സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകൾ പൊളിച്ചടുക്കിയതിൽ പ്രതിഷേധിച്ച് മരത്തില്‍ കയറി എംപാനല്‍ ജീവനക്കാരിയുടെ ആത്മഹത്യാശ്രമം
തിങ്കളാഴ്ച്ച അർദ്ധരാതിയോടെ സമരപ്പന്തൽ പൊളിച്ചടുക്കിയതിൽ പ്രതിഷേധിച്ച് എംപാനൽ ജീവനക്കാരി സെക്രട്ടറിയേറ്റിനു മുന്നിലെ മരത്തിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചു. ആലപ്പുഴ സ്വദേശിനിയായ എംപാനല്‍ കണ്ടക്ടര്‍ ദിയയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഭർത്താവ് മരിച്ചതിനെ തുടർന്ന് ജീവിക്കാന്‍ വേറെ വഴിയില്ലെന്നും രണ്ട് കൊച്ചുകുട്ടികളാണ് തനിക്കെന്നും പറഞ്ഞുകൊണ്ടാണ് ദിയ ആത്മഹത്യാശ്രമം നടത്തിയത്.
ഇന്നലെ രാത്രി 12 .30 യോടെ സെക്രട്ടേറിയറ്റിന് മുന്നിലുള്ള സമരപ്പന്തലുകള്‍ നഗരസഭയും പൊലീസും പൊളിച്ചുനീക്കിയതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാ ശ്രമം. കൂടെയുള്ള സമരക്കാര്‍ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല .
ഹൈക്കോടതി വിധിയിലൂടെ തീര്‍ത്തും അപ്രതീക്ഷിതമായാണ് കെഎസ്‌ആര്‍ടിസിയിലെ നാനൂറോളം വരുന്ന എംപാനല്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടമായത്. വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ഇവര്‍ക്ക് തീര്‍ത്തും അപ്രതീക്ഷിതമായ തിരിച്ചടിയായിരുന്നു ഹൈക്കോടതി വിധി. ഇതില്‍ പ്രതിഷേധിച്ച് എംപാനല്‍ ജീവനക്കാര്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രനെ അടക്കം കണ്ടെങ്കിലും ഹൈക്കോടതി വിധിയായതിനാല്‍ സര്‍ക്കാരിനൊന്നും ചെയ്യാനില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് എംപാനല്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ കഴിഞ്ഞ ഒരുമാസമായി സമരം നടത്തുന്നത്
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിചെന്ന് പറഞ്ഞുകൊണ്ടാണ് ഇന്നലെ രാത്രി സെക്രട്ടേറിയറ്റിന് മുന്നിലെ പത്തോളം സമരപ്പന്തലുകള്‍ അര്‍ധരാത്രി പൊലീസ് പൊളിച്ചുമാറ്റിയത്. ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു പൊലീസ് നടപടി. ഇനി നടപ്പാത കൈയ്യേറിയുള്ള പന്തലുകള്‍ അനുവദിക്കില്ലെന്ന് മേയര്‍ വികെ പ്രശാന്ത് അറിയിച്ചു.
എന്നാല്‍ സമരപ്പന്തലുകള്‍ പൊലീസ് പൊളിക്കാനെത്തിയത് സമരക്കാര്‍ ചെറുത്തതോടെ അര്‍ധരാത്രി സെക്രട്ടേറിയറ്റ് പരിസരത്ത് വാക്കുതര്‍ക്കവും പ്രതിഷേധവുമായി മാറുകയായിരുന്നു.
രാത്രി പതിനൊന്നരയോടെയാണ് സ്ഥലത്ത് പൊലീസെത്തിയത്. സമരപ്പന്തലുകള്‍ പൊളിക്കാന്‍ ശ്രമിച്ചതോടെ സ്ഥലത്ത് പ്രതിഷേധമായി. സമരക്കാര്‍ പന്തല്‍ പൊളിക്കുന്നത് ചെറുക്കാന്‍ ശ്രമിച്ചതോടെ സ്ഥലത്ത് വാക്കു തര്‍ക്കമായി. സമരപ്പന്തലില്‍ നിന്ന് മാറാന്‍ വിസമ്മതിച്ചവരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. അര്‍ദ്ധരാത്രിയിലെ നീക്കമായതിനാല്‍ പന്തലുകള്‍ ഒന്നൊന്നായി പൊളിക്കുകയും വസ്തുക്കള്‍ ലോറികളില്‍ മാറ്റുകയും ചെയ്തു.കെഎസ്‌ആര്‍ടിസി എംപാനല്‍ ജീവനക്കാരുടേതുള്‍പ്പടെയുള്ള സമരപ്പന്തലുകള്‍ പൊലീസ് ഏറെ പണിപ്പെട്ടാണ് പൊളിച്ചത്.
https://www.facebook.com/Malayalivartha