വിമാന ടിക്കറ്റുകള്‍ റദ്ദാക്കാനുള്ള ഫീസ് ആഗസ്റ്റ് ഒന്നു മുതല്‍ കുത്തനെ കുറയ്ക്കും
വിമാന കമ്പനികളുടെ കൊള്ളയ്ക്കു തടയിടാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ കടിഞ്ഞാണ്‍. വിമാന ടിക്കറ്റുകള്‍ റദ്ദാക്കാനുള്ള ഫീസ് ആഗസ്റ്റ് ഒന്നു മുതല്‍ കുത്തനെ കുറയ്ക്കാനാണ് പുതിയ നിര്‍ദേശം. നേരത്തെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ വന്‍ തുക പെനാല്‍റ്റി ഈടാക്കിയിരുന്നു. ഓഗസ്റ്റ് ഒന്നു മുതലുള്ള ടിക്കറ്റ് റദ്ദാക്കലുകള്‍ക്ക് അധിക നിരക്കുകള്‍ ഈടാക്കരുതെന്ന് വിമാനക്കമ്പനികളോട് ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) നിര്‍ദേശം. വിദേശരാജ്യങ്ങളിലേക്കു പോകുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുണകരമാണ് പുതിയ ഉത്തരവ്.
പുതിയ നിര്‍ദേശങ്ങളും ഡിജിസിഎ വിമാനകമ്പനികള്‍ക്കു മുന്നില്‍ വച്ചിട്ടുണ്ട്. റീഫണ്ട് ഫീസ് എത്രയായിരിക്കുമെന്ന് വിമാനക്കമ്പനികള്‍ യാത്രികരെ അറിയിക്കണം. യാത്രക്കാരുടെ സംശയങ്ങള്‍ വ്യക്തമായി പറഞ്ഞുകൊടുക്കണം. വിമാനകമ്പനികള്‍ ടിക്കറ്റ് റദ്ദാക്കല്‍ നിരക്ക് കുത്തനെ കൂട്ടുന്നത് വന്‍വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എല്ലാത്തരത്തിലുള്ള ടിക്കറ്റുകളുടെ റദ്ദാക്കലിനും നിര്‍ദേശം ബാധകമാണ്. നികുതി, വിവിധ ഡെവലപ്‌മെന്റ് ഫീസുകള്‍, പാസഞ്ചര്‍ സര്‍വീസ് ഫീസ് എന്നിവയുള്‍പ്പെടെ റീഫണ്ട് തുക യാത്രികര്‍ക്ക് തിരിച്ചു നല്‍കണമെന്നാണ് നിര്‍ദേശം. കഴിഞ്ഞമാസം കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഈ നിര്‍ദേശവുമായി ആദ്യം മുന്നോട്ടെത്തിയത്. റീഫണ്ട് തുക യാത്രികന് പണമായി വാങ്ങുകയോ ക്രെഡിറ്റിലേക്ക് കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാം.
https://www.facebook.com/Malayalivartha