അരുണ്‍ ജെയ്റ്റ്‌ലിയുടെ വിയോഗം രാഷ്ട്രീയ ലോകത്തിന് തീരാ നഷ്ടം... തന്റെ ഉറ്റ തോഴനെ ഓര്‍ത്ത് വിതുമ്പി മോദി...
അരുണ്‍ ജെയ്റ്റ്‌ലിയുടെ വിയോഗം രാഷ്ട്രീയ ലോകത്തിന് തീരാ നഷ്ടം തന്നെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും തന്റെ ഉറ്റ തോഴനെ ഓര്‍ത്ത് വിതുമ്പുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അരുണ്‍ ജയ്റ്റ്‌ലിയുടെ വിയോഗത്തിലൂടെ ഏറ്റവും അടുത്ത സുഹൃത്തിനെ നഷ്ടപ്പെട്ടതിന്റെ വേദനയാണുള്ളതെന്നു പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ബഹ്‌റൈന്‍ പ്രസംഗം തന്നെ ആരംഭിച്ചത്. അരുണ്‍ ജയ്റ്റ്‌ലിയുടെ ഓര്‍മകളില്‍ പ്രസംഗിക്കുന്നതിനിടെ വികാരാധീനനാവുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ബഹ്‌റൈനില്‍ ഇന്ത്യന്‍സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസത്തെ ഗള്‍ഫ് പര്യടനം പൂര്‍ത്തിയാക്കി മോദി ഇന്ന് ഫ്രാന്‍സിലേക്ക് തിരിക്കും.
എന്റെ സുഹൃത്ത് അരുണ്‍ നമ്മളെ വിട്ടു പോയപ്പോള്‍ ഞാന്‍ ഇത്രയും അകലെയാണെന്ന് വിശ്വസിക്കാന്‍ ആകുന്നില്ലെന്ന് മോദി പറഞ്ഞു. വളരെയധികം വിഷമത്തോടെയും സങ്കടം അടക്കിപ്പിടിച്ചുമാണ് ഇവിടെ നില്‍ക്കുന്നത്. വിഷമം സഹിക്കാനുള്ള ശക്തി ജയ്റ്റ്‌ലിയുടെ കുടുംബാംഗങ്ങള്‍ക്ക് കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും മോദി പറഞ്ഞു. ബഹ്‌റൈനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണമാണ് ഭരണകൂടം നല്‍കിയത്.
ഇന്ത്യ വലിയ മാറ്റങ്ങളുടെ പാതയിലാണെന്ന് നാഷണല്‍ സ്‌റ്റേഡിയത്തിലെത്തിയ ബഹ്‌റൈനിലെ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധനചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിന്റെ വിവിധയിടങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാവുന്ന കാര്യങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി സര്‍ക്കാര്‍ ചെയ്തുവരുന്നത്. നൂറ്റിമുപ്പതുകോടി ജനങ്ങളുടെ പിന്തുണയാണ് സര്‍ക്കാരിനുള്ളതെന്നും മോദി വ്യക്തമാക്കി. രണ്ടു ദിവസത്തെ ബഹ്‌റൈന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ഇന്ത്യന്‍ സമയം രാവിലെ ഒമ്പതരയ്ക്ക് മനാമ ശ്രീകൃഷ്ണ ക്ഷേത്രം സന്ദര്‍ശിക്കും. ക്ഷേത്രത്തിന്റെ ഇരുന്നാറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തശേഷം ഉച്ചകോടിയില്‍ പങ്കെടുക്കാനായി മോദി ഫ്രാന്‍സിലേക്ക് തിരിക്കും. അതേസമയം അരുണ്‍ ജയ്റ്റ്‌ലിയുടെ സംസ്‌കാരം ഇന്ന് നടക്കും. ദില്ലിയിലെ കൈലാഷ് കോളനിയിലെ വസതിയില്‍ പൊതു ദര്‍ശനത്തിന് വെച്ചിരിക്കുന്ന മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. വസതിയിലെ പൊതു ദര്‍ശനത്തിന് ശേഷം രാവിലെ 11 മണിയോടെ ഭൗതിക ശരീരം ബിജെപി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. രണ്ട് മണി വരെയാണ് ഇവിടെ പൊതു ദര്‍ശനം നിശ്ചയിച്ചിട്ടുള്ളത്.
പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും രാജ്യം ജയ്റ്റ്‌ലിക്ക് യാത്രയയപ്പ് നല്‍കുക. വൈകിട്ട് നിഗം ബോധ്ഘട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങി പ്രതിപക്ഷത്തെ നേതാക്കളും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരിമാനിച്ചിരുന്നെങ്കിലും സന്ദര്‍ശനം തുടരണമെന്നായിരുന്നു ജയ്റ്റ്‌ലിയുടെ കുടുംബം അഭ്യര്‍ത്ഥിച്ചത്. അതിനാല്‍ മോദി സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കില്ല. വൃക്കരോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അരുണ്‍ ജയ്റ്റ്‌ലി ഇന്നലെ ഉച്ചയ്ക്ക് ദില്ലി എയിംസില്‍ വച്ചാണ് അന്തരിച്ചത്. സുഷമ സ്വരാജിന്റെ അപ്രതീക്ഷിത നിര്യാണത്തിന് പിന്നാലെ അരുണ്‍ ജയ്റ്റ്‌ലിയും വിട വാങ്ങുന്നതോടെ കഴിവും ജനപ്രീതിയുമുള്ള രണ്ട് നേതാക്കളെയാണ് ബിജെപിക്ക് പൊടുന്നനെ നഷ്ടമാകുന്നത്. ആര്‍എസ്എസിലൂടെ കടന്നു വന്നവരായിരുന്നു ബിജെപിയിലെ ഭൂരിപക്ഷം നേതാക്കളെങ്കിലും എബിവിപിയിലൂടെ വന്ന് പാര്‍ട്ടിയുടെ മുന്‍നിരനേതാവായി മാറിയ ചരിത്രമാണ് ജയ്റ്റ്‌ലിയുടേത്. ദേശീയരാഷ്ട്രീയത്തിലെ എല്ലാ നേതാക്കളോടും അടുത്ത സൗഹൃദം പുലര്‍ത്തിയ ജയ്റ്റ്‌ലി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആധുനികമുഖവും സൗമ്യസാന്നിധ്യവുമായിരുന്നു.
https://www.facebook.com/Malayalivartha