പുരികക്കൊടിയിലെ വൈവിധ്യങ്ങള്‍
സൗന്ദര്യ സങ്കല്പത്തില് പുരികത്തിന് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. ത്രെഡ് ചെയ്തു ഷെയ്പ്പിലാക്കിയ കട്ടിയുള്ള പുരികങ്ങള്‍ കാണാന്‍ തന്നെ ഒരു ചന്തമാണ്. പുരികക്കൊടിയിലെ വൈവിധ്യങ്ങള്‍ കണ്ട് അത്ഭുതപ്പെട്ടുപോകും. പര്‍വതനിരകള്‍ പോലെ കയറിയും ഇറങ്ങിയും ഇരിക്കുന്ന പുരികക്കൊടികളാണ് ഇപ്പോള്‍ വൈറലാകുന്ന ട്രെന്‍ഡ്. ഇനി പുത്തന്‍ ട്രെന്‍ഡു പരീക്ഷിച്ചു കളയാം എന്നു കരുതി ബ്യൂട്ടി പാര്‍ലറില്‍ പോയി ഈ വ്യത്യസ്തമായ പുരികക്കൊടി കിട്ടാന്‍ ത്രെഡ് ചെയ്തു കളയല്ലേ.
പുരികം പഴയപടി തന്നെ വച്ചാല്‍ മതി, അതില്‍ അല്പം കരവിരുതു ചെയ്യണമെന്നേയുള്ളു, മനസ്സിലായില്ലേ മേക്അപ്പിലൂടെയാണ് സംഗതി ഇത്ര കിടിലനാക്കുന്നതെന്ന്. അതായത് കാഴ്ചക്കാരുടെ കണ്ണുകളില്‍ ഒരു ഓപ്റ്റിക്കല്‍ ഇല്യൂഷന്‍ ആണെന്നു സാരം. ബ്യൂട്ടി വ്ലോഗറായ പ്രോമിസ് ടമാങ് ആണ് ഈ വെറൈറ്റി പുരികക്കൊടി ട്രെന്‍ഡിങ് ആക്കിയതിനു പിന്നില്‍.
പുരികത്തിന്റെ നിറം കുറച്ചതിനു ശേഷം അതിനു മുകളിലൂടെ കയറിയും ഇറങ്ങിയുമുള്ള ഷെയ്പ്പില്‍ മറ്റൊരു പുരികം വരയ്ക്കുകയാണുചെയ്യുന്നത്. പ്രോമിസ് തന്റെ ഈ പുരികക്കൊടി പങ്കുവച്ചതോടെ ബാക്കിയുള്ളവരും ഇപ്പോള്‍ പരീക്ഷണങ്ങളുമായി ഇറങ്ങിയിരിക്കുകയാണ്. തൂവലിന്റെ രൂപത്തിലും ഡ്രാഗണിന്റെ രൂപത്തിലുമൊക്കെയുള്ള പുരികങ്ങള്‍ വൈറലാവുന്നുണ്ട്.
അതിനിടെ ചിലരെങ്കിലും പുരികക്കൊടിയില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനെ കുറ്റപ്പെടുത്തുന്നുമുണ്ട്. റെഡ് കാര്‍പറ്റ് ലുക്കിനോ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പങ്കുവെക്കാനോ ഒക്കെ ചേര്‍ന്നതാണ് ഈ തരംഗമെങ്കിലും സാധാരണ ദിവസങ്ങളില്‍ അപ്ലൈ ചെയ്യല്‍ അല്പം ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് പലരും പറയുന്നത്. എന്നാല്‍ കണ്ണുകളിലും ചുണ്ടുകളിലുമൊക്കെ മേക്അപ് പരീക്ഷണം നടത്താമെങ്കില്‍ എന്തുകൊണ്ടു പുരികത്തിലും ആയിക്കൂടെന്നു മറുചോദ്യം ഉയര്‍ത്തുന്നവരും കുറവല്ല.
https://www.facebook.com/Malayalivartha