പെരിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ കൊലപാതകം;സിബിഐ അന്വേഷിക്കണം, കൃപേഷിന്റെ അച്ഛന്‍ ഹൈക്കോടതിയില്‍; അന്വേഷണം തൃപ്തകരമല്ലെന്ന് ഹർജി
കാസർഗോഡ് പെരിയയിൽ നടന്ന ഇരട്ട കൊലപാതകത്തിൽ കൊല്ലപെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ അച്ഛൻ കൃഷ്‌ണൻ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.
കേസ് പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും, കൊലപാതകത്തിന് പിന്നില്‍ കൂടുതല്‍ പേരുണ്ടെന്നും ആരോപിച്ചാണ് ഹര്‍ജി നൽകിയിരിക്കുന്നത് . പുറത്ത് നിന്നുളളവരാണ് കൊല നടത്തിയതെന്നും ഹര്‍ജിയില്‍ പറയുന്നു.
പീതാംബരന് മാത്രമായി ഇത്തരമൊരു കൊലപാതകം ചെയ്യാനാകില്ലെന്നാണ് കൃഷ്ണൻ പറയുന്നത്. സിപിഎം അറിയാതെ കൊലപാതകം നടക്കില്ല. അടിപിടി പ്രശ്നമാണ് ഇത്തരമൊരു കൊലപാതകത്തിലെത്തിച്ചതെന്നും മുഖ്യമന്ത്രിയോ സിപിഎം നേതാക്കളോ ഫോണിൽ പോലും വിളിച്ച് ആശ്വസിപ്പിക്കാത്തതിൽ വലിയ മനോ വിഷമം ഉണ്ടെന്നും കൃഷ്‌ണൻ വ്യക്തമാക്കി.
പെരിയയിലെ ഇരട്ട കൊലപാതകത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തില്‍ പെരിയ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ ഉള്‍പ്പെടെ ഏഴുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. കൃപേഷിനെയും ശരതിനെയും ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും ഇന്നലെ കണ്ടെടുത്തിരുന്നു. ഇരുവരെയും ആക്രമിച്ച സ്ഥലത്ത് നിന്നും മാറി റബ്ബര്‍ തോട്ടത്തിലെ പൊട്ടകിണറ്റില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. നാല ഇരുമ്പ് ദണ്ഡുകളും, വടിവാളുമാണ് കണ്ടെടുത്തത്.
ഇത്ര ഭീകരമായ മുറിവുകളുണ്ടാക്കാൻ കണ്ടെടുത്ത ആയുധങ്ങൾ മാത്രം മതിയോ എന്ന സംശയം ബലപ്പെടുകയാണ്.
കൊലപാതക ആസൂത്രണം മുതൽ കൃത്യം നിർവഹിക്കുന്നത് വരെ തങ്ങൾ മാത്രമെ പങ്കെടുത്തിട്ടുള്ളൂവെന്നാണ് കസ്റ്റഡിയിലുള്ളവർ ആവർത്തിക്കുന്നത്. ഇരുമ്പ് വടികൊണ്ട് അടിച്ച് വീഴ്ത്തിയതും പിന്നീട് വെട്ടിയതും താനാണെന്ന് മുഖ്യ പ്രതി പീതാംബൻ പറയുന്നു. ഉപയോഗിച്ചത് നാല് ഇരുമ്പു ദണ്ഡുകളും പിടിയില്ലാത്തതും തുരുമ്പെടുത്തതുമായ വടിവാളുമാണെന്നാണ് പറയുന്നത്.
ശരത് ലാലിന്റെ കഴുത്തിൽ 23 സെന്റീമീറ്റർ നീളത്തിലുള്ളതടക്കം ദേഹത്താകെ 20 മുറിവുകളുണ്ട്. കൃപേഷിന്റെ മൂർത്ഥാവ് 13 സെന്റീമീറ്റർ നീളത്തിൽ പിളർന്നു. ഇത്രയും ക്രൂരമായി മുറിവേൽപ്പിക്കാൻ ഈ ആയുധങ്ങൾ മതിയോ എന്നാണ് സംശയം. കൃത്യം നടന്ന സ്ഥലത്ത് നിന്ന് മാറി റബ്ബർ തോട്ടത്തിലെ പൊട്ടകിണറ്റിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. വെള്ളമില്ലാത്ത കിണറിൽ നിന്ന് കണ്ടെത്തിയ വടിവാൾ തുരുമ്പെടുത്ത നിലയിലാണ്. പീതാംബരനെ കോടതി ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
https://www.facebook.com/Malayalivartha