പുതിയ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അടുത്ത വര്‍ഷം; എല്ലാ വിവരങ്ങളും അടങ്ങിയ കംപ്യൂട്ടര്‍ ചിപ്പ് ഉള്‍പ്പെടെ
കൂടുതല്‍ സുരക്ഷാസംവിധാനങ്ങളോടു കൂടിയുള്ള പുതിയ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അടുത്തവര്‍ഷം മുതല്‍ പുറത്തിറക്കും. 'ഹൈടെക്' പാസ്‌പോര്‍ട്ടായിരിക്കും പുറത്തിറക്കുക. ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഒര്‍ഗനൈസേഷന്റെ (ഐസിഎഒ) ശുപാര്‍ശകളും മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും പാലിച്ചായിരിക്കും പുതിയ പാസ്‌പോര്‍ട്ട് നിര്‍മിക്കുക. പുതിയ പാസ്‌പോര്‍ട്ട് ഡിസൈന്‍ ചെയ്യാനായി കമ്മിറ്റി തന്നെ രൂപീകരിച്ചതായി ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള പാസ്‌പോര്‍ട്ട് കൂടുതല്‍ ഉപയോഗിക്കുമ്‌ബോള്‍ ചുളുക്കും കീറലും ഉണ്ടാവുന്നതുകാരണം പാസ്‌പോര്‍ട്ടിലെ പ്രധാനപ്പെട്ട വിവരങ്ങള്‍ നഷ്ടപ്പെടുന്നുണ്ട്.
പുതിയ പാസ്‌പോര്‍ട്ടില്‍ ഉടമയുടെ എല്ലാ വിവരങ്ങളും അടങ്ങിയ കംപ്യൂട്ടര്‍ ചിപ്പും ഉള്‍പ്പെടുത്തും. തട്ടിപ്പുകള്‍ തടയാനുള്ള എല്ലാ പഴുതുകളും അടച്ച് ഐസിഎഒയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും പുതിയ യാത്രാരേഖ നിര്‍മിക്കുകയെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതേസമയം തങ്ങള്‍ക്ക് ഇതിനെക്കുറിച്ചു വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പാസ്‌പോര്‍ട്ട് വിഭാഗം കോണ്‍സുല്‍ സന്ദീപ് ചൗധരി തേജസിനോട് പറഞ്ഞു. സര്‍ക്കാര്‍ കണക്കുപ്രകാരം 3 കോടി 17 ലക്ഷം ഇന്ത്യക്കാരാണ് വിദേശത്തു കഴിയുന്നത്.
തുടക്കത്തില്‍ 22.5 ദശലക്ഷം പാസ്‌പോര്‍ട്ടുകളാണ് അച്ചടിക്കുക. ഐസിഎഒ നിര്‍ദേശപ്രകാരം പാസ്‌പോര്‍ട്ടില്‍ ഉപയോഗിക്കുന്ന പടത്തില്‍ മുഖവും തലയും വ്യക്തമായി കണ്ടിരിക്കണം. പടത്തില്‍ യഥാര്‍ഥത്തിലുള്ള തൊലിയുടെ നിറം വ്യക്തമായി മനസ്സിലാക്കാന്‍ കഴിയണം. പടം ആറു മാസത്തില്‍ കൂടുതല്‍ പഴക്കം ഉണ്ടാവരുത്.
കണ്ണിനു സമീപം മുടി മറയരുത്, കണ്ണട വയ്ക്കുന്നവരുടെ കണ്ണടയില്‍ കൂടി പ്രതിബിംബങ്ങളൊന്നും ഇല്ലാതെതന്നെ കണ്ണ് വ്യക്തമായി കാണാന്‍ കഴിയണം. സ്‌കാഫ് ധരിക്കുന്നതിനു കുഴപ്പമില്ലെങ്കിലും നെറ്റി മുതല്‍ താടിയെല്ലുവരെ കണ്ടിരിക്കണം. ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ കാനഡയിലെ മോണ്‍ട്രിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐസിഎഒ.
https://www.facebook.com/Malayalivartha