കോട്ടയത്ത് ആധുനിക മത്സ്യമാര്‍ക്കറ്റ് ഉടന്‍ : ജോസ് കെ.മാണി
കോടിമതയില്‍ അന്താരാഷ്‌ട്രനിലവാരമുള്ള മത്സ്യമാര്‍ക്കറ്റ് ഉടന്‍ സ്ഥാപിക്കുമെന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഫിഷറീസ് വകുപ്പിന് കീഴിലുള്ള നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ കണ്‍സല്‍ട്ടന്റ് ശ്രീ.പി.ടി ജോയിയുടെ നേതൃത്വത്തിലുള്ള സംഘം കോടിമതയില്‍ സ്ഥലപരിശോധന നടത്തി. നിലവിലുള്ള മത്സ്യമാര്‍ക്കറ്റ് ശാസ്‌ത്രീയമായി നവീകരിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്രഫിഷറീസ് വകുപ്പുമായി ജോസ് കെ.മാണി എം.പി നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ് കേന്ദ്ര പ്രതിനിധികളുടെ സംന്ദര്‍ശനം. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഏറ്റവും ആധുനിക, ശാസ്‌ത്രീയ സംവിധാനങ്ങളോടുകൂടിയ മത്സ്യമാര്‍ക്കറ്റായിരിക്കും കോട്ടയത്ത് നിലവില്‍ വരുക. ആധുനിക ബില്‍ഡിംഗ് സമുച്ചയം, മൊത്തവ്യാപാരത്തിനും-ചെറുകിട വ്യാപാരത്തിനും പ്രത്യേകം സ്റ്റാളുകല്‍, ആധുനിക ശീതീകരണയൂണിറ്റുകള്‍, ഐസ് പ്ലാന്റുകള്‍, മാലിന്യജല ശുദ്ധീകരണ സംവിധാനങ്ങള്‍, തൊഴിലാളികള്‍ക്കുള്ള വിശ്രമമുറി, ഗതാഗത സംവിധാനങ്ങള്‍, ലൈറ്റ് സംവിധാനം തുടങ്ങിയവ പദ്ധതിയിലുണ്ടാകും. ഏകദേശം 2.75 കോടിരൂപയുടെ നവീകരണപ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ നിര്‍മ്മാണം ഏകദേശം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ജോസ് കെ.മാണി പറഞ്ഞു.എന്‍.എഫ്.ഡി.ബിയില്‍ നിന്നും 3.46 കോടി രൂപ അനുവദിച്ച ഏറ്റുമാനൂര്‍ ഫിഷ് മാര്‍ക്കറ്റിന്റെ ആധുനിക രീതിയിലുള്ള നവീകരണം ഏതാണ്ട് അവസാനഘട്ടത്തിലാണ്. ഇത് ഏകദേശം മൂന്ന് മാസത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കുവാന്‍ സാധിക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു 1.46 കോടി അനുവദിച്ച വൈക്കം കോവിലകത്തുംകടവ് മത്സ്യമാര്‍ക്കറ്റിന്റെ നിര്‍മ്മാണം ഇതിനോടകം ആരംഭിച്ചതായും എം.പി കൂട്ടിച്ചേര്‍ത്തു. നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ നിലവിവുള്ള മാര്‍ക്കറ്റ് കോടിമതയില്‍ തന്നെ മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള താല്‍കാലിക സംവിധാനത്തിലേക്ക് മാറ്റുമെന്ന് സംഘത്തോടൊപ്പമുണ്ടായിരുന്ന മുനിസിപ്പല്‍ ചെയര്‍മാന്‍ സന്തോഷ്‌കുമാര്‍ പറഞ്ഞു.
കൗണ്‍സിലര്‍മാരായ അനില്‍കുമാര്‍, നാട്ടകം സുരേഷ്, സൂസന്‍ കുഞ്ഞുമോന്‍, വിജി എം.തോമസ്, പ്രിന്‍സ് ലൂക്കോസ് തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha