ഇന്ത്യൻ പൗരൻമാർക്ക് വിസയിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് യുഎഇ; കൂടുതൽ ഇന്ത്യൻ പൗരന്മാർക്ക് വിസ ഓൺ അറൈവൽ സൗകര്യം ഒരുക്കി
നയതന്ത്രപരമായും സൗഹൃദപരമായും യുഎഇയും ഇന്ത്യയും തമ്മിൽ വളരെ മികച്ച രീതിയിലുള്ള ബന്ധം കാത്ത് സൂക്ഷിക്കുന്ന രാജ്യങ്ങളാണ്. ഈ ബന്ധം മുൻനിർത്തി ഇന്ത്യൻ പൗരൻമാർക്ക് വിസയിൽ കൂടുതൽ ഇളവുകൾ അനുവദിക്കുകയാണ് യുഎഇ. കൂടുതൽ ഇന്ത്യൻ പൗരന്മാർക്ക് വിസ ഓൺ അറൈവൽ സൗകര്യം ഒരുക്കിയിരിക്കുകയാണ്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
യുഎഇയും ഇന്ത്യയും തമ്മിലുള്ള ദീർഘകാല തന്ത്രപരമായ പങ്കാളിത്തത്തിന്‍റെ ഭാഗമാണ് ചില ഇന്ത്യൻ പൗരന്മാർക്ക് ഈ വീസ ഓൺ അറൈവൽ സംവിധാനം വിപുലീകരിക്കുന്നതെന്ന് ഐസിപി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി പറഞ്ഞു. ഓൺ അറൈവൽ വിസ സേവനങ്ങളുടെ പുതുക്കിയ ഫീസ് ഷെഡ്യൂളും അതോറിറ്റി പ്രഖ്യാപിച്ചു. യോഗ്യതയുള്ള യാത്രക്കാർക്ക് 60 ദിവസത്തെ വിസ നൽകും.
വിസ ഓൺ അറൈവലിന് യോഗ്യതയുള്ള യാത്രക്കാർ ആരൊക്കെയെന്ന് നോക്കാം. എല്ലാ ഇന്ത്യക്കാർക്കും ഇതിനുള്ള അവസരം ലഭിക്കില്ല. യൂറോപ്യന്‍ യൂണിയന്‍, യുഎസ്, യുകെ എന്നിവിടങ്ങളിലേക്ക് ടൂറിസ്റ്റ് വിസ കൈവശമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് പുതുതായി യുഎഇയില്‍ പ്രവേശിക്കുന്നതിനുള്ള പ്രീ-എന്‍ട്രി വിസ നിബന്ധനയില്‍ ഇളവ് ഏര്‍പ്പെടുത്തിയത്. നേരത്തെ, യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ താമസ വിസയുള്ള ഇന്ത്യക്കാര്‍ക്ക് മാത്രമായിരുന്നു ഇതുവരെ യുഎഇയില്‍ ഓണ്‍ അറൈവല്‍ വിസ അനുവദിച്ചിരുന്നത്.
ഈ ആനുകൂല്യം ഇവിടങ്ങളില്‍ ടൂറിസ്റ്റ് വിസ കൈവശമുള്ളവര്‍ക്ക് കൂടി ബാധകമാവുന്ന രീതിയില്‍ വിസ ഇളവ് വ്യാപിപ്പിച്ചിരിക്കുന്നത്. കൂടാതെ, സന്ദര്‍ശകര്‍ക്ക് യുഎസ്, യുകെ, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ എന്നിവയിലേക്കുള്ള അവരുടെ ടൂറിസ്റ്റ് വിസയ്ക്ക് കാലാവധിയുണ്ടെങ്കില്‍ ബാധകമായ ഫീസ് അടച്ചതിന് ശേഷം യുഎഇയിലെ താമസ കാലം നീട്ടാനും അനുമതിയുണ്ട്. എന്നാല്‍ പാസ്‌പോര്‍ട്ടിന് കുറഞ്ഞത് ആറ് മാസത്തെ കാലാവധി വേണമെന്ന നിബന്ധനയുണ്ട്.
സേവനങ്ങളുടെ പുതുക്കിയ ഫീസ് ഷെഡ്യൂളും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള വീസ, റസിഡൻസികൾ അല്ലെങ്കിൽ ഗ്രീൻ കാർഡുകൾ കൈവശമുള്ള ഇന്ത്യൻ പൗരന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും 14 ദിവസത്തെ എൻട്രി വീസയ്ക്കുള്ള ഇഷ്യുസ് ഫീസ് 100 ദിർഹമായി തീരുമാനിച്ചു. ഈ വീസ 14 ദിവസത്തേക്ക് കൂടി നീട്ടുന്നതിനുള്ള ഫീസ് 250 ദിർഹമാണ്. 60 ദിവസത്തെ വീസയ്ക്ക് 250 ദിർഹമാണ് നിരക്ക്.
അതിനിടെ, കൂടുതല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് രാജ്യത്തേക്ക് വിസ ഓണ്‍ അറൈവല്‍ നല്‍കാനുള്ള ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയുടെ നീക്കത്തെ യുഎഇയിലെ ട്രാവല്‍ ഏജന്റുമാര്‍ സ്വാഗതം ചെയ്തു. ഇത് തങ്ങളുടെ ബിസിനസ്സ് കുറഞ്ഞത് 15 മുതല്‍ 17 ശതമാനം വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ഈ മേഖലയിലുള്ളവര്‍ പറയുന്നു. ഈ അവസരം പ്രയോജനപ്പെടുത്തി യുഎഇയിലേക്ക് നിരവധി ഇന്ത്യക്കാർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ വിസ നേടാൻ സാധിക്കുമെന്നതിനാൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha