ആസ്‌ട്രേലിയയുടെ സ്‌കില്‍ഡ് ഇന്‍ഡിപെന്റന്റ് വിസ
ഒരു തൊഴിലുടമയോ, ഒരു സ്ഥാപനമോ, ഒരു പ്രദേശമോ, ഏതെങ്കിലും കുടുംബാംഗമോ സ്‌പോണ്‍സര്‍ ചെയ്‌തിട്ടില്ലാത്ത തൊഴില്‍ വൈദഗ്‌ധ്യമുള്ള തൊഴിലാളികള്‍ക്ക് പോയിന്റ് അടിസ്ഥാനത്തില്‍ അനുവദിക്കുന്ന വിസയാണിത്. ഈ വിസയുണ്ടെങ്കില്‍ ആസ്‌ട്രേലിയയില്‍ എവിടേയും സ്ഥിരമായി താമസിക്കുകയും, തൊഴിലില്‍ ഏര്‍പ്പെടുകയും ചെയ്യാം. ഒപ്പം നിങ്ങളുടെ അപേക്ഷയില്‍ അര്‍ഹരായ കുടുംബാംഗങ്ങളേയും ഉള്‍പ്പെടുത്താം. ഇതുകൂടാതെ ആസ്‌ട്രേലിയയില്‍ പരിധിയില്ലാതെ താമസിക്കുകയും ചെയ്യാം. ഇത്തരം വിസയുള്ളവര്‍ക്ക് മുഴുവന്‍ തൊഴില്‍ അവകാശങ്ങളോടും കൂടി തൊഴിലില്‍ ഏര്‍പ്പെടുവാനും അനുമതി ലഭിക്കുന്നു.
ഈ വിസ ലഭിക്കുന്നതിനായി എക്‌സ്‌പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് എന്ന രേഖയാണ് ആദ്യം സമര്‍പ്പിക്കേണ്ടത്. 2012ല്‍ ആസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയ ഒരു സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം ആണ് സ്‌കില്‍ഡ് മൈഗ്രന്റ് സെലക്ഷന്‍ രജിസ്‌റ്റര്‍ അഥവാ സ്‌കില്‍ സെലക്ട്. ഇതിനു വേണ്ടിയാണ് വിസക്ക് അപേക്ഷിക്കുന്നതിനു മുന്‍പ് എക്‌സ്‌പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സമര്‍പ്പിക്കേണ്ടത്. രണ്ടു ഘട്ടങ്ങളുള്ള ഒരു ഇലക്ട്രോണിക് വിലയിരുത്തലാണിത്. ഇതില്‍ വിജയിക്കുന്നവര്‍ക്ക് വിസക്കായി അപേക്ഷിക്കാം.
വിസക്ക് അപേക്ഷ നല്‍കാനുള്ള ക്ഷണം ലഭിച്ചാല്‍ അറുപത് ദിവസത്തിനകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഈ വിസ ലഭിക്കുന്നവര്‍ക്ക് തങ്ങളുടെ പങ്കാളിയേയും, കുട്ടികളേയും, തങ്ങളേയോ, പങ്കാളിയേയോ ആശ്രയിക്കുന്ന ബന്ധുക്കളേയും അപേക്ഷയില്‍ ഉള്‍പ്പെടുത്താം.
https://www.facebook.com/Malayalivartha