കര്ട്ടന് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം
നിരവധി പരീക്ഷണങ്ങളും പുതുമകളുമാണ് കര്‍ട്ടന്‍ മേഖലയില്‍ ഓരോ ദിവസവും പരീക്ഷിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ ട്രെന്റുകള്‍ മാറിവരുന്നതും കര്‍ട്ടന്‍ രംഗത്തെ പ്രത്യേകത. കര്‍ട്ടനുകള്‍ എങ്ങനെയെങ്കിലും തൂക്കാന്‍ ഇന്നാരും തയാറാകില്ല. മുറിയുടെ വലുപ്പം, ജനലിന്റെ സ്ഥാനം, പെയിന്റിന്റെ നിറം ഇതൊക്കെ പരിഗണിച്ചതിന് ശേഷമാണ് കര്‍ട്ടന്‍ തിരഞ്ഞെടുക്കുന്നത്. പമ്മെറ്റസ് കര്‍ട്ടനുകള്‍ നാലുതരമുണ്ട്. ഒരു പ്ലീറ്റ്, രണ്ടു പ്ലീറ്റ്, മൂന്നു പ്ലീറ്റ്, നാലു പ്ലീറ്റ് എന്നിങ്ങനെ. ഒരു ഞൊറി മാത്രമിട്ടു തയ്ക്കുന്ന കര്‍ട്ടനാണ് ഒരു പ്ലീറ്റ് കര്‍ട്ടന്‍. കര്‍ട്ടനിലെ പരമ്പരാഗത രീതിയാണിത്.
ഒറ്റ പ്ലീറ്റഡ് കര്‍ട്ടന്‍ തയ്ച്ചാല്‍ ഒരു പീസ് കര്‍ട്ടന് 26 ഇഞ്ച് വീതിയും രണ്ടു പ്ലീറ്റഡ് കര്‍ട്ടന് 22 ഇഞ്ച് വീതിയും മൂന്നു പ്ലീറ്റഡിന് 16-18 ഇഞ്ച് വീതിയും നാലു പ്ലീറ്റഡിന് 10 ഇഞ്ച് വീതിയും കിട്ടും. ഈ കണക്കുപ്രകാരം കര്‍ട്ടന്‍ തുണിയുടെ അളവില്‍ വ്യത്യാസം വരികയും അതത് മോഡല്‍ അനുസരിച്ച് തുണി കൂടുകയും ചെയ്യാം.നെറ്റ് പോലുള്ള കനം കുറഞ്ഞ മെറ്റീരിയല്‍കൊണ്ട് ഒരു പ്ലീറ്റ് ഇന്നര്‍കര്‍ട്ടന്‍ നിര്‍മിച്ച് പുറമെ മൂന്നു പ്ലീറ്റ് കര്‍ട്ടന്‍ ഇടുന്നതാണ് സാധാരണ ചെയ്യുന്ന രീതി.
സ്‌കാലപ്പ്, പെല്‍മറ്റ്, വാലന്‍സ് കര്‍ട്ടനുകള്‍ - സ്‌കാലപ്പ്, പെല്‍മറ്റ്, വാലന്‍സ് കര്‍ട്ടനുകള്‍ ഒരേ വിഭാഗത്തില്‍പ്പെട്ടവയാണ്. കര്‍ട്ടന്റെ ഭംഗി കൂട്ടാന്‍ കര്‍ട്ടന് മുകളിലായിട്ടാണ് ഇത് പിടിപ്പിക്കുന്നത്. ഇന്നര്‍ കര്‍ട്ടനു മുകളില്‍ തുണികൊണ്ട് തോരണം തൂക്കിയതുപോലുളള സ്‌കാലപ്പ് കര്‍ട്ടന്‍ അകത്തളങ്ങള്‍ക്ക് ഭംഗിയായിരിക്കും. സ്‌കാലപ്പിന്റെ (കര്‍ട്ടന്റെ ഞൊറിപോലുള്ള ഭാഗം) ആകൃതി ആവശ്യത്തിനനുസരിച്ച് മാറ്റി ഇത് തയ്ക്കാം. വൃത്തിയാക്കാന്‍ ബുദ്ധിമുട്ടാണ് എന്നതാണ് ദോഷം. ഡ്രൈക്ലീന്‍ ചെയ്ത് ഇസ്തിരിയിട്ടു നല്‍കുന്ന പ്രൊഫഷണലിസ്റ്റുകള്‍ നഗരങ്ങളിലൊക്കെയുണ്ട്. ഞൊറിയുടെ ആകൃതി, എണ്ണം ഇവയ്ക്കനുസരിച്ചാണ് തയ്യല്‍ക്കൂലി. ഒരു മീറ്റര്‍ തുണിയുടെ കര്‍ട്ടന്‍ തയ്ക്കാന്‍ 300 രൂപവരെയാകും. കര്‍ട്ടന്റെ ബീഡിങ്ങായി ബീഡ്‌സ് ഫ്രിങ്ങ്‌സ്, ക്രിസ്റ്റല്‍ ഫ്രിങ്ങ്‌സ്, ഡിസൈന്‍സ് ഫ്രിങ്ങ്‌സ് എന്നിവ ഉപയോഗിക്കാം.
ലൂപ് കര്‍ട്ടന്‍ - കര്‍ട്ടന്‍ പ്ലീറ്റ് (മടക്ക്) ഇടാതെ വിവിധ തരത്തിലുള്ള ലൂപ്പുകള്‍ പിടിപ്പിച്ച് തയ്ക്കുന്ന കര്‍ട്ടനാണിത്. കര്‍ട്ടന്റെ ഭംഗി കൂട്ടാന്‍ ലൂപ്പുകളുടെ പുറത്ത് തുണിക്ക് ഇണങ്ങുന്നവിധം ഫാന്‍സി ബട്ടണുകള്‍ പിടിപ്പിക്കാം. ഏറ്റവും ലളിതമായി കര്‍ട്ടനടിക്കുന്ന രീതിയാണിത്. ലോഹദണ്ഡി (കര്‍ട്ടന്‍ റോഡ്)ലൂടെ കടത്തി ലൂപ്പുകളില്‍ കര്‍ട്ടന്‍ പിടിപ്പിക്കുകയാണ് ചെയ്യുന്നത്.
നൂല്‍ കര്‍ട്ടന്‍ - കര്‍ട്ടന്‍ കുടുംബത്തിലെ പുതിയ അതിഥിയാണ് നൂല്‍കര്‍ട്ടന്‍ (ത്രെഡ് കര്‍ട്ടന്‍). സാധാരണയായി പാര്‍ട്ടീഷന്‍ കര്‍ട്ടനും ആര്‍ച്ചിനും ആണ് ഇത് ഉപയോഗിക്കുന്നത്. വിവിധ നിറത്തിലുള്ള നൂലുകള്‍ അടുപ്പിച്ചടുപ്പിച്ച് ഞാത്തിയിടുകയാണ് ചെയ്യുന്നത്. നൂലുകളില്‍ മുത്തുകളും കല്ലുകളും പിടിപ്പിച്ച് നൂല്‍കര്‍ട്ടന്‍ ആവശ്യക്കാരന്റെ അഭിരുചിക്കും ബജറ്റിനുമനുസരിച്ച് ആകര്‍ഷണീയമാക്കാനും കഴിയും.
മുള കര്‍ട്ടന്‍ - വീട്, ഓഫീസ്, റിസോര്‍ട്ട്, ഹോട്ടല്‍ എന്നിവിടങ്ങളിലെല്ലാം ഒരുപോലെ ഉപയോഗിക്കുന്ന കര്‍ട്ടനുകളാണ് മുളകര്‍ട്ടന്‍ (ബാംബൂകര്‍ട്ടന്‍). മുളയുടെ ചീളുകള്‍ അടുക്കിയടുക്കി വെച്ച് ഉണ്ടാക്കുന്ന ഈ കര്‍ട്ടന്‍ ശുദ്ധവായുവിനെയും പ്രകാശത്തെയും ഉള്ളിലേക്ക് കടത്തിവിടും.
റിമോര്‍ട്ട് കണ്‍ട്രോള്‍കൊണ്ടും സ്വിച്ചുകള്‍കൊണ്ടും നിയന്ത്രിക്കാവുന്ന കര്‍ട്ടനുകളാണ് ഈ രംഗത്ത് പുതിയത്. വില അല്‍പം കൂടുമെങ്കിലും ആവശ്യക്കാര്‍ ഏറെയാണിതിന്. പൗഡര്‍ കോട്ടഡ് അലുമിനിയം ചാനല്‍ ഉപയോഗിച്ചിരുന്ന സ്ഥാനത്ത് തടി, ഓട്, സ്റ്റീല്‍, കാസ്റ്റ് അയേണ്‍ എന്നിവകൊണ്ടുള്ള റോഡുകളാണ് ഇപ്പോള്‍ ട്രെന്‍ഡ്. കര്‍ട്ടന്‍ തുണിയിലും ട്രെന്‍ഡി ഐറ്റങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണ്. പോളിയസ്റ്റര്‍ പ്രിന്റഡ്, ജക്വാര്‍ഡ്, ഹെവി ജക്വാര്‍സ്, വിസ്‌കോസ്, 3 ബബിള്‍സ്, ഡബിള്‍ വീവിങ് ക്ലോത്ത്, ടെര്‍കോസ എന്നിവയാണ് തുണിയിലെ പുതുമുഖങ്ങള്‍.
മുറിയിലെ പെയിന്റിനും ടൈല്‍സിനും ബെഡ്ഷീറ്റിനും യോജിച്ച നിറത്തിലുള്ള തുണിവേണം കര്‍ട്ടന്‍ തയ്യാറാക്കാന്‍ വാങ്ങാന്‍. കര്‍ട്ടന് പകരം ആവശ്യാനുസരണം പ്രവര്‍ത്തിക്കുന്ന മുകളിലേക്ക് മടക്കിവെക്കാവുന്ന ബ്ലൈന്റുകള്‍ ട്രെന്‍ഡായി മാറിയിട്ടുണ്ട്. കര്‍ട്ടനേക്കാള്‍ ഒതുക്കവും വൃത്തിയുമാണ് ഇതിന്റെ പ്രത്യേകത. ഉപയോഗിക്കുന്ന മെറ്റീരിയല്‍ അനുസരിച്ച് ബ്ലൈന്റുകള്‍ പലതരമുണ്ട്. വെര്‍ട്ടിക്കല്‍, റോമന്‍, വുഡന്‍, റോളര്‍ ബ്ലൈന്റുകളാണ് ഈ കൂട്ടത്തില്‍ ട്രെന്‍ഡി.
പ്‌ലാസ്റ്റിക്, സിന്തറ്റിക് മെറ്റീരിയല്‍ എന്നിവകൊണ്ടാണ് വെര്‍ട്ടിക്കല്‍ ബ്ലൈന്റുകള്‍ നിര്‍മിക്കുന്നത്. നീളത്തിലുള്ള കുറേ സ്ട്രിപ്പുകളാണ് പുറംകാഴ്ചയെ മറയ്ക്കുന്നത്. ചരട് വലിക്കുമ്പോള്‍ സ്ട്രിപ്പുകള്‍ കുത്തനെ തിരിഞ്ഞ് ഒരു മറയായി മാറും. ഓഫീസുകളിലാണ് ഇത് കൂടുതല്‍ ഉപയോഗിക്കുന്നത്.
https://www.facebook.com/Malayalivartha