ജാമ്യമില്ലാ വകുപ്പ് ദുരുപയോഗം ചെയ്യുന്നു .... 144 ലംഘിച്ചാൽ പെറ്റിക്കേസ് എടുക്കുന്നതിന് പകരം പോലീസ് രാജ് നടപ്പാക്കുന്നു ; ഐപിഎസ് ഉദ്യോഗസ്ഥർ പിണറായുടെ ചട്ടുകമായി മാറുന്നു ; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള
ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയവരെ അറസ്റ്റു ചെയ്ത പോലീസ് നടപടിയിൽ ജുഡീഷൽ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള.ശബരിമലയിലിപ്പോൾ നടക്കുന്നത് നിരീശ്വരവാദികളുടെ ആസൂത്രിത നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.
ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുകയാണ്.നിരോധനാജ്ഞ ലംഘിച്ചതിന്‍റെ പേരിൽ മാത്രം സന്നിധാനത്ത് നിന്ന് അയ്യപ്പഭക്തരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയും ജാമ്യമില്ലാ വ്യവസ്ഥപ്രകാരം കേസെടുക്കുകയും ചെയ്യുന്നത് അന്യായമാണ്. 144 ലംഘിച്ചാൽ പെറ്റിക്കേസെടുക്കുന്നതിന് പകരം പൊലീസ് രാജ് നടപ്പാക്കുകയാണ് ഇടത് സർക്കാരെന്നും ശ്രീധരൻ പിള്ള ആരോപിച്ചു. ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. അത് അംഗീകരിക്കാന്‍ ബിജെപി തയ്യാറല്ലെന്നുംഅദ്ദേഹം പറഞ്ഞു
'ഐപിഎസ് ഉദ്യോഗസ്ഥർ രാഷ്ട്രീയക്കാരുടെ ചട്ടുകമായി മാറുകയാണ്. ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ അറസ്റ്റ് ഒഴിവാക്കാമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും പോലീസ് അറസ്റ്റ് നടപടിയെ ദുരുപയോഗപ്പെടുത്തുകയായിരുന്നു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരാണ് 144 പ്രഖ്യാപിക്കേണ്ടത്. നിലവില്‍ ആ നിയമസംവിധാനം സര്‍ക്കാരിനൊപ്പം തുള്ളുകയാണ്. മനുഷ്യാവകാശങ്ങള്‍ക്ക് വിലയില്ലാത്ത, സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടികളാണ് പോലീസ് നടത്തുന്നത്.
അറസ്റ്റ് ചെയ്യപ്പെട്ട പ്രതിഷേധക്കാർക്ക് മജിസ്ട്രേറ്റുമാരുടെ അടുത്തു നിന്ന് പോലും നീതി കിട്ടുന്നില്ല. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാർ പിണറായിയുടെ ചട്ടുകമായി മാറുകയാണ്. അതുകൊണ്ടാണ് കെ.സുരേന്ദ്രന് ജയിലിൽ പോകേണ്ടി വന്നത്. സന്നിധാനത്തെ ഈ നിയന്ത്രണങ്ങൾക്കും ഇന്നലത്തെ കൂട്ട അറസ്റ്റിനുമെതിരെ കോടതിയെ സമീപിക്കുമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി
പേരക്കുട്ടികൾക്ക് ചോറ് കൊടുക്കാൻ പോയ കെ.പി.ശശികലയെ എസ്പി യതീഷ് ചന്ദ്രയ്ക്ക് വഴിയിൽ തടയേണ്ട കാര്യമെന്തായിരുന്നു? പൊലീസിന്‍റെ കൈയിൽ നിന്ന് അയ്യപ്പഭക്തർക്ക് നീതി കിട്ടുന്നില്ലെന്നതിന്‍റെ തെളിവാണിത്. മനുഷ്യാവകാശങ്ങളുടെ പ്രേതഭൂമിയായി കേരളം മാറുകയാണ്.', ശ്രീധരൻ പിള്ള കുറ്റപ്പെടുത്തി.
ദേവസ്വം മന്ത്രി കാര്യങ്ങള്‍ മനസ്സിലാക്കുന്നില്ല. ശ്രീനാരായണധര്‍മ്മത്തില്‍ വിശ്വസിക്കുന്ന സമുദായക്കാരനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കെ.സുരേന്ദ്രനും അതേ സമുദായക്കാരനാണ്. ശ്രീനാരായണ ഗുരു പറഞ്ഞിട്ടുണ്ടല്ലോ മരണശേഷം കുടുംബാംഗങ്ങള്‍ക്കുള്ള പുല 11 ദിവസം കൊണ്ട് അവസാനിക്കുമെന്ന്. അത് അംഗീകരിച്ച് മാപ്പ് പറയാന്‍ മന്ത്രി തയ്യാറാകണമെന്ന് താന്‍ ആവശ്യപ്പെടുകയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
https://www.facebook.com/Malayalivartha