സയന്‍സ് സിറ്റിക്ക് 30 ഏക്കര്‍ അനുവദിച്ച് ഉത്തരവായി
കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സയന്‍സ് മ്യൂസിയത്തിന്റെ സയന്‍സ് സിറ്റി സ്ഥാപിക്കുന്നതിന് കോഴായില്‍ കൃഷിവകുപ്പിന്റെ കൈവശമുണ്ടായിരുന്ന 30 ഏക്കര്‍ സ്ഥലം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായി ജോസ് കെ.മാണി എം.പി അറിയിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ.എം മാണി, കെ.പി മോഹനന്‍, അടൂര്‍ പ്രകാശ് എന്നിവരുമായെല്ലാം ചര്‍ച്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുമായും കേന്ദ്രസാംസ്‌കാരിക വകുപ്പ് മന്ത്രിയുമായും ജോസ് കെ.മാണി നടത്തിയ നിരന്തര ചര്‍ച്ചകളുടെ ഫലമായാണ് രാജ്യത്തെ നാലാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തേതുമായ സയന്‍സ് സിറ്റി കോട്ടയത്ത് സ്ഥാപിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ കോഴായിലെ സ്ഥലം കേന്ദ്രസംഘം സന്ദര്‍ശിച്ചിരുന്നു. കൊല്‍ക്കത്ത, ജലന്തര്‍, അഹമ്മദാബാദ് തുടങ്ങിയ 3 നഗരങ്ങളിലാണ് ഇപ്പോള്‍ സയന്‍സ് സിറ്റികളുള്ളത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ മേല്‍പ്പറഞ്ഞ ശാസത്ര നഗരങ്ങളുടെ പട്ടികയിലേക്ക് കോട്ടയവും ഉയര്‍ത്തപ്പെടും. വികസിത രാജ്യങ്ങളില്‍ മാത്രം നിലവിലുള്ള ശാസ്‌ത്ര,സാങ്കേതിക, വിജ്ഞാന, ഗവേഷണ, വിനോദസൗകര്യങ്ങള്‍ ഇനി ജില്ലയ്‌ക്കും ലഭ്യമാകും.
രണ്ട് ഘട്ടങ്ങളായാണ് കോട്ടയം സയന്‍സ് സിറ്റിയുടെ പണി പൂര്‍ത്തീകരിക്കുവാന്‍ ലക്ഷ്യമിടുന്നതെന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു. ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു റീജണല്‍ സയന്‍സ് സെന്റര്‍ ജില്ലയില്‍ ആരംഭിക്കും. ആധുനിക ശാസ്‌ത്രത്തിന്റെ വളര്‍ച്ചയും വികാസവും വിശദമാക്കുന്ന ബയോടെക്‌നോളജി ഗ്യാലറി, നാനോ ടെക്‌നോളജി ഗ്യാലറി, പോപ്പുലര്‍ സയന്‍സ് ഗ്യാലറി എന്നിവ സെന്ററിന്റെ ഒന്നാംഘട്ടം പ്രവര്‍ത്തനങ്ങളുള്‍പ്പെടുത്തി നിര്‍മ്മിക്കും. ആനിമേഷന്‍, ഗ്രാഫിക്‌സ്, മള്‍ട്ടിമീഡിയ, ഇന്ററാക്‌റ്റിവിറ്റി എന്നിവ ഉള്‍പ്പെടുത്തി ആധുനിക സയന്‍സിന്റെ സൂക്ഷ്‌മാനുഭവങ്ങള്‍ വരെ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പകര്‍ന്ന് നല്‍കുന്ന വിധത്തിലാണ് ഈ ഗ്യാലറികള്‍ നിര്‍മ്മിക്കുന്നത്. വിജ്ഞാനവും കൗതുകവും വിനോദവും പകര്‍ന്ന് നല്‍കുന്ന നൂറിലധികം അടിസ്ഥാന ശാസ്‌ത്രതത്വങ്ങളുടെ ചിത്രീകരണവും ഈ ഗ്യാലറിയില്‍ ഒരുക്കും. ലോകനിലവാരമുള്ള ആധുനിക ശാസ്‌ത്രസംവിധാനങ്ങളാണ് സയന്‍സ് സെന്ററിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 100 കോടി രൂപ മുതല്‍മുടക്കുള്ള സയന്‍സ് സിറ്റിയായി ഇത് മാറും. ഈ സയന്‍സ് സിറ്റിയില്‍ ശാസ്‌ത്രസാങ്കേതിക രംഗത്തെ ഏറ്റവും ആധുനികതത്വങ്ങള്‍ മനസ്സിലാക്കിതരുന്ന വിവിധ ഗ്യാലറികള്‍, ലാര്‍ജ് ഫോര്‍മാറ്റ് ഫിലിം പ്രൊജക്ഷനോട് കൂടിയ പ്ലാനറ്റേറിയം, 3ഡി തിയേറ്റര്‍,മോഷന്‍സുമുലേറ്റര്‍, വൈ-ഫൈ, വൈ മാക്‌സ് സൗകര്യങ്ങളോട്‌കീടിയ ആധുനിക ലൈബ്രറി, ഫാം റേഡിയോ/അമേച്ച്വര്‍ റേഡിയോ സ്റ്റേഷന്‍, ഉപഗ്രഹസഹായത്തോടുകൂടി നടത്തുന്ന ഹൈടെക് ക്ലാസ്സുകള്‍, സഞ്ചരിക്കുന്ന ശാസ്‌ത്രപ്രദര്‍ശന യൂണിറ്റുകള്‍ ഹൈടെക് സെമിനാര്‍ ഹാളുകള്‍ എന്നിവ ഉണ്ടാകും. പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഇന്ത്യയിലെ തന്നെ ശാസ്‌ത്രവും ശാസ്‌ത്രാധിഷ്‌ഠിത വിനോദവും കൂടിച്ചേര്‍ന്ന ഏറ്റവും വലിയ എഡ്യൂക്കേഷണല്‍ ഹബ്ബായി കോട്ടയം മാറുമെന്നും ജോസ് കെ.മാണി എം.പി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha