ഹജ്ജ് തീര്‍ത്ഥാടകരിലെ മുത്തശ്ശി
മനസ്സിലെ ആഗ്രഹം തീവ്രവും സത്യസന്ധവുമാണെങ്കില്‍ അതു സഫലമാക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചുകൊണ്ടാണ് ഒരു മുത്തശ്ശിയിപ്പോള്‍ വാര്‍ത്തകളിലിടം പിടിക്കുന്നത്. 104-ാം വയസ്സില്‍ ഹജ്ജ് തീര്‍ഥാടനത്തിനിറങ്ങിയ മറിയ മര്‍ജാനിയയാണ് ആ മുത്തശ്ശി. ഇന്തൊനേഷ്യന്‍ സ്വദേശിനിയായ മറിയ മര്‍ജാനിയയാണ് ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകരില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തി. 1913-ല്‍ ജനിച്ച മുത്തശ്ശിക്ക് മൂന്നുമക്കളാണുണ്ടായിരുന്നത്. നിര്‍ഭാഗ്യവശാല്‍ അവരിലാരും തന്നെ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. മൂന്നുമക്കളുടെ 15 പേരക്കുട്ടികളുണ്ട്.
മുത്തശ്ശിയുടെ മനസ്സിലെ തീവ്രമായ ആഗ്രഹം മനസ്സിലാക്കിയ അയല്‍ക്കാരാണ് ഹജ്ജ് ചെയ്യാനുള്ള പണം സമാഹരിച്ചു നല്‍കിയത്. ഹജ്ജ് തീര്‍ഥാടക സംഘത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിക്ക് ഇന്തൊനേഷ്യന്‍ കോണ്‍സുലേറ്റ് അധികൃതരും വിമാനത്താവളത്തിലെ അധികൃതരും വന്‍വരവേല്‍പ്പാണ് നല്‍കിയത്. വര്‍ഷങ്ങളായുള്ള തന്റെ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് മുത്തശ്ശി ജിദ്ദ വിമാനത്താവളത്തിലിറങ്ങിയത്. 90-ാം വയസ്സില്‍ മക്കയിലെത്തി ഉംറ ചെയ്ത മുത്തശ്ശി ഇനിയും ഈ പുണ്യഭൂമിയിലേക്കു മടങ്ങി വരുന്നത് ഹജ്ജ് ചെയ്യാനായി ആകണമേയെന്ന് തീവ്രമായി പ്രാര്‍ഥിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം ആ ആഗ്രഹം സഫലമാവുകയും ചെയ്തു.
https://www.facebook.com/Malayalivartha