ഇടിമിന്നലില്‍ നിന്നും രക്ഷനേടാം
കാലാവസ്ഥയുമായി ബന്ധപ്പട്ട ദുരന്തങ്ങളില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഇടിമിന്നല്‍ ദുരന്തം. പക്ഷേ, ഇടിമിന്നലിനെക്കുറിച്ചുള്ള പഠനങ്ങള്‍ ഇന്നും ശൈശവദശയിലാണെന്നതാണ് വാസ്‌തവം. ഇടിമിന്നല്‍ ദുരന്തങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്നതായാണ് ഇതു സംബന്ധിച്ച പഠനങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. വര്‍ഷംതോറും കേരളത്തില്‍ ശരാശരി 71 പേരുടെ മരണത്തിനിടയാക്കുന്ന ഈ പ്രതിഭാസം ഇന്ത്യയില്‍ ഏറ്റവും കൂടുതലായി അനുഭവപ്പെടുന്നതും നാശനഷ്‌ടങ്ങളുണ്ടാക്കുന്നതും നമ്മുടെ സംസ്ഥാനത്തുതന്നെ. കേരളത്തില്‍ ഇതിന്റെ തീവ്രത ഏറ്റവും കൂടുതലായി അനുഭവപ്പെടുന്നത് കൊല്ലം ജില്ലയിലും ഏറ്റവും കുറവ് തൃശ്ശൂര്‍ ജില്ലയിലുമാണ് എന്ന് ഇതു സംബന്ധിച്ച പഠനങ്ങളില്‍ നിന്നും വ്യക്തമാകുന്നു. കോട്ടയം ജില്ലയുടെ അപകട സാദ്ധ്യത മറ്റു സംസ്ഥാന ജില്ലകളുടെ ശരാശരിയെക്കാള്‍ വളരെ കൂടുതലാണ്.
കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തിന്റെയും കാതടപ്പിക്കുന്ന ശബ്‌ദഘോഷത്തിന്റെയും അകമ്പടിയോടെ ആകാശത്തെ മഴമേഘങ്ങളില്‍ നിന്ന് ഭൂമിയിലേക്ക് വളരെ വേഗത്തില്‍ നിപതിയ്‌ക്കുന്ന വൈദ്യുതി-ഊര്‍ജ്ജ തരംഗങ്ങളാണ് ഇടിമിന്നല്‍. മിന്നല്‍ പ്രവാഹത്തിന് ഏകദേശം 30,0000c താപനിലയും ആയിരക്കണക്കിന് ആമ്പിയര്‍ പ്രവാഹ ശക്തിയുമുണ്ട്. ഇടിമിന്നലേല്‍ക്കുവാന്‍ സാദ്ധ്യതയുള്ള പ്രദേശങ്ങള്‍, സമയം എന്നിവ കൃത്യമായി പ്രവചിക്കുവാനാകില്ല എന്നതാണ് ഇടിമിന്നല്‍ മൂലമുണ്ടാകുന്ന ദുരന്തസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്ന മുഖ്യഘടകം.
ശാസ്‌ത്രവിശകലനം
`കുമുലോനിമ്പസ്' എന്ന പേരിലറിയപ്പെടുന്ന വലിയ മഴമേഘങ്ങളാണ് ഇടിമിന്നലുകള്‍ സൃഷ്‌ടിക്കപ്പെടുന്നതിന്റെ മുഖ്യഹേതു. തുടര്‍ച്ചയായ സൂര്യതാപം മൂലം ഭൂമിയുടെ ഉപരിതലത്തിലെ വായു ചൂടുപിടിച്ച് മേല്‌പോട്ട് ഉയരുകയും തണുത്ത വായു താഴേയ്‌ക്കു പ്രവഹിക്കുകയും ചെയ്യുന്നു. ഈ ചംക്രമണം തീ്രവമാവുന്നതോടുകൂടി `കുമുലോനിമ്പസ്' മേഘങ്ങളുടെ ജനനത്തിനുള്ള ബീജാവാപം നടക്കുന്നു. ക്രമേണ ഇത് വളര്‍ച്ച പ്രാപിച്ച് പൂര്‍ണ തോതിലുള്ള `കുമുലോ നിമ്പസ് മഴമേഘ'മായി തീരുന്നു. ഈ മേഘങ്ങള്‍ `പൂരിതാവസ്ഥ' കൈവരിക്കുന്നത് മദ്ധ്യാഹ്നത്തിനുശേഷമാണ്. ഇടിമിന്നലാക്രമണങ്ങള്‍ ഭൂരിഭാഗവും മദ്ധ്യാഹ്നത്തിനു ശേഷമോ, സായംസന്ധ്യാ സമയത്തോ സംഭവിക്കുന്നതിന്റെ പ്രധാന കാരണവുമിതാണ്. ഓരോ പ്രദേശത്തിലെയും അന്തരീക്ഷത്തിന്റെ സ്വഭാവവിശേഷങ്ങള്‍, അതിനുമുകളിലുള്ള മേഘങ്ങളുടെ ചാര്‍ജിംഗ് പ്രക്രിയകള്‍ എന്നിവയാണ് ഇടിമിന്നല്‍ മേഘങ്ങളുടെ രൂപീകരണത്തെ സ്വാധീനിക്കുന്ന മുഖ്യഘടകങ്ങള്‍.
ഇതുകൊണ്ടുതന്നെ `കുമുലോ നിമ്പസ്' മേഘങ്ങള്‍ വിവിധ പ്രദേശങ്ങളില്‍ വിഭിന്ന സ്വഭാവ വിശേഷങ്ങളുള്ളവയായിരിക്കും. അവയുടെ മുകള്‍ഭാഗത്ത് സാധാരണയായി ധനചാര്‍ജും (+ve), താഴെ ഋണചാര്‍ജും (-ve) രൂപീകൃതമാവുന്നു.
നമ്മുടെ വായുമണ്ഡലം വൈദ്യുത രോധകമായതുകൊണ്ട് ഈ ചാര്‍ജുകള്‍ വളരെവേഗത്തില്‍ നഷ്‌ടപ്പെടുകയില്ല. എന്നാല്‍ ക്രമേണ അതിന്റെ അളവു വര്‍ദ്ധിച്ചു വര്‍ദ്ധിച്ച് ഒരു നിശ്ചിത പരിധി കഴിയുമ്പോള്‍, പുതുതായി സൃഷ്‌ടിക്കപ്പെട്ട `വൈദ്യുതമണ്ഡലം' `വായു മണ്ഡല'ത്തിന് താങ്ങാവുന്നതിലധികമാവുന്നു. അങ്ങിനെ ആത്യന്തികമായി വായുമണ്ഡലത്തിന്റെ രോധക ശക്തി ഭേദിച്ച് ഇടിമിന്നലുകള്‍ സൃഷ്‌ടിക്കപ്പെടുന്നു. വായുമണ്ഡലത്തില്‍ വൈദ്യുതമണ്ഡലം സൃഷ്‌ടിക്കുന്ന കനത്ത ആഘാതം മൂലം വായുമണ്ഡലത്തിന്റെ താപനില പത്തിലൊന്ന് സെക്കന്റ് വേഗതയില്‍, ഞൊടിയിടകൊണ്ട് ഏകദേശം 30,0000c ആയി വര്‍ദ്ധിക്കുന്നു. ഇത് സൃഷ്‌ടിക്കുന്ന വന്‍സമ്മര്‍ദ്ധത്തിന്റെ വ്യാപനമാണ് ഇടിമുഴക്കമായി നമുക്കനുഭവപ്പെടുന്നത്.
ഇടിമിന്നലിന്റെ സഞ്ചാര വേഗത സെക്കന്റിന്റെ പത്തിലൊന്ന് ആയതിനാല്‍ ഒരു സെക്കന്റിന്റെ ചെറിയൊരംശം സമയം കൊണ്ടു കിലോമീറ്ററുകളോളം സഞ്ചരിക്കുവാന്‍ ഇടിമിന്നലുകള്‍ക്കു കഴിയും. അതുകൊണ്ടുതന്നെ ഇടിമിന്നലുകളുടെ സഞ്ചാരപഥത്തില്‍ നിന്നും ഓടി രക്ഷപെടുക സാധ്യമല്ല. എങ്കിലും മിന്നല്‍ പിണറുകളെക്കുറിച്ച് വ്യക്തമായ ധാരണയും, അവബോധവുമുണ്ടെങ്കില്‍ മിന്നലാക്രമണങ്ങളില്‍ നിന്നും രക്ഷനേടാനാവും. ഇടിമിന്നലുകള്‍ സൃഷ്‌ടിക്കപ്പെടുന്ന സമയം, കാലം എന്നിവയെക്കുറിച്ചുള്ള ശരിയായ അവബോധമാണ് ഇതില്‍ ഏറ്റവും പ്രധാനം.
സുരക്ഷിതസ്ഥാനങ്ങള്‍:
വാര്‍ക്ക കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള ലോഹകവചിത മേല്‍ക്കൂരയ്‌ക്കു കീഴില്‍ അഭയം തേടുക. കാരണം അവ താരതമ്യേന സുരക്ഷിതമാണ്. എങ്കിലും ചുവരുകള്‍, വാതിലുകള്‍, ജനലുകള്‍ എന്നിവയുടെ സമീപത്തുനിന്നും മാറിനില്‌ക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇടിമിന്നലാക്രമണം ആരംഭിക്കുന്നതോടുകൂടി, പ്രത്യേകിച്ച് തുലാവര്‍ഷത്തില്‍ മദ്ധ്യാഹ്നത്തിനുശേഷമുള്ള സമയങ്ങളില്‍ എല്ലാ വൈദ്യുതോപകരണങ്ങളുടെയും പ്ലഗുകള്‍ ഊരി വൈദ്യുതിബന്ധം വിച്ഛേദിക്കണം. മിന്നല്‍ സമയങ്ങളില്‍ ലോഹ നിര്‍മിതമായ വസ്‌തുക്കളില്‍നിന്നും അകന്നു നില്‌ക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇടിമിന്നലുള്ള അവസരങ്ങളില്‍ വീടിനുള്ളിലാണ് നിങ്ങള്‍ എങ്കില്‍പോലും മുറിയുടെ നടുഭാഗത്ത് ഇടംതേടുന്നതാണ് കൂടുതല്‍ ഉചിതം.
താരതമ്യേന വലിയകെട്ടിടങ്ങള്‍, പ്രത്യേകിച്ച് അവയുടെ പാര്‍ശ്വങ്ങളില്‍ കുടിവെള്ള പൈപ്പുകള്‍-ലോഹനിര്‍മ്മിത വസ്‌തുക്കള്‍-കുത്തനെയുള്ള ലോഹപാട്ടകള്‍ എന്നിവയുണ്ടെങ്കില്‍ കൂടുതല്‍ സുരക്ഷിതത്വം പ്രദാനം ചെയ്യും. മുകളില്‍ നിന്നും വശങ്ങളില്‍ നിന്നും ധാരാളം വിടവുള്ള വലിയ പര്‍വതഗുഹകളും അപകടസാധ്യത കുറവുള്ള പ്രദേശങ്ങളാണ്.
സുരക്ഷിതത്വം കുറവുള്ള പ്രദേശങ്ങളും സാഹചര്യങ്ങളും
ഭൂമിയുടെ പ്രതലത്തില്‍ നിന്നും ഉയര്‍ന്നു സ്ഥിതിചെയ്യുന്ന വസ്‌തുക്കളിലും പ്രദേശങ്ങളിലുമാണ് ഇടിമിന്നലിന്റെ ആഘാതം സാധാരണയായി കൂടുതല്‍ അനുഭവപ്പെടാറുള്ളത്. ഉയരം വര്‍ധിക്കുംതോറും ആഘാത സാധ്യതയും ഏറിവരുന്നു. അതുപോലെ ലോഹനിര്‍മിത വസ്‌തുക്കളുടെ സാമീപ്യം, ലോഹ നിര്‍മിത പ്രതലത്തിന്റെ വ്യാപ്‌തി എന്നിവ മിന്നലാക്രമണ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. തുറസ്സായ വെളിമ്പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടു നില്‌ക്കുന്ന മരങ്ങള്‍ക്കും ഇടിമിന്നലേല്‍ക്കുവാനുള്ള സാധ്യത വളരെയേറെയാണ്. മരങ്ങളുടെ ഉയരം വര്‍ധിക്കുന്നതിനനുസരിച്ച് അപകടസാധ്യതയും വര്‍ദ്ധിച്ചുവരും. തുറസ്സായ സ്ഥലങ്ങളിലെ ചെറിയ കെട്ടിടങ്ങള്‍, വൈദ്യുതികമ്പി-ലോഹവസ്‌തുക്കള്‍ ഇവയുടെ സാമീപ്യം, നീന്തല്‍ കുളത്തിലെ സ്‌നാനം, ജലാശയത്തിലൂടെ തോണിയില്‍ സഞ്ചാരം, ഉയര്‍ന്ന പ്രദേശങ്ങളില്‍ തങ്ങുന്നത്, മോട്ടോര്‍ സൈക്കിള്‍, ട്രാക്‌ടര്‍, തുറന്ന ജീപ്പ് എന്നിവയിലുള്ള സഞ്ചാരം (വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഇടിമിന്നലാക്രമണ സമയത്ത് തുറന്ന ജീപ്പില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരുന്ന ബാബു ചാഴിക്കാടന്റെ ദാരുണ മരണം ഓര്‍ക്കുക.) എന്നിവ ഒഴിവാക്കണം.
മിന്നല്‍ വേളയില്‍ തുറസ്സായ സ്ഥലത്തുള്ള ഒറ്റപ്പെട്ട മരത്തിനു സമീപമാണ് നിങ്ങളെങ്കില്‍ ചിത്രത്തില്‍ കാണുംപോലെ മരത്തിന്റെ ശാഖകളില്‍ നിന്നും അല്‌പം അകലെയായി നിലത്ത് കുത്തിയിരിക്കണം.
ഇടിമിന്നല്‍ സംരക്ഷണസജ്ജീകരണം എങ്ങനെ?
ഇടിമിന്നലില്‍ നിന്നും സംരക്ഷണം ഉറപ്പാക്കേണ്ട കെട്ടിടത്തില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് അംഗീകരിച്ചിട്ടുള്ള നിബന്ധനകള്‍ക്കനുസൃതമായ ലൈറ്റിനിംഗ് കണ്ടക്‌ടറുകള്‍ സ്ഥാപിക്കണം.
ഇതനുസരിച്ച്, കെട്ടിടത്തിന്റെ ഏറ്റവും മുകളില്‍ ഉയര്‍ന്നു നില്‌ക്കുന്ന സ്‌തൂപത്തില്‍ നിന്നും ഊര്‍ജ്ജം കെട്ടിടത്തിന്റെ വിസ്‌തൃതിക്കു പുറത്തേക്ക് പ്രവഹിച്ച് ഭൂമിയില്‍ എത്തിച്ചേരത്തക്കവിധത്തില്‍ (ചിത്രം രണ്ട് ശ്രദ്ധിക്കുക) ഏര്‍ത്തിംഗ് സംവിധാനം ഉണ്ടാക്കണം.
ലൈറ്റിനിംഗ് കണ്ടക്‌ടര്‍ സ്ഥാപിക്കുന്നതുകൊണ്ട് ലഭിക്കാവുന്ന സംരക്ഷണത്തിന്റെ വ്യാപ്‌തിയാണ് ചിത്രത്തിലെ `സംരക്ഷണ കോണ്‍' കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഇടിമിന്നലും കേരളവും
സസ്യസാന്ദ്രമായ ഒരു സംസ്ഥാനമാണ് കേരളം. നമ്മുടെ ഈ പ്രദേശത്ത് പലസ്ഥലങ്ങളിലും വീടിനു സമീപം ധാരാളം വൃക്ഷങ്ങളുണ്ട്. അവയില്‍ പലതും കെട്ടിടങ്ങളേക്കാള്‍ ഉയരമുള്ളവയാണുതാനും. അതുകൊണ്ട് കെട്ടിടത്തിനു മുകളില്‍ സ്ഥാപിച്ചിട്ടുള്ള ലൈറ്റിനിംഗ് കണ്ടക്‌ടറുകള്‍ അടുത്തുള്ള മരങ്ങളെ സംരക്ഷിച്ചു കൊള്ളണമെന്നില്ല. മാത്രമല്ല, ഇത്തരം മരങ്ങളില്‍ ഇടിമിന്നലേറ്റാല്‍, കെട്ടിടത്തിനുള്ളില്‍ ലോഹവസ്‌തുക്കള്‍, വൈദ്യുതി വയറുകള്‍ എന്നിവയുള്ളതുകൊണ്ട് തറയില്‍ കൂടി ഇടിമിന്നലിന്റെ ഊര്‍ജ പ്രവാഹം വീടിനുള്ളിലേക്കു പ്രവേശിക്കാം.
ഇത്തരം സാഹചര്യത്തില്‍ വീടിന് പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കണമെങ്കില്‍, കെട്ടിടത്തിന്റെ ഫൗണ്ടേഷനില്‍ നിന്നും 1 മീറ്റര്‍ ദൂരത്തിലും 1.5 മീറ്റര്‍ ആഴത്തിലും ചിത്രത്തില്‍ കാണുംപോലെ റിംങ് കണ്ടക്‌ടര്‍ സ്ഥാപിക്കണം.
പ്രഥമശുശ്രൂഷ
മിന്നല്‍ മൂലം സംഭവിക്കുന്ന മരണങ്ങളില്‍ ഏറിയപങ്കും ശ്വാസതടസ്സംമൂലമാണുണ്ടാകുക. തലച്ചോറിലെ ശ്വസന കേന്ദ്രത്തെമിന്നല്‍ ബാധിക്കുന്നതുമൂലമാണിത്. ആയതിനാല്‍ മിന്നലേറ്റ വ്യക്തിക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നല്‌കുകയാണ് ഏറ്റവും അടിയന്തിരമായി ചെയ്യേണ്ടത്. ഇതുമൂലം ഏറെ പേരുടെ ജീവന്‍ രക്ഷിക്കുവാന്‍ കഴിയും. വൈദ്യസഹായം എത്രയും വേഗം ലഭ്യമാക്കുകയും വേണം
https://www.facebook.com/Malayalivartha