മലചവിട്ടാൻ വീണ്ടും ആറ് യുവതികൾ കൊച്ചിയിലെ രഹസ്യകേന്ദ്രത്തില്‍;വന്നത് മലബാറില്‍ നിന്നുള്ളവര്‍;നിലയ്ക്കലിൽ എത്തിയാൽ പോലീസ് സംരക്ഷണം
ശബരിമല വിഷയത്തിൽ പ്രതിഷേധങ്ങൾ ശക്തമായി കടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സന്നിധാനത്ത് ദര്‍ശനത്തിന് പോകാനായി വീണ്ടും യുവതികളെത്തുന്നു. മലബാർ മേഖലയിൽ നിന്നുള്ള യുവതികളാണ് ശബരിമലയിലേക്ക് പോകാനായി കൊച്ചിയിൽ എത്തിച്ചേര്‍ന്നത്. കൊച്ചിയിലെ രഹസ്യകേന്ദ്രത്തിലാണ് ഇപ്പോൾ യുവതികള്‍ കഴിയുന്നത്.
പുലര്‍ച്ചെ നാലുമണിയോടെയാണ് മലബാറില്‍ നിന്ന് ട്രെയിനിൽ യുവതികള്‍ കൊച്ചിയിലെത്തിയത്. പൊലീസ് നിരീക്ഷണത്തിലാണ് ഇവര്‍ ഇപ്പോഴുളളത്. ഈ യുവതികൾ രണ്ട് ജില്ലകളിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ട്.
നേരത്തെ തന്നെ യുവതികള്‍ എത്തുമെന്ന കാര്യം പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന്, കൊച്ചിയിലെത്തിയിരിക്കുന്ന ഇവരുടെ പശ്ചാത്തലം പൊലീസ് പരിശോധിച്ച് വരികയാണ് . ഇവർ യഥാര്‍ത്ഥ ഭക്തരാണോ അതോ ആക്ടിവിസ്റ്റുകളാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
എന്നാൽ , ഇവര്‍ എപ്പോള്‍ സന്നിധാനത്തേക്ക് പോകുമെന്ന കാര്യത്തില്‍ ഉറപ്പില്ല. യുവതികളുടെ പശ്ചാത്തലം പരിശോധിച്ചശേഷം മാത്രമാണ് പൊലീസ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
നിലയ്ക്കല്‍ വരെ ഇവർ എത്തിയാല്‍ ദര്‍ശനത്തിനുള്ള സഹായം പോലീസ് നല്‍കുമെന്നാണ് വിവരം. അതേസമയം നിലയ്ക്കല്‍ വരെ ഇവര്‍ സ്വന്തം നിലയില്‍ എത്തണമെന്നാണ് പോലീസ് നിലപാട്.
തുലാ മാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനും നട തുറന്നപ്പോള്‍ ശബരിമല ദര്‍ശനത്തിനായി എത്തിയ യുവതികളുടെ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞ പൊലീസ് സംഘര്‍ഷ സാധ്യത ധരിപ്പിച്ച് മടക്കി അയച്ചിരുന്നു.
കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനായി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ പന്ത്രണ്ട് മണിക്കൂറോളം സമരക്കാര്‍ പുറത്തിറങ്ങാന്‍ അനുവദിക്കാതെ തടഞ്ഞുവെച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ മടങ്ങിപ്പോകുകയാണ് ഉണ്ടായത്.
മണ്ഡലകാല തീര്‍ത്ഥാടനത്തിനായി ശബരിമലയിലെത്താന്‍ ഓണ്‍ലൈന്‍വഴി 800ലേറെ സ്ത്രീകള്‍ ബുക്ക് ചെയ്തിരുന്നു. കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് എന്നിവയിലൂടെ ദര്‍ശന സമയവും ബസ് ടിക്കറ്റും ബുക്ക് ചെയ്തവരാണിവര്‍. സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ പൊലീസ് സൈറ്റില്‍ നിന്ന് നീക്കിയിരുന്നു. ഈ കൂട്ടത്തില്‍ ഉള്‍പ്പെട്ട യുവതികളാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ആന്ധ്ര, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ കൂടാതെ ഡല്‍ഹിയില്‍നിന്നും കൊല്‍ക്കത്തയില്‍നിന്നും യുവതികള്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കി ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയിട്ടുണ്ട്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ എത്രപേര്‍ ദര്‍ശനത്തിനെത്തുമെന്ന കാര്യം വ്യക്തമല്ല.
കേരളത്തില്‍ നിന്ന് എത്ര സ്ത്രീകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പുറത്തു വിട്ടിട്ടില്ല. മുന്‍പ് രജിസ്റ്റര്‍ ചെയ്തിരുന്നവരുടെ വിവരങ്ങള്‍ സൈറ്റില്‍ ലഭ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുവതികളുടെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha