പക്ഷാഘാതം സംഭവിച്ച മെത്രാപ്പോലീത്തയെ മെച്ചപ്പെട്ട ചികിത്സ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് വെല്ലൂരില്‍ നിന്നെത്തിയ മെഡിക്കല്‍സംഘം പറയുന്നത്, അമേരിക്കയിലുള്ള സഭാ തലവന്‍ ജോസഫ് മാര്‍ത്തോമ്മ ഇതിന് അനുവദിക്കുന്നില്ല
അസുഖബാധിതനായി കുമ്പനാട് ഫെലോഷിപ്പ് മിഷന്‍ ആശുപത്രിയില്‍ കിടക്കുന്നമാര്‍ത്തോമ്മ സഭയുടെ വലിയ മെത്രാപ്പോലീത്തയും പത്മഭൂഷണ്‍ ജേതാവുമായ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിനെ വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി. അദ്ദേഹത്തിന്റെ മാതൃ ഇടവകയായ ഇരവിപേരൂര്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളി സംരക്ഷണ സമിതിയാണ് പരാതിയുമായി രംഗത്ത് എത്തിയത്. വെല്ലൂരിലേക്ക് കൊണ്ടുപോകാന്‍ മാര്‍ത്തോമ്മ സഭയുടെ തലവനായ ജോസഫ് മാര്‍ത്തോമ്മ അനുവദിക്കുന്നില്ലെന്നാണ് ഇരവിപേരൂര്‍ പള്ളിക്കാരുടെ ആക്ഷേപം.
ഡോ. ജോസഫ് മാര്‍ത്തോമ്മ ഇപ്പോള്‍ അമേരിക്കന്‍ പര്യടനത്തിലാണ്. പള്ളി സംരക്ഷണ സമിതിയുടെ ആക്ഷേപമിങ്ങനെയാണ്
'2017 ല്‍ രാഷ്ട്രം പത്മഭൂഷണ്‍ നല്‍കി ആദരിച്ച മഹാനായ ഈ വ്യക്തിയോടുള്ള സഭയുടെ മേലധ്യക്ഷനായ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ നിഷേധാത്മകമായ സമീപനം കടുത്ത അനാദരവാണ്. അതിലുപരി കടുത്ത മനുഷ്യവകാശ ലംഘനവുമാണ്. ഇരവിപേരൂര്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയിലെ ജനങ്ങള്‍ക്ക് സഭാ പരമാധ്യക്ഷന്റെ നിലപാടില്‍ കടുത്ത അമര്‍ഷവും പ്രതിഷേധവും ഉണ്ട്. ഇത് വിശ്വാസികളോടുള്ള വെല്ലുവിളിയാണ്. ആദരണീയനും നാനാജാതി മതസ്ഥരാല്‍ സര്‍വ്വാദരണീയനുമായ ക്രിസോസ്റ്റം തിരുമേനിക്ക് മെച്ചപ്പെട്ട ചികിത്സ കിട്ടാന്‍ അദ്ദേഹത്തെ വെല്ലൂരിലേക്ക് കൊണ്ടുപോകാനുള്ള നടപടി ഉടനെ സ്വീകരിക്കണമെന്ന്' ഇരവിപേരൂര്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ പള്ളി സംരക്ഷണ സമിതിക്കുവേണ്ടി കെ.വി. ഉമ്മന്‍ കരിക്കാട്ട് ഫെല്ലോഷിപ്പ് മിഷന്‍ ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു.'
വലിയ മെത്രാപ്പോലീത്തയ്ക്ക് കഴിഞ്ഞദിവസം പക്ഷാഘാതം സംഭവിച്ചതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതുകൊണ്ടുതന്നെ കുറേക്കൂടി മെച്ചപ്പെട്ട ചികിത്സ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് വെല്ലൂരില്‍ നിന്നെത്തിയ മെഡിക്കല്‍സംഘം പറയുന്നത്. എന്നാല്‍, ഈ അവസ്ഥയില്‍ അദ്ദേഹത്തെ വെല്ലൂരിലേക്ക് കൊണ്ടുപോകുന്നത് ഉചിതമാകില്ലെന്നാണ് ജോസഫ് മാര്‍ത്തോമ്മയുടെ നിലപാട്.
ഇരവിപേരൂര്‍ പള്ളി സംരക്ഷണ സമിതിയുടെ ആക്ഷേപം ന്യായമാണെങ്കില്‍ ജോസഫ് മാര്‍ത്തോമ്മായുടെ നിലപാട് മനുഷ്യത്വരഹിതവും കടുത്ത മനുഷ്യാവകാശ ലംഘനവുമാണ്.
https://www.facebook.com/Malayalivartha