വാസ്തുവും വാസ്തുപുരുഷനും
വീട് നിര്‍മ്മിക്കുമ്പോള്‍ വാസ്തു നോക്കുന്നത് സര്‍വ്വ സാധാരണമാണ്. വാസ്തുവിനെകുറിച്ച് എല്ലാര്‍ക്കും അറിയാം. എന്നാല്‍ വാസ്തുപുരുഷനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഗൃഹംപണിയുന്ന വസ്തുവിലും ആ ഗൃഹത്തിലും വസിക്കുന്ന ദേവനാണ് വാസ്തുപുരുഷന്‍. ഗൃഹത്തിന്റെയും ഗൃഹവാസികളുടെയും സംരക്ഷണത്തില്‍ വാസ്തുപുരുഷന് അതിപ്രധാന സ്ഥാനമാണുള്ളത്. വാസ്തുപുരുഷന്റെ സംതൃപ്തിയിലും, അതൃപ്തിയിലും അധിഷ്ഠിതമാണ് ഓരോ ഗൃഹത്തിന്റെയും അഭിവൃദ്ധി. വാസ്തുപുരുഷനെകുറിച്ച് ഒരു ഐതീഹ്യം തന്നെയുണ്ട്. വാസ്തുപുരുഷന്റെ ജനനം ത്രേതായുഗത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു. പരമശിവനും അന്ധകാരന്‍ എന്ന രാക്ഷസനും തമ്മില്‍ നടന്ന ഘോരയുദ്ധത്തിനിടയില്‍ പരമശിവന്റെ ശരീരത്തില്‍ നിന്നും ഉതിര്‍ന്നു വീണ വിയര്‍പ്പുതുള്ളി ഭീകരരൂപം പ്രാപിച്ച് ജഗത് മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഭൂതമായി മാറുകയായിരുന്നു എന്നാണ് ഐതീഹ്യം.
അസാമാന്യ ശക്തിയുണ്ടായിരുന്ന ഈ ഭൂതം ദേവന്‍മാരെ സദാ ആക്രമിച്ചു കൊണ്ടേയിരുന്നു. ഒടുവില്‍ സഹികെട്ട ദേവന്‍മാര്‍ രക്ഷയ്ക്കായി ബ്രഹ്മാവിനെ സമീപിച്ചു. യുദ്ധം ചെയ്ത് തോല്‍പിച്ച് ഭൂതത്തിനെ ഭൂമിയിലേക്ക് വലിച്ചെറിയാതെ ദേവലോകത്തിന് രക്ഷയുണ്ടാകില്ല എന്ന് ബ്രഹ്മാവ് ദേവന്മാര്‍ക്ക് ഉപദേശം നല്‍കി. തുടര്‍ന്ന് ദേവന്‍മാരും, ഭൂതവുമായി കടുത്ത യുദ്ധം നടന്നു. യുദ്ധത്തിനൊടുവില്‍ ദേവന്മാര്‍ ഒത്തുചേര്‍ന്ന് ഭൂതത്തിനെ ദേവലോകത്തുനിന്നും ഭൂമിയിലേക്ക് വലിച്ചെറിഞ്ഞു. ഭൂമിയില്‍ നിലം പതിച്ച ഭൂതം ഭൂമിയാകമാനം വ്യാപിച്ചു. ശിരസ്സ് വടക്കു കിഴക്ക് കോണിലും, കാല്‍പാദങ്ങള്‍ തെക്ക് പടിഞ്ഞാറ് കോണിലും, കൈകള്‍ രണ്ടും തെക്കു കിഴക്കിലും, വടക്കു പടിഞ്ഞാറിലുമായി ഭൂമിയെ വലയം പ്രാപിച്ചതിനാല്‍ ഭൂതം വാസ്തുപുരുഷന്‍ എന്നപേരില്‍ അറിയപ്പെട്ടു.
ഭൂമിയില്‍ കിടന്ന് പൂര്‍ണ്ണമായും ഭ്രമണം ചെയ്തു തുടങ്ങിയ വാസ്തുപുരുഷന്‍ ഭൂമിയിലെ മനുഷ്യരെ ആക്രമിച്ചു തുടങ്ങി. ആക്രമണങ്ങളില്‍ ഭയചകിതരായ മനുഷ്യര്‍ തങ്ങളുടെ രക്ഷയ്ക്കായി ബ്രഹ്മാവിനോട് പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് വാസ്തുപുരുഷന്റെ ശക്തിയെ വീണ്ടും ക്ഷയിപ്പിക്കുവാന്‍ ബ്രഹ്മാവ് തീരുമാനിച്ചു. കരുത്തരായ അന്‍പത്തിമൂന്ന് ദേവന്‍മാരോട് വാസ്തുപുരുഷന്റെ ശരീരത്തില്‍ വിവിധ ഭാഗങ്ങളില്‍ നിലയുറപ്പിക്കുവാന്‍ ബ്രഹ്മാവ് നിര്‍ദേശിച്ചു. അന്‍പത്തിമൂന്ന് ദേവന്‍മാരും നിര്‍ദേശം അക്ഷരംപ്രതി അനുസരിച്ച് വാസ്തുപുരുഷന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലയുറപ്പിച്ചു.
ഇതോടെ ശക്തി ക്ഷയിച്ച വാസ്തുപുരുഷന്‍ ബ്രഹ്മാവിനോട് ചെയ്ത തെറ്റുകള്‍ക്ക് ക്ഷമ ചോദിച്ചു. മനസ്സലിഞ്ഞ ബ്രഹ്മാവ് വാസ്തുപുരുഷനെ അനുഗ്രഹിച്ചു. ഭൂമിയിലെ മനുഷ്യര്‍ വാസ്തുപുരുഷനെ ആരാധിക്കുമെന്ന വരവും നല്‍കി. ശിലാന്യാസം, കട്ടളവെയ്പ്, ഗൃഹപ്രവേശം എന്നീ അവസരങ്ങളില്‍ മനുഷ്യരെല്ലാം നിന്നെ പൂജിക്കും. അല്ലാത്ത പക്ഷം അവര്‍ക്ക് നാശങ്ങളുണ്ടാകും. നിന്നെ പ്രീതിപ്പെടുത്തുന്നവര്‍ക്കും, നിന്റെ അനുഗ്രഹത്തിന് പാത്രമാകുന്നവര്‍ക്കും സര്‍വവിധ അഭിവൃദ്ധിയുമുണ്ടാകും. നിന്റെ സംരക്ഷണത്തിലായിരിക്കും അവരുടെ ജീവിതം. ഇതായിരുന്നു ബ്രഹ്മാവ് നല്‍കിയ വരത്തിന്റെ സാരം. തുടര്‍ന്ന് മനുഷ്യരാശിയുടെ പൂജകളും പ്രാര്‍ത്ഥനകളും ഏറ്റുവാങ്ങി വാസ്തുപുരുഷന്‍ ഭൂമിയാകമാനമായി നിലകൊള്ളുന്നു എന്നാണ് വിശ്വാസം
https://www.facebook.com/Malayalivartha