ക്യാനഡയുമായി തുടരുന്ന ഭിന്നതയിൽ കടുത്ത നടപടികളുമായി ഇന്ത്യ:- കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് താത്ക്കാലികമായി നിർത്തി...
ക്യാനഡയുമായി തുടരുന്ന ഭിന്നതയിൽ കടുത്ത നടപടികളുമായി ഇന്ത്യ. കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഇന്ത്യ താത്ക്കാലികമായി നിർത്തി. വിസ അപേക്ഷ പോർട്ടലായ ബി.എൽ.എസിലൂടെയാണ് സേവനങ്ങൾ നിർത്തുന്ന വിവരം അറിയിച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിസ സേവനങ്ങൾ ഉണ്ടാവില്ലെന്നാണ് വെബ്സൈറ്റിൽ പറയുന്നത്. ഇന്ത്യ വിസാ സർവീസുകൾ നിർത്തിവയ്ക്കുമെന്ന സൂചന വിദേശകാര്യ വൃത്തങ്ങൾ നേരത്തെ നൽകിയിരുന്നു.
ഇന്ത്യയ്ക്കും ക്യാനഡയ്ക്കും തമ്മിലുള്ള പ്രശ്നം കൂടുതൽ ഗുരുതരമാകുന്നു എന്ന് തന്നെ ഇതിലൂടെ വിലയിരുത്താം. ഇന്ത്യ കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തിവയ്ക്കുമ്പോൾ ക്യാനഡയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. കാനഡയില്‍ സിഖ് നേതാവ് ഹര്‍ദീപ് സിംഗ് ഹിജ്ജാര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും സ്വീകരിച്ച നടപടികളാണ് ബന്ധം വഷളാവാന്‍ ഇടയാക്കിയത്.
ഹിജ്ജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ കാനഡയുടെ നടപടിക്ക് അതേ നാണയത്തിലാണ് ഇന്ത്യ തിരിച്ചടി നല്‍കിയത്. സമാനമായ നിലയില്‍ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയാണ് ഇന്ത്യ തിരിച്ചടിച്ചത്. ഇതിന് പിന്നാലെയാണ് കാനഡയ്‌ക്കെതിരെ വീണ്ടും നടപടി കടുപ്പിച്ച്, കാനഡ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് ഇന്ത്യ നിര്‍ത്തി വെച്ചത്.
ജസ്റ്റിൻ ട്രൂഡോയുടെ നിലപാട് ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുന്നതിലേക്ക് നയിച്ചേക്കുമെന്നാണ് ഉന്നതവൃത്തങ്ങളുടെ വിലയിരുത്തൽ. ജസ്റ്റിൻ ട്രൂഡോ ഭീകരരെ പിന്തുണയ്ക്കുന്നുവെന്ന് അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളെ ഇന്ത്യ അറിയിക്കും. ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം വഷളാകുന്നത് കാനഡയിലേക്ക് കുടിയേറിയവരും ഇതിനായി കാത്തിരിക്കുന്നവരും ആശങ്കയോടെയാണ് കാണുന്നത്. ജസ്റ്റിൻ ട്രൂഡോ അധികാരത്തിൽ എത്തിയത് മുതൽ ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളൽ ദൃശ്യമായി തുടങ്ങിയിരുന്നു. ന്യൂനപക്ഷ സർക്കാരിന് നേതൃത്വം നൽകുന്ന ട്രൂഡോ തീവ്ര സിഖ് നിലപാടുള്ള ജഗ്മീത് സിംഗിൻറെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയെ ആശ്രയിച്ചാണ് ഭരണത്തിൽ തുടരുന്നത്.
ജഗ്മീത് സിംഗിനെയും ഇന്ത്യ വിരുദ്ധ സംഘടനകളെയും അധികാരത്തിന് വേണ്ടി ട്രൂഡോ പിന്തുണയ്ക്കുന്നുവെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ജി20 ഉച്ചകോടിക്കെത്തിയ ജസ്റ്റിൻ ട്രൂഡോയോട് ഇക്കാര്യം നരേന്ദ്ര മോദി നേരിട്ട് സൂചിപ്പിച്ചിരുന്നു. പൊതു തെരഞ്ഞെടുപ്പ് 2025 ൽ നടക്കാനിരിക്കെ ജസ്റ്റിൻ ട്രൂഡോ നിലപാട് തിരുത്തുമെന്ന് ഇന്ത്യ കരുതുന്നില്ല. ഹർദീപ് സിംഗ് നിജ്ജറിൻറെ കൊലപാതകത്തിൽ അമേരിക്കയും ഫ്രാൻസും ഉൾപ്പടെ ജി7 രാജ്യങ്ങളെ കൂടെ നിർത്താനുള്ള നീക്കവും ട്രൂഡോ തുടങ്ങിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഭീകരവാദത്തെ അനുകൂലിക്കുന്ന ട്രൂഡോയുടെ നിലപാട് പ്രധാന രാജ്യങ്ങളെ ഇന്ത്യ ബോധ്യപ്പെടുത്തും. 20 ലക്ഷത്തോളം ഇന്ത്യൻ വംശജർ കാനഡയിലുണ്ട്. മലയാളികൾ അടക്കം 75000 പേർ എല്ലാ വർഷവും കാനഡയിലേക്ക് കുടിയേറുന്നുണ്ട്. കാനഡയിൽ പഠനത്തിനായി എത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം രണ്ട് ലക്ഷത്തിനടുത്താണ്.
രണ്ടു രാജ്യങ്ങൾക്കുമിടയിലെ ഈ തർക്കം കാനഡയിലേക്ക് പോകുന്നവരെയും ബാധിച്ചേക്കാം. അതിനിടെ കാനഡയിൽ മറ്റൊരു ഖലിസ്ഥാൻവാദി നേതാവ് കൂടെ കൊല്ലപ്പെട്ടു. സുഖ്‌ദൂൽ സിങ് എന്ന സുഖ ദുൻകെയാണ് കൊല്ലപ്പെട്ടത്. ദേവിന്ദർ ബാംബിഹ സംഘത്തിൽപ്പെട്ടയാളാണ്.
ഇരുസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണു പുറത്തുവരുന്ന വിവരം. വിന്നിപെഗിൽ ബുധനാഴ്ച രാത്രിയിലാണ് കൊലപാതകമെന്നാണ് സൂചന. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു സമാനമാണ് ഇപ്പോഴത്തേതെന്നും റിപ്പോർട്ടുണ്ട്.
https://www.facebook.com/Malayalivartha