ഗവർണ്ണർ പറഞ്ഞിട്ടും കേട്ടില്ല....കർണാടകത്തിൽ വിശ്വാസവോട്ട് ഇന്നില്ല .
കർണാടകയിൽ വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന ഗവർണറുടെ നിർദേശം സ്പീക്കർ തള്ളിയിരിക്കുകയാണ്. വിശ്വാസ വോട്ടിലേക്ക് കടക്കാതെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇതേ വിഷയം സഭ നാളെ വീണ്ടും പരിഗണിക്കും. വിശ്വാസവോട്ടെടുപ്പിൽ ചർച്ച നാളെയും തുടരും. അതേസമയം, വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി സഭയ്ക്കുള്ളിൽ ധർണ നടത്തുകയായിരുന്നു.
കർണാടകയിൽ വിശ്വാസവോട്ട് ഇന്നു തന്നെ നടത്തണമെന്ന് ഗവർണർ സ്പീക്കർക്ക് ശുപാർശ കത്ത് നൽകിയിരുന്നു. ഇതിനെ എതിർത്ത് കോൺഗ്രസും രംഗത്തെത്തി. നിയമസഭയിൽ സ്പീക്കർക്കാണ് അധികാരമെന്ന് കോൺഗ്രസ് നേതാക്കൾ വാദിച്ചു. 20 പേർകൂടി സംസാരിക്കാനുണ്ടെന്നും കോൺഗ്രസ് പറഞ്ഞു. വിശ്വാസവോട്ടെടുപ്പിന്റെ നടപടിക്രമങ്ങൾ ഇന്നുതന്നെ അവസാനിപ്പിക്കണമെന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയും ആവശ്യപ്പെട്ടു.
വിശ്വാസ പ്രമേയത്തിൽ ഇന്ന് തന്നെ നടപടികൾ പൂർത്തിയാക്കണമെന്ന് ഗവർണർ നേരത്തെ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് സഭാ നടപടികൾ നിരീക്ഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ അയച്ചു. എന്നാൽ, വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തണമെന്ന് നിർദ്ദേശം നൽകാൻ ഗവർണർക്ക് അധികാരമില്ലെന്നാണ് കോൺഗ്രസിന്റെ ഭാഗം.നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പ് ചർച്ച ഭരണ-പ്രതിപക്ഷ തർക്കം മൂലം തടസപ്പെട്ടിരുന്നു. സഭയിൽ വിശ്വാസം രേഖപ്പെടുത്തുന്നുവെന്ന ഒറ്റവരി പ്രമേയമാണ് മുഖ്യമന്ത്രി ഇന്ന് രാവിലെ അവതരിപ്പിച്ചത്.
ഉച്ചവരെ പ്രമേയത്തിൽ ചർച്ച നടന്നെങ്കിലും ബഹളം മൂലം മൂന്ന് മണി വരെ സഭ നിറുത്തിവെക്കുകയായിരുന്നു. തുടർന്ന് പുനരാരംഭിച്ചെങ്കിലും ഇരുപക്ഷവും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് വീണ്ടും സതംഭിച്ചിരുന്നു. വിശ്വാസ പ്രമേയത്തിൽ ഇന്ന് തന്നെ വോട്ടെടുപ്പ് വേണമെന്നാണ് പ്രതിപക്ഷത്തിൻെറ ആവശ്യം. എന്നാൽ, പ്രമേയത്തിൽ ചർച്ച തുടരണമെന്നും അംഗങ്ങൾക്ക് വിപ്പ് നൽകുന്നതിലെ അനിശ്ചിതത്വം നീങ്ങുന്നത് വരെ വോട്ടെടുപ്പ് നടത്തരുതെന്നുമാണ് ഭരണപക്ഷ നിലപാട്.
അതേസമയം രാജി സമർപ്പിച്ച 15 വിമത എം.എൽ.എമാർക്കും രണ്ട് സ്വതന്ത്ര എം.എൽ.എമാർക്കും പുറമേ രണ്ട് കോൺഗ്രസ് എം.എൽ.എമാർ കൂടി സഭയിൽ എത്താതിരുന്നതോടെ കോൺഗ്രസ്-ജെ.ഡി.എസ് പക്ഷത്ത് 19 പേരുടെ കുറവാണുള്ളത്. സഖ്യത്തിന് പിന്തുണ നൽകിയിരുന്ന ബി.എസ്.പി എം.എൽ.എ എൻ മഹേഷും സഭയിൽ എത്തിയിരുന്നില്ല. ഇതിന് പുറമേ നേരത്തെ ബി.ജെ.പിയോട് അനുഭാവം പ്രകടിപ്പിച്ച രണ്ട് കോൺഗ്രസ് അംഗങ്ങളും ഒരു ബി.എസ്.പി അംഗവും രണ്ട് സ്വതന്ത്രരും സഭയിലെത്തിയിട്ടില്ല.
https://www.facebook.com/Malayalivartha