുന്ന ക്യാബിനറ്റില്‍ തുടങ്ങുന്നു ട്രെന്ഡുകള്‍ .മാത്രമല്ല അടുക്കളയ്ക്കു തന്നെ രണ്ട് വ്യത്യസ്തമായ ഭാഗങ്ങളുണ്ടാകും, ഒന്ന് ഒരു വര്‍ക്ക് ഏരിയ ആണെങ്കില്‍ മറ്റേതിലാണ്, പ്രധാന അടുക്കള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പാചകത്തിനാവശ്യമായ സാധനസാമഗ്രികള്‍ എളുപ്പം ഉപയോഗിക്കാവുന്ന രീതിയിലാണ്, മോഡുലാര്‍ അടുക്കളകള്‍. ഓപ്പണ്‍ കിച്ചണ്‍, കോറിഡോര്‍ കിച്ചണ്‍, എല്‍ ഷേപ്പ്, യു ഷേപ്പ് കിച്ചണ്‍ അങ്ങനെ വ്യത്യസ്ത തരം കിച്ചണുകള്‍ പിന്നെയുമുണ്ട്. ഫ്രാന്‍സിന്റെ തെക്കന്‍ പ്രവിശ്യകളില്‍ നിന്ന് കടമെടുത്ത് ഫ്രെഞ്ച് കണ്ട്രി സ്‌റൈല്‍ എന്ന ആശയം പറയുന്നത് കളര്‍ , ടെക്‌സ്റ്റര്‍, ആര്‍ക്കിടെക്ച്ചറല്‍ എലമെന്റ്‌സ് എന്നിവയുടെ ഒരു യോജിപ്പിനെ കുറിച്ചാണ്. ഇതും ഒരു മാറ്റമാണ്. മറൈന്‍ പ്ലൈവുഡിലാണ്, ക്യാബിനറ്റുകള്‍ ഇപ്പോള്‍ ചെയ്യുന്നത്.
ബജറ്റിലൊതുങ്ങുന്ന മോഡുലാര്‍ ശൈലിയ്ക്കുമുണ്ട് പറയാനേറെ. ഈ അടുക്കളയ്ക്ക് ഒരു കൃത്യം അളവുകള്‍ ഉണ്ടാകും. പ്ലേറ്റ് റാക്കറ്റ്, കബോര്‍ഡ്, സിങ്ക് എന്നിവയുടെ ഒക്കെ കൃത്യം അളവനുസരിച്ചാണ്, ഇത്തരം പ്രീ ഫാബ്രിക്കേറ്റഡ് അടുക്കള വരുക.ഫ്‌ളാറ്റുകളില്‍ ഏറ്റവുമധികം ഇപ്പോള്‍ ട്രെന്‍ഡ് ആയി ചേക്കേറിയിരിക്കുന്നത് സ്ഥലപരിമിതിയുടെ പ്രശ്‌നങ്ങളെ മറികടന്ന മോഡുലാര്‍ രീതി തന്നെയാണ്.
ഫ്‌ലോറിങ്ങിന്, ഇപ്പോള്‍ ലാമിനേറ്റഡ് രീതി ട്രെന്‍ഡ് ആയിട്ടുണ്ട്. തടി ലാമിനേറ്റ് ചെയ്ത് ഫ്‌ലോറിങ്ങിന്, ഒരു തരം ട്രഡീഷണല്‍ ഭംഗി പകരാന്‍ സാധിക്കും. കണ്ടംപററി സ്‌റ്റൈലുകള്‍ക്ക് ഗ്രാനൈറ്റോ മാര്‍ബിളോ ഉപയോഗിക്കാം. അത്തരം രീതികളില്‍ വളരെ ലളിതമായ നിറങ്ങളുള്ള ഫ്‌ലൊറിങ്ങാവും തെരഞ്ഞെടുക്കുക. മാര്‍ബിള്‍ രംഗത്ത് പണ്ട് പ്രകൃദിദത്തമായത് ഉപയോഗിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ മാന്‍ മേയ്ഡ് മാര്‍ബിള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.
ഒരുവിധം എല്ലാവരും ഇപ്പോള്‍ കുട്ടികള്‍ക്കുള്ള മുറികളിലും വിസ്മയങ്ങള്‍ ഒരുക്കി തുടങ്ങി. അതായത് ഫ്‌ളാറ്റിനുള്ളിലെ സ്ഥലപരിമിതിയ്ക്കുള്ളിലും കുട്ടികളുടെ സ്‌പെയ്‌സ് ഒരുക്കാന്‍ മാതാപിതാക്കള്‍ മറക്കുന്നില്ല എന്നര്‍ത്ഥം. മിക്കവരും ചില പ്രത്യേക തീമുകളെ അനുസരിച്ചാണ്, കുട്ടിമുറി ഒരുക്കുന്നത്. അവര്‍ക്കിഷ്ടപ്പെട്ട ഒരു കാര്‍ട്ടൂണ്‍ കഥാപാത്രം, സിനിമകള്‍ എന്നിവ അനുസ്മരിപ്പിക്കുന്ന തീമുകള്‍ക്ക് ഡിമാന്‍ഡുണ്ട്.
ഒരു തീമിനെ ഉദ്ദേശിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട വസ്തുക്കളായിരിക്കും ആ മുറിയിലെ ബാക്കിയുള്ളതും. കണ്ടംപററി ശൈലിയാണെങ്കില്‍ നിറമടിച്ച വാള്‍ പ്രൊജക്ഷനുകളും ഫാള്‍സ് സീലിങ്ങുകളും ഒക്കെ ചേര്‍ന്ന് കുട്ടിമുറി ഒരു വ്യത്യസ്ത അനുഭവം തന്നെ ആയിരിക്കും. പക്ഷെ വളരെ അപൂര്‍വ്വമാണ് കുട്ടികള്‍ക്കായി ഇത്തരം മുറിയൊരുക്കുന്നവര്‍. ചെറിയ ഫ്‌ളാറ്റുകളില്‍ ഇത്തരം കുട്ടി മുറികള്‍ കണ്ടെത്താന്‍ പ്രയാസമാണെന്ന് അര്‍ത്ഥം.
ഒറ്റക്കാഴ്ച്ചയില്‍ ഉള്ളതിലേറെ ഉയരം തോന്നിക്കുന്ന സീലിങ്ങുകളാണ്, ഇപ്പോഴത്തെ ഒരു ട്രെന്‍ഡ്. മിറര്‍ സീലിങ്ങ് അതിനായി ഉപയോഗിക്കാം. ഫ്‌ളാറ്റ് ഡിസൈന്‍ ചെയ്യുമ്പോള്‍ കൂടുതല്‍ പേരും ഇന്നത്തെ സമകാലീക രീതിയോട് ചേര്‍ന്നു പോകുന്ന ഫാള്‍സ് സീലിങ്ങുകളാണ്, ആഗ്രഹിക്കുന്നത്. ഇതിന്റെ വശങ്ങളില്‍ വാം ലൈറ്റിങ് കൂടി കൊടുത്താല്‍ ആകര്‍ഷകമായ ഒരു സീലിങ്ങ് ഒരുങ്ങി കഴിഞ്ഞു. ചില ഇടങ്ങളില്‍ വാളില്‍ കൊടുക്കുന്ന വിനിയര്‍ പ്രൊജക്ഷനുകള്‍ സീലിങ്ങുകളിലേയ്ക്കും നീട്ടി വയ്ക്കും. ഇത്തരം സീലിങ്ങുകള്‍ ചെയ്യുമ്പോള്‍ അടിക്കുന്ന പെയിന്റിങ്ങിനും കൊടുക്കുന്ന ലൈറ്റിങ്ങിനും വരെ പ്രാധാന്യമുണ്ട്.
മുറിയുടെ ഏതെങ്കിലും ഒരു ഭാഗത്ത് വാള്‍ ടൈല്‍ കൊടുത്ത് ആ ഭാഗത്തെ മാത്രം ഹൈലൈറ്റ് ചെയ്യുന്ന രീതിയും ഇപ്പോഴുണ്ട്. എത്രത്തോളം മുറിയില്‍ ഫ്രീ സ്‌പെയ്‌സുണ്ടോ അതു തന്നെയാണ്, കണ്ടംപററി തരംഗത്തിന്റെ ഭംഗിയും. മാത്രമല്ല മുറിയിലെ സാധനങ്ങളെ പരമാവധി ഒളിപ്പിച്ചെന്ന പോലെ വയ്ക്കുന്നതും നല്ലതു തന്നെ.
മുറിയ്ക്ക് നിറം നല്കുന്നത് ഒരു കലയാണ്. ഇന്നത്തെ കാലത്ത് ഡിസൈനര്‍മാര്‍ അത് അത്രയും ഭംഗിയായി ചെയ്യുന്നുമുണ്ട്. കണ്ണില്‍ കുത്തുന്ന തരത്തിലുള്ള ഇടിവെട്ട് നിറങ്ങളായിരുന്നു ഒരിടയ്ക്കുണ്ടായിരുന്ന ട്രെന്‍ഡ് എങ്കില്‍ ഇപ്പോള്‍ കാലം മാറി. കയറി വരുന്ന മുറിയുടെ സ്‌പെയ്‌സ് കൂട്ടാന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോംബിനേഷന്‍ ഉപയോഗിക്കുന്നത് മുറിയ്ക്ക് ഒരു പ്രത്യേക പ്രൗഢി നല്‍കുന്നുണ്ട്.
അതുപോലെ ഒരു വശത്തിനെ മാത്രം പ്രൊജക്ട് ചെയ്ത് മറ്റു മൂന്നു വശങ്ങള്‍ .പ്രൊജക്ട് ചെയ്ത വശത്തിന്റെ ലൈറ്റ് ഷേഡ് ചെയ്യുന്നത് ഒരു സ്വല്‍ പം കടന്നു പോയ ട്രെന്റാണെങ്കിലും ഇപ്പോഴും അതിന്, പ്രാധാന്യമുണ്ട്. പക്ഷേ കളര്‍ പാറ്റേണില്‍ വന്ന മാറ്റം അഭിലഷണീയം തന്നെ. കുട്ടി മുറിയുടെ പോലെ തന്നെ എന്തെങ്കിലും തീമുകള്‍ വച്ച് പെയിന്റ്, ചെയ്യുന്നവരും ഇന്ന് കുറവല്ല. പിന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം വീടിനുള്ളിലുള്ള ഫര്‍ണീച്ചറുകള്‍ കൂടി അനുസരിച്ചായിരിക്കണം നിറം നല്കാന്‍ എന്നതാണ്.
ലൈറ്റിങ്ങ് എന്നതിനു ആധുനിക മുറികളില്‍ നല്ല പ്രാധാന്യമുണ്ട്. വിനിയര്‍ കൊണ്ടുള്ള ലാമിനേഷന്‍ അല്ലെങ്കില്‍ ക്ലാഡിങ്ങ് ചെയ്യുന്ന ഭിത്തിയില്‍ ആംബിയന്‍സ് ലൈറ്റിങ് കൂടി നല്കിയാല്‍ അതിമനോഹരമായി. അപ്പാര്‍ട്ട്മെന്റിന്റെ മുഴുവന്‍ സ്വഭാവത്തെ ആശ്രയിച്ചാണ്, ഈ ലൈറ്റിങ്ങ് സ്‌കീം ഉപയോഗപ്പെടുത്തുക. വൈദ്യുത ഉപഭോഗം കുറവുള്ള എല്‍ ഇ ഡി ബള്‍ബുകള്‍ തന്നെയാണ്, ഇപ്പോഴും താരങ്ങള്‍. മിനിമലിസം അവതരിപ്പിക്കുന്ന ഫ്‌ലാറ്റുകളില്‍ കൂള്‍ ലൈറ്റിങ്ങാണ്, തിരഞ്ഞെടുക്കുന്നത്. എങ്കിലും ഇപ്പോള്‍ ക്രോസ് വെന്റിലേഷന്‍ ഉള്ളതു കാരണം പ്രകൃതിദത്തമായ ലൈറ്റിങ് ആവശ്യത്തിനു ലഭിക്കുന്നുമുണ്ട്.
ബാത്‌റൂമുകളില്‍ വലിയ രീതികളിലുള്ള മാറ്റങ്ങള്‍ പൊതുവേ ഉണ്ടായിട്ടുണ്ടെങ്കിലും ഫ്‌ളാറ്റുകളുടെ സ്ഥലപരിമിതി കൊണ്ടു തന്നെ വലുപ്പത്തിന്റെ കാര്യത്തില്‍ ഒത്തിരി പ്രാധാന്യം കൈവന്നിട്ടില്ല. എങ്കിലും ബാത്‌റൂം എന്ന രീതി മാറി, ഒരു മുറി എന്ന ആശയത്തോട് ഏറെ പേരും യോജിച്ചു കഴിഞ്ഞു.
ഡ്രൈ, വെറ്റ് ഏരിയകളാണ് ഇപ്പോഴത്തെ ബാത്ത് റൂം ട്രെന്‍ഡ്. ക്ലോസറ്റ്, വാഷ് ബേസിന്‍ തുടങ്ങിയ നനവു പറ്റാന്‍ സാദ്ധ്യത കുറഞ്ഞ സ്ഥലമാണ്, ഡ്രൈ ഏരിയ. പൈപ്പിങ്ങുള്ള കുളിക്കുന്ന സ്ഥലമാണ് വെറ്റ് ഏരിയ. ഈ ഭാഗമാണ് നനയാന്‍ സാദ്ധ്യതയുള്ള ഇടങ്ങള്‍. അതുകൊണ്ടു തന്നെ ഈ ഇടങ്ങളില്‍ വ്യത്യസ്തമായ ടൈലുകള്‍ ഉപയോഗിക്കാം. അതുപോലെ ഡ്രൈ ഏരിയയുടെ ഉയരം ലേശം കൂട്ടി പണിതാല്‍ നനവുള്ള ഭാഗത്തു നിന്ന് ജലം ഒഴുകി ഡ്രൈ ഏരിയയിലേയ്ക്ക് വരില്ല. ക്ലോസറ്റിലുമുണ്ട് മാറ്റങ്ങള്‍. വാള്‍മൗണ്ട് ക്ലോസറ്റില്‍ തന്നെ ഭിത്തിയ്ക്കുള്ളില്‍ ഫ്‌ലഷ് ടാങ്ക് വരുന്ന ഇനമാണ്, പുതിയ തരംഗം. ഫ്‌ലഷ്ടാങ്കിനു വേണ്ടി വരുന്ന അധികസഥലം ആവശ്യമില്ലെന്ന പുതുമയും മെച്ചവും ഇതിനുണ്ട്. മാത്രമല്ല ടോയിലറ്റുകളില്‍ ഓട്ടോമാറ്റിക് സിസ്റ്റം വരെ ആയിക്കഴിഞ്ഞു. പവേര്‍ഡ് ഫ്‌ലഷ് ടാങ്കുകളും ക്ലോസറ്റ് ലിഡുകളും ഇന്ന് ആള്‍ക്കാര്‍ ഉപയോഗിക്കുന്നുണ്ട്.
ശൈലിയ്ക്കനുസരിച്ചു മാത്രമേ ഫര്‍ണീച്ചര്‍ ഒരുക്കാനാകൂ. കണ്ടംപററി കൊളോണിയല്‍ ശൈലിയിലുള്ള ഫ്‌ലാറ്റുകള്‍ക്ക് അത്ര വലുപ്പമുള്ള തരം ഫര്‍ണീച്ചറുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. ലളിതമായ തരത്തിലുള്ള ഫര്‍ണീച്ചറിനാണ് ഇപ്പോള്‍ പ്രാധാന്യം. ഫാബ്രിക് ഫര്‍ണീച്ചറുകള്‍ ഇപ്പോള്‍ ഉപയോഗത്തിന്റെ കാര്യത്തില്‍ മുന്നിരയില്‍ തന്നെയുണ്ട്. തടി, പ്ലൈവുഡ് എന്നിവയില്‍ ജൂട്ട്, ലിനന്‍ എന്നിവ ഘടിപ്പിച്ചാണ്, ഇത്തരം ഫര്ണീച്ചറുകള് നിര്‍മിക്കുന്നത്.
ട്രഡീഷണല്‍ രീതിയിലുള്ള മുറികള്‍ക്ക് ആന്റീക് തരത്തിലുള്ള ഫര്‍ണീച്ചറുകള്‍ തന്നെയാണ്, അലങ്കാരം. പുതു പുത്തന്‍ ആന്റിക് പീസുകള്‍ ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണു താനും. മള്‍ട്ടി പര്‍പ്പസ് ഫര്‍ണീച്ചറുകളും ഇപ്പോള്‍ തരംഗമാണ്. വളരെ വലിപ്പം കുറവാണെങ്കിലും പല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയുന്ന ഫര്‍ണീച്ചറുകളാണിവ. സെറ്റി ആയും സ്റ്റഡി ടേബിള്‍ ആയും ചിലപ്പോള്‍ ബെഡ് ആയും ഒക്കെ ഒരേ ഫര്‍ണീച്ചര്‍ ഉപയോഗിക്കാന്‍ കഴിയുന്ന അവസ്ഥ ഫ്‌ളാറ്റില്‍ പ്രയോജനപ്രദമാണ്.
വീടിനുള്ളില്‍ ഒരുക്കുന്ന കോര്‍ട്ട്യാര്‍ഡ് പോലെ തന്നെയാണ്, ഇപ്പോള്‍ വന്‍കിട ഫ്‌ലാറ്റ് നിര്‍മ്മാതാക്കളെല്ലാം തന്നെ അപ്പാര്‍ട്ട്മെന്റില്‍ പച്ചപ്പ് ഒരുക്കുന്നുണ്ട്. പുറമേയുള്ള സ്വിമ്മിങ്ങ് പൂളുകള്‍ക്കും ഗ്രാസുകള്‍ക്കും പുറമേ കയറി വരുന്ന ഇടനാഴികളോട് ചേര്‍ന്നും ഇത്തരം പച്ചപ്പ് കാണാം. ഫ്‌ലാറ്റുകളിലെ താമസക്കാര്‍ക്ക് ഇതു പോലെയുള്ള പച്ചപ്പ് താല്‍പ്പര്യമാണെങ്കില്‍ ഗ്രീന്‍ സര്‍ട്ടിഫിക്കേഷനുള്ള ഒരു ഫ്‌ലാറ്റ് നിര്‍മ്മാതാക്കളെ സമീപിക്കാം. ഗ്രീന്‍ സര്‍ട്ടിഫിക്കേഷന്‍ എന്നത് പച്ചപ്പുള്ള ഫ്‌ലാറ്റുകള്‍ക്ക് ലഭിക്കുന്ന ഒന്നാണ്. അത്രയധികമൊന്നുമില്ലെങ്കിലും ഒരുപക്ഷേ കടന്നു വരാവുന്ന ഒരു മാറ്റം തന്നെയാണിത്. അതുകൊണ്ടു തന്നെ ഗ്രീന്‍ ഫ്‌ലാറ്റ് സംസ്‌കാരം പുതിയ ട്രെന്‍ഡാണ്.
ഇത്തിരി സ്ഥലത്തു നിന്നു കൊണ്ട് സൗകര്യങ്ങളൊരുക്കുമ്പോള്‍ ശ്രദ്ധിക്കാവുന്ന ഒത്തിരി കാര്യങ്ങളുണ്ട്. വാസ്തു എന്നത് വീടു വയ്ക്കുമ്പോള്‍ വളരെ പ്രധാനപ്പെട്ട ഒന്നാണെങ്കിലും പലപ്പോഴും ഫ്‌ലാറ്റിന്റെ കാര്യത്തില്‍അത്ര ശ്രദ്ധിക്കാന്‍ കഴിയുന്ന ഒന്നല്ല. പക്ഷേ എന്നിരുന്നാലും അടുക്കള ചെയ്യുമ്പോള്‍ വടക്ക് ഒഴിവാക്കി ചെയ്യുന്നതാണു നല്ലത്.
ഫ്‌ലോറിങ്ങ് തുടങ്ങി കര്‍ട്ടനുകളുടെ കാര്യം വരെ ശ്രദ്ധയോടെ ചെയ്യുമ്പോള്‍ മറക്കരുതാത്ത മറ്റൊന്നു കൂടി ഇപ്പോള്‍ ഫ്‌ളാറ്റ് ഉടമസ്ഥര്‍ ചെയ്യാറുണ്ട്. സെക്യൂരിറ്റി ചെക്കിങ്ങ് ആണത്. അതിനായി സിസി ക്യാമറകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. രാജാപ്പാര്‍ട്ട് കര്‍ട്ടനുകള്‍ മാറി ജൂട്ടിന്റേയും മറ്റും കര്‍ട്ടനുകള്‍ വന്നതോടെ അകത്തളങ്ങളുടെ ശോഭ വീണ്ടും വര്‍ദ്ധിക്കുകയാണ്. സ്ഥലപരിമിതി ഇന്നൊരു പ്രശ്‌നം പോലുമല്ലാതായിക്കഴിഞ്ഞു എന്നാണ് ഫ്‌ലാറ്റ് സംസ്‌കാരം സൂചിപ്പിക്കുന്നത്. അതൊരു പക്ഷേ നല്ലൊരു മാറ്റമാകാം. ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഭൂമിയുടെ വ്യാപ്തി, വീട് എന്ന ആശയത്തിലൂടെ വീണ്ടും കുറയ്ക്കാതെ ഫ്‌ളാറ്റിലെ സൗകര്യങ്ങളില്‍ സംതൃപ്തിപ്പെടാന്‍ ഇന്നത്തെ തലമുറയ്ക്ക് കഴിയും.
https://www.facebook.com/Malayalivartha