ഓണ്‍ലൈനായി പാസ്‌പോര്ട്ടിന് അപേക്ഷിക്കാന്‍...
പാസ്‌പോര്‍ട്ട് എടുക്കാന്‍ ഇനി കാലതാമസമില്ല. മുമ്പ് പാസ്‌പോര്‍ട്ട് എടുക്കുന്നതിന് ഒട്ടേറെ നടപടിക്രമങ്ങളുണ്ടായിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ സംവിധാനത്തിന്റെ വരവോടെ അപേക്ഷകരുടെ നീണ്ട നിരയില്‍ കാത്തു നില്‍ക്കാതെ വേഗത്തില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ ഇപ്പോള്‍ സമര്‍പ്പിക്കാന്‍ സാധിക്കും.
പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ www.passportindia.gov.in...lഎന്ന വെബ്‌സൈറ്റില്‍ റജിസ്‌ട്രേഷന്‍ നടത്തുകയാണ് ആദ്യപടി. റജിസ്‌ട്രേഷന്‍ ഫോം ഓണ്‍ലൈനായി പൂരിപ്പിച്ച ശേഷം അതേ ലോഗിന്‍ ഐഡിയും പാസ് വേര്‍ഡും ഉപയോഗിച്ച് പാസ്‌പോര്‍ട്ട് സേവാ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക. വെബ്‌സൈറ്റിലുള്ള Apply for fresh passport എന്ന ഓപ്ഷനിലാണ് പാസ്‌പോര്‍ട്ട് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അപേക്ഷ പൂരിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ക്യാപിറ്റല്‍ ലെറ്ററുകള്‍ മാത്രമാണ് ഉപയോഗിക്കേണ്ടത്. ഫോമില്‍ നല്‍കുന്ന വിവരങ്ങളായിരിക്കും പിന്നീട് പാസ്‌പോര്‍ട്ട് ലഭിക്കുമ്പോള്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവുക. അതിനാല്‍ തെറ്റുകള്‍ കൂടാതെ പൂരിപ്പിക്കാന്‍ ശ്രദ്ധിക്കുക.
ഓരോ വാക്കിനു ശേഷവും ഒരു കളം വിടാന്‍ ശ്രദ്ധിക്കുക.
നല്‍കിയിരിക്കുന്ന കളങ്ങള്‍ക്കുള്ളില്‍ ഒതുക്കി വിവരങ്ങള്‍ പൂരിപ്പിക്കുക.
അപൂര്‍ണ്ണമായ അപേക്ഷകള്‍ സ്വീകരിക്കപ്പെടില്ല.
ഫോം പൂരിപ്പിച്ച് സമര്‍പ്പിച്ച ശേഷം ഓണ്‍ലൈനായി പണം അടയ്ക്കുകയാണ് അടുത്ത ഘട്ടം. അതിനായി Pay and schedule appointment എന്ന ഓപ്ഷനാണ് ഉപയോഗിക്കേണ്ടത്. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലും പാസ്‌പോര്‍ട്ട് ഓഫിസുകളിലും അപ്പോയിന്‍മെന്റ് ബുക്ക് ചെയ്യുന്നതിന് ഓണ്‍ലൈനായി പണമടക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പണമടക്കുന്നതിനായി ഡെബിറ്റ്/ ക്രഡിറ്റ് കാര്‍ഡുകളോ (MaterCard and Visa), എസ്ബിഐയുടേയും അനുബന്ധ ബാങ്കുകളുടേയും ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനമോ, എസ്ബിഐ ബാങ്കിന്റെ ചെല്ലാനോ ഉപയോഗിക്കാം.
പണമിടപാടു പൂര്‍ത്തിയായാല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലോ പ്രാദേശിക പാസ്‌പോര്‍ട്ട് ഓഫിസിലോ കൂടിക്കാഴ്ചക്കുള്ള സമയം ബുക്ക് ചെയ്യുക. ഇതിനു ശേഷം Print application receipt എന്ന ഓപ്ഷന്‍ ഉപയോഗിച്ച് അപേക്ഷയുടെ രസീതിന്റെ പ്രിന്റ് ഔട്ട് എടുക്കണം. അതില്‍ നിങ്ങളുടെ റജിസ്‌ട്രേഷന്‍ നമ്പറും അപ്പോയിന്‍മെന്റ് നമ്പറും രേഖപ്പെടുത്തിയിരിക്കും.
പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ കൂടിക്കാഴ്ചയ്ക്ക് പോകുമ്പോള്‍ നിങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ യഥാര്‍ത്ഥ രേഖകള്‍ കയ്യില്‍ കരുതുക. 1989 ജനവരി 26ന് ശേഷം ജനിച്ചവര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കരുതുക. ഇതിനു പുറമെ അവശ്യ രേഖകളുടെ സ്വയം അറ്റസ്റ്റ് ചെയ്ത കോപ്പികളും സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനു തൊട്ടു മുന്‍പുള്ള ഒരു വര്‍ഷം അപേക്ഷകന്‍ ഒന്നിലധികം വിലാസങ്ങളില്‍ താമസിച്ചിട്ടുണ്ടെങ്കില്‍ PP ഫോമിന്റെ (Personal Particulars form)) രണ്ട് കോപ്പികള്‍ അധികമായി സമര്‍പ്പിക്കണം.
പ്രത്യേകം ശ്രദ്ധിക്കാന്‍
അടിയന്തര സാഹചര്യങ്ങളിലും അടിയന്തര ചിക്ത്‌സയ്ക്കായി പോകുന്നവര്‍ക്കും മുന്‍കൂര്‍ അപ്പോയിന്‍മെന്റ് എടുക്കാതെ പാസ്‌പോര്‍ട്ട് കേന്ദ്രത്തെ സമീപിക്കാം. അതാത് കേന്ദ്രത്തിന്റെ ഓഫിസര്‍ക്ക് ഇത്തരം അപേക്ഷകളില്‍ തീരുമാനമെടുക്കാവുന്നതാണ്.
നാലു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ടിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെത്തുമ്പോള്‍ ഏറ്റവും അടുത്തകാലത്ത് എടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കയ്യില്‍ കരുതണം. വെള്ള ബാക്ക്ഗ്രൗണ്ടോടുകൂടിയ ഫോട്ടോയാണ് സമര്‍പ്പിക്കേണ്ടത്.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 90 ദിവസത്തിനുള്ളില്‍ അപേക്ഷകന്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം സന്ദര്‍ശിച്ചില്ലെങ്കില്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടതായി വരും.
https://www.facebook.com/Malayalivartha