പുസ്തകങ്ങള്‍ കൊണ്ട് വീട് അലങ്കരിച്ച എഴുത്തുകാരി
ബുക്കര്‍ പ്രൈസ് നോമിനേഷന്‍ ലഭിച്ചതിലൂടെ ലോകമെങ്ങും ശ്രദ്ധേയയായ എഴുത്തുകാരിയാണ് ഹനിയ യനഗിഹാര എന്ന അമേരിക്കന്‍ എഴുത്തുകാരി. ഹനിയ യനഗിഹാരയ്ക്ക് പുസ്തകങ്ങളോടുള്ള ഇഷ്ടം പറഞ്ഞാലും പറഞ്ഞാലും തീരുന്നതല്ല. പറഞ്ഞും എഴുതിയും മതിവരാതെ ആയപ്പോള്‍ വായനയെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും ചോദിച്ചവരോട് ഹനിയ പറഞ്ഞത് നിങ്ങളെന്റെ വീട്ടിലേക്ക് വന്നു നോക്കൂ, ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് എന്റെ വീട് എന്നാണ്. യാത്രാവിവരണങ്ങളാണ് ഹനിയയുടെ എഴുത്തിന്റെ ശക്തി. യാത്രകളെയും എഴുത്തിനെയും ജീവശ്വാസമാക്കിയ എഴുത്തുകാരി വിവിധ രാജ്യങ്ങളിലൂടെയുള്ള തന്റെ യാത്രക്കിടെ സ്വന്തമാക്കുന്നവയാണ് പുസ്തകങ്ങളും ഈ അലങ്കാരവസ്തുക്കളുമൊക്കെ. ജോണ്‍ ബാന്‍വില്ലിന്റെ ദി അണ്‍ടച്ചബിള്‍, കസുവോ ഇഷിഗുരോയുടെ ദി റിമെയിന്‍സ് ഓഫ് ദ ഡേ എന്നിവയാണ് ഹനിയ യനഗിഹാര വീണ്ടും വീണ്ടും വായിക്കാനിഷ്ടപ്പെടുന്ന പുസ്തകങ്ങള്‍.
2,000 പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഷെല്‍ഫ് കൊണ്ടാണ് സ്വീകരണമുറിയെയും ബെഡ്‌റൂമിനെയും വേര്‍തിരിച്ചിരിക്കുന്നത്. മാത്രമല്ല, ഒറ്റ ഹാളായി കിടന്ന അപ്പാര്‍ട്ട്‌മെന്റിലെ അടുക്കള, സ്റ്റഡി റൂം തുടങ്ങിയവയ്‌ക്കൊക്കെ അതിരിട്ടിരിക്കുന്നത് ഈ പുസ്തകച്ചുവരുകള്‍ കൊണ്ടാണ്. ഗന്ഥകാരന്മാരുടെ പേരിനെ അടിസ്ഥാനപ്പെടുത്തി അക്ഷരമാലാക്രമത്തിലാണ് പുസ്തകങ്ങള്‍ അടുക്കിവച്ചിരിക്കുന്നത്. പുസ്തകം വാങ്ങിക്കൂട്ടി വീട് നിറയ്ക്കുന്ന മിക്കവരും അതിലെന്താണുള്ളതെന്ന് ചിന്തിക്കാറില്ല. പക്ഷേ, തനിക്ക് പുസ്തകങ്ങളെന്നാല്‍ അവയുടെ പുറംചട്ടയുടെ ഭംഗി മാത്രമല്ലെന്ന് ഹനിയ പറയുന്നു. വീടിന്റെ ചുവരുകള്‍ അലങ്കരിച്ചിരിക്കുന്ന പെയിന്റിംഗുകളും വിവിധ തരം അലങ്കാരവസ്തുക്കളും അതുപോലെ ഭംഗി മാത്രം നോക്കി താന്‍ വാങ്ങിയതല്ലെന്നാണ് അവരുടെ അഭിപ്രായം.
https://www.facebook.com/Malayalivartha