ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ ടി ജലീലിന് നേരെ കരിങ്കൊടി കാണിച്ചു ; പ്രതിഷേധം കടുപ്പിച്ച് യൂത്ത് ലീഗ് ; മലപ്പുറത്ത് വ്യാപക അറസ്റ്റ്
മലപ്പുറം കൊണ്ടോട്ടിയിൽ മന്ത്രി കെ ടി ജലീലിനെതിരെ വ്യപക പ്രതിഷേധം. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82 ആം വാർഷിക പരിപാടികൾക്കായി മന്ത്രി മലപ്പുറത്ത് എത്തിയപ്പോൾ ആദ്യം മന്ത്രിയെ തടയാൻ ശ്രമിക്കുകയും തുടർന്ന് അദ്ദേഹത്തിന് നേരെ കരിങ്കൊടി കാണിക്കുകയും ചെയ്തു. മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് കരിങ്കൊടി കാട്ടിയത്.തുടർന്ന് മന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രവർത്തകർ റോഡിൽ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്.
അതേസമയം കെടി ജലീലിനെതിരായ ആരോപണം അദ്ദേഹത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ജലീലിനെ വ്യക്തിഹത്യ ചെയ്യുകയാണ്. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാം. ജലീലിന് തെറ്റുപറ്റിയെന്ന് പാര്‍ട്ടി കരുതുന്നില്ല. സര്‍ക്കാരിനെ അസ്ഥിരമാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ അദീപിനെ നിയമിച്ചെന്ന ആരോപണം യൂത്ത് ലീഗ് ഉയര്‍ത്തിയപ്പോള്‍ തന്നെ കോടതിയെ സമീപിക്കാന്‍ യൂത്ത് ലീഗിനെ മന്ത്രി വെല്ലുവിളിച്ചിരുന്നു. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ കോടതിയില്‍ തെളിയിക്കാനായിരുന്നു മന്ത്രിയുടെ വെല്ലുവിളി.
സാധാരണ ഡെപ്യൂട്ടേഷന്‍ വഴി നികത്തിയിരുന്ന നിയമനമാണ് ഇപ്പോള്‍ നിയമം തെറ്റിച്ച് അദീപിന് നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ കെടി ജലീലിനെതിരെ അന്വേഷണം നടത്തണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടിരുന്നു.
യോഗ്യതയില്‍ മാറ്റം വരുത്തിയതിന് പിന്നാലെ വിജിലന്‍സ് ക്ലീയറന്‍സും ഇല്ലാതെയാണ് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ പദവിയില്‍ ജലീല്‍ ബന്ധുവിനെ നിയമിച്ചിരിക്കുന്നത് എന്നും ആരോപണമുയര്‍ന്നിരുന്നു.
ഡെപ്യൂട്ടേഷന്‍ നിയമനമായതിനാല്‍ വിജിലന്‍സ് ക്ലിയറന്‍സ് ആവശ്യമില്ലെന്നാണ് മന്ത്രിയുടെ വാദം. സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവരുടെ കാര്യത്തിലാണ് ഇത് ബാധകമെന്നിരിക്കെയാണ് മന്ത്രിയുടെ വാദം.
https://www.facebook.com/Malayalivartha