സ്റ്റുഡന്റ്‌സ് വിസായും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
സ്റ്റുഡന്‍സ് വിസായില്‍ ലണ്ടനില്‍ എത്തിയ ചില ചെറുപ്പക്കാരെ പരിചയപ്പെടാം. ഈസ്റ്റ് ഹാമിലെ ഒരു ഷോപ്പിംഗ് മാളില്‍ ഒഴിവുസമയത്തു ജോലിക്കു വന്നതാണ്. മിക്കവരും നാട്ടില്‍ നേഴ്‌സിംഗ്, ബിബിഎ, ഫുഡ്‌ക്രാഫ്‌റ്റ് എന്നിങ്ങനെ ഓരോ കോഴ്‌സു കഴിഞ്ഞവരാണ്. ഒപ്പം ഐഇഎല്‍ടിഎസ് എന്ന ഭാഷാപഠനവും തുടര്‍ന്ന് എംബിഎ പോലുള്ള കോഴ്‌സുകള്‍ക്ക് അഡ്‌മിഷനും വാങ്ങി, സ്റ്റുഡന്റ് വിസായോടുകൂടി ബ്രിട്ടണില്‍ എത്തിയവര്‍. ഒന്നോ രണ്ടോ വര്‍ഷമാണു വിസാ കാലാവധി. നാട്ടില്‍നിന്ന് ഐഇഎല്‍ടിഎസ് കിട്ടിയില്ലെങ്കില്‍ അതും ഈ കാലയളവില്‍ പാസ്സാകണം.
പഠനകാലത്തു ജോബ് സെന്ററില്‍ പേരു രജിസ്റ്റര്‍ ചെയ്‌താല്‍ യൂണിവേഴ്‌സിറ്റി വ്യവസ്ഥകള്‍ക്കു വിധേയമായി താത്‌ക്കാലിക ജോലികള്‍ക്കു പോകാം. ക്ലാസുള്ള ദിവസങ്ങളില്‍ ജോലി ആഴ്‌ചയില്‍ ഇരുപതു മണിക്കൂര്‍ മാത്രം. വെക്കേഷന്‍ കാലത്ത് ഈ പരിമിതിയില്ല. നേഴ്‌സിംഗ് ഹോമുകളും ഷോപ്പിംഗ് മാളുകളും ഇവരെ കാത്തിരിക്കുന്നു. കെയറര്‍, സെയില്‍സ് ഗേള്‍സ്, ഹെല്‍പര്‍ എന്നിങ്ങനെ വിവിധ ജോലികള്‍ ലഭ്യമാണ്. മിനിമം വേജസ് മണിക്കൂറില്‍ അഞ്ചു പൗണ്ടായിരുന്നു. ഇപ്പോള്‍ വര്‍ധിച്ചിരിക്കും. വെക്കേഷന്‍ മുഴുവന്‍ പണിയെടുത്താല്‍ പിറ്റേ വര്‍ഷത്തേക്കുള്ള പഠനച്ചെലവു സ്വരുക്കൂട്ടാം.
പഠിക്കുന്ന കോഴ്‌സു പൂര്‍ത്തിയായാല്‍ നിയമപ്രകാരം നാട്ടിലേക്കു തിരികെ പോകണം. എന്നാല്‍, മിക്കവരും ഇങ്ങനെ പോകാറില്ല. വിസാ കാലയളവില്‍ ഏതെങ്കിലും സ്ഥാപനത്തിന്റെ തത്‌കാലിക ജോലിക്കു കയറുന്നു. അവിടെ കഴിവു തെളിയിച്ചാല്‍ അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വര്‍ക്കു പെര്‍മിറ്റിന് അപേക്ഷ സമര്‍പ്പിക്കാം. നടപടി ക്രമങ്ങള്‍ക്കു ശേഷം ജോബ് വിസ ലഭിക്കും. മറ്റു ചിലര്‍ ഇക്കാലയളവില്‍ വിവാഹിതരാകുന്നു. ജീവിതപങ്കാളിക്ക് അവിടെ സ്ഥിരം ജോലിയുണ്ടെങ്കില്‍ അതിന്റെ കെയറോഫില്‍ ഡിപെന്‍ഡന്റ് വിസ ലഭിക്കും. രണ്ടായാലും ആ രാജ്യത്തു തുടരാനുള്ള അനുവാദമായി. ഇനിയാവശ്യം കഴിവും പരിശ്രമവുമാണ്. കിട്ടുന്ന ഏതു ജോലിയും ചെയ്യാനുള്ള സന്നദ്ധതയും. എങ്കില്‍ വിവിധ സ്ഥാപനങ്ങളില്‍ മാറിമാറി ജോലി ചെയ്‌ത് ഒടുവില്‍ തന്റെ വിദ്യാഭ്യാസത്തിനു യോജിച്ച തസ്‌തികയില്‍ എത്തിച്ചേരാം.
ഇനി പ്രോപ്പര്‍ ചാനലില്‍ ജോലിക്ക് എത്തുന്നവരെക്കുറിച്ച്. ഇവര്‍ നാട്ടില്‍ നിന്നു കോഴ്‌സുകള്‍ പാസ്സായി ആവശ്യമായ തൊഴില്‍പരിചയവും ഐഇഎല്‍ടിഎസ് യോഗ്യതയും നേടി യുകെയില്‍ ജോലിക്ക് അപേക്ഷിച്ച് ഇന്റര്‍വ്യൂ കഴിഞ്ഞു വര്‍ക്കു പെര്‍മിറ്റും നിയമന ഉത്തരവും ലഭിച്ചവരാണ്. ഇവര്‍ക്കും ആദ്യം കിട്ടുന്നത് ഒരു വര്‍ഷത്തെ സ്റ്റുഡന്‍സ് വിസായാണ്. നിയമനം ലഭിച്ചു സ്ഥാപനത്തില്‍ എത്തിയാല്‍ ഹ്രസ്വമായ ഒരു പരിശീലനകാലം കഴിഞ്ഞു നിശ്ചിത സേവന, വേതന വ്യവസ്ഥയില്‍ ജോലിയില്‍ പ്രവേശിക്കാം.
നേഴ്‌സുമാരെങ്കില്‍ ആദ്യത്തെ ആറു മുതല്‍ ഒന്‍പതുവരെ മാസത്തേക്ക് അഡാപ്‌റ്റേഷന്‍ പീരിയഡ് എന്നൊരു കടമ്പയുണ്ട്. ഈ തൊഴില്‍ചെയ്യുന്നവര്‍ മനുഷ്യജീവനാണു കൈകാര്യം ചെയ്യേണ്ടത്. അതിനാല്‍ കുറച്ചുകാലത്തെ തൊഴില്‍ പരിശീലനം ആവശ്യമാണ്. അതിനു മേല്‌നോട്ടം വഹിക്കുന്നവര്‍ സീനിയര്‍ നേഴ്‌സ് മെന്റര്‍ എന്നറിയപ്പെടുന്നു. ഈ ട്രെയിനിംഗിന് ഇപ്പോള്‍ ഓവര്‍സീസ് നേഴ്‌സിംഗ് പ്രോഗ്രാം എന്നു പേരുമാറ്റിയിട്ടുണ്ട്. ഈ പീരിയഡ് വിജയകരമായി പൂര്‍ത്തിയാക്കി മെന്ററുടെ ഗുഡ് സര്‍വീസ് റിപ്പോര്‍ട്ടു സഹിതം യൂണിവേഴ്‌സിറ്റിക്കു പേപ്പര്‍ സമര്‍പിക്കണം. അത് അംഗീകരിക്കപ്പെട്ടാല്‍ പേഴ്‌സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ കിട്ടും. ഇപ്പോഴാണ് അയാള്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ കീഴില്‍ അംഗീകൃത നേഴ്‌സ് ആകുന്നത്.
ഇവരുടെ വിസാ ഹോം ഓഫീസില്‍ സമര്‍പിച്ചാല്‍ ജോബ് വിസ ആയി മാറ്റിക്കിട്ടും. ആദ്യം നാലു വര്‍ഷത്തേക്ക്. പിന്നെ കാലാകാലങ്ങളില്‍ പുതുക്കി കിട്ടും. ഇവര്‍ നാട്ടില്‍വന്നു വിവാഹം കഴിച്ചാല്‍ ജീവിതപങ്കാളിക്കു ഡിപ്പെന്‍ഡന്റ് വിസ ലഭിക്കും. യു.കെയില്‍ എത്തി അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പെര്‍മനന്റ് റഡിഡന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അത് ആ രാജ്യത്തു സ്ഥിരതാമസത്തിനുള്ള പച്ചക്കൊടിയാണ്. അതോടെ നിയമാനുസൃത ആനുകൂല്യങ്ങള്‍ക്ക് ഇവര്‍ അര്‍ഹരായി. അതായതു മക്കളുടെ വിദ്യാഭ്യാസച്ചെലവ്, കുടുംബത്തിന്റെ ചികിത്സാച്ചെലവ്, വാര്‍ധക്യകാല പെന്‍ഷന്‍ എന്നിങ്ങനെയെല്ലാം.
പ്രോപ്പര്‍ ചാനലില്‍ വിദേശജോലി നേടാനുള്ള നടപടിക്രമങ്ങള്‍ കണ്ടല്ലൊ. എന്നാല്‍, നാട്ടിലെ കാലതാമസം ഒഴിവാക്കി ഏജന്‍സികളുടെ സഹായത്തോടെ ധാരാളം നേഴ്‌സുമാര്‍ ബ്രിട്ടണിലേക്കു പറക്കുന്നുണ്ട്. അതും സ്റ്റുഡന്‍സ് വിസായില്‍. ഇവര്‍ ആദ്യം എത്തിപ്പെടുക നേഴ്‌സിംഗ് ഹോമെന്നോ റെസിഡന്‍ഷ്യല്‍ ഹോം എന്നോ അറിയപ്പെടുന്ന വൃദ്ധമന്ദിരങ്ങളില്‍ കെയറര്‍ തസ്‌തികയിലാണ്. ജോലി വൃദ്ധെര പരിചരിക്കല്‍. ഇവര്‍ നേഴ്‌സിംഗ് ജോലിയില്‍ എത്താന്‍ കുറെ വൈകിയേക്കും. അഡാപ്‌റ്റേഷന്‍ അഥവാ ഒഎന്‍പി വൈകുന്നതാണു കാരണം.മുമ്പു സൂചിപ്പിച്ച മെന്റര്‍ തസ്‌തിക നേഴ്‌സിംഗ് ഹോമിലും ഉണ്ടായിരിക്കണം. ഒരു മെന്ററുടെ കീഴില്‍ രണ്ടു ട്രെയിനീസ് മാത്രമേ ആകാവൂ. പ്രവേശനം സീനിയോറിറ്റി ക്രമത്തിലാണ്. അതിനൊരു കാത്തിരിപ്പ്. അഡാപ്‌റ്റേഷന്‍ ആരംഭിച്ചാലോ? അതുവിജയകരമായി പൂര്‍ത്തിയാക്കാന്‍ ഒരു കഠിനയത്‌നം. ഒടുവില്‍ കടമ്പ കടന്നാല്‍ പേഴ്‌സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ കിട്ടും.ഇനി വേണമെങ്കില്‍ അതേ സ്ഥാപനത്തില്‍ നേഴ്‌സായി പ്രൊമോഷന്‍ സ്വീകരിക്കാം. എന്‍എച്ച്‌എസിന്റെ ശമ്പളവ്യവസ്ഥയില്‍, അതല്ലെങ്കില്‍ സര്‍ക്കാര്‍ ആസ്‌പത്രികളില്‍ നേഴ്‌സിംഗ് ജോലി സ്വീകരിക്കാം.
കണ്ടും കേട്ടും അറിഞ്ഞ ഈ വിവരങ്ങള്‍ പൂര്‍ണമല്ല. എങ്കിലും വിദേശത്തു ജോലി ആഗ്രഹിക്കുന്നവര്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതു നന്ന്. ആ രാജ്യത്തെ ജോലിക്കാവശ്യമായ യോഗ്യതകളും തൊഴില്‍പരിചയവും ഇവിടെ നിന്നു തന്നെ നേടി, പ്രോപ്പര്‍ ചാനലില്‍ പോകുന്നതാണു മെച്ചം.
https://www.facebook.com/Malayalivartha