ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ പി ചിദംബരത്തിന് താൽക്കാലിക ആശ്വാസം. ചിദംബരത്തെ തിഹാർ ജയിലിലേക്ക് വിടരുതെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു
ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ പി ചിദംബരത്തിന് താൽക്കാലിക ആശ്വാസം. ചിദംബരത്തെ തിഹാർ ജയിലിലേക്ക് വിടരുതെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ ഇന്ന് വിചാരണ കോടതി പരിഗണിക്കും. 74 വയസുകാരനായ ചിദംബരത്തിന് സംരക്ഷണം വേണമെന്നും അദ്ദേഹത്തെ ജയിലിലടക്കരുത് എന്നും ചിദംബരത്തിന്റെ അഭിഭാഷകനായ കപില്‍ സിബല്‍ വാദിച്ചു..
വേണമെങ്കില്‍ വീട്ടുതടങ്കലിലാക്കിക്കോളൂ എന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ കപില്‍ സിബല്‍ പറഞ്ഞു .. ചിദംബരം രാഷ്ട്രീയത്തടവുകാരനല്ല എന്നും രാഷ്ട്രീയ തടവുകാരെ മാത്രമേ വീട്ടുതടങ്കലിലാക്കാനാകൂ എന്നും ജസ്റ്റിസ് ആര്‍ ഭാനുമതി, ജസ്റ്റിസ് എഎസ് ബൊപ്പണ്ണ എന്നിവരുടെ ബഞ്ച് മറുപടി നല്‍കി.
ചിദംബരത്തെ തിഹാറിലേക്ക് അയക്കുന്നത് തടഞ്ഞതിനെതിരെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് നാളെ തന്നെ പരിഗണിക്കണമെന്ന സോളിസിറ്റർ ജനറലിന്‍റെ ആവശ്യത്തെ തുടർന്ന് നാളെ 2 മണിക്ക് കേസ് പരിഗണിക്കും.
ദില്ലി റോസ് അവന്യുവിലെ സിബിഐ പ്രത്യേക കോടതി ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കും. വിചാരണ കോടതി ജാമ്യാപേക്ഷ തള്ളുകയാണെങ്കിൽ മൂന്ന് ദിവസം കൂടി ചിദംബരത്തെ കസ്റ്റഡിയിൽ വയ്ക്കാമെന്നാണ് സുപ്രീം കോടതി സിബിഐക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
മുൻകൂർ ജാമ്യം നിഷേധിച്ച ദില്ലി ഹൈക്കോടതി വിധിക്കെതിരെ ചിദംബരം സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി സെപ്റ്റംബർ 5-നാണ് വിധി പറയുക. അതുവരെ എൻഫോഴ്‍സ്മെന്‍റ് ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്നും സുപ്രീംകോടതിയുടെ നിർദ്ദേശമുണ്ട്. ചിദംബരത്തിനെതിരായ തെളിവുകൾ എൻഫോഴ്‍സ്മെന്‍റ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു. ജാമ്യത്തിന് ചിദംബരം വിചാരണ കോടതിയെ സമീപിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
2007-ല്‍ പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് ഐഎന്‍എക്സ് മീഡിയ എന്ന കമ്പനി ചട്ടങ്ങള്‍ മറികടന്ന് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചതാണ് കേസിന് ആധാരമായ സംഭവം. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അര്‍ഹതയുണ്ടായിരുന്നുള്ളൂ.
ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ആയിരുന്നു ഐഎന്‍എക്സ് മീഡിയയുടെ ഉടമകള്‍. കമ്പനിക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ ഇന്ദ്രാണിയും പീറ്ററും നോര്‍ത്ത് ബ്ലോക്കിലെ ചിദംബരത്തിന്‍റെ ഓഫീസിലെത്തി സഹായം തേടി. മകൻ കാർത്തിയുടെ ബിസിനസ്സിനെ സഹായിച്ചാല്‍ പിന്തുണയ്ക്കാമെന്നായിരുന്നു ചിദംബരത്തിന്‍റെ മറുപടിയെന്നാണ് സിബിഐ ആരോപിക്കുന്നത്.
ചിദംബരത്തിന്‍റെ ആവശ്യപ്രകാരം വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന് ഐഎന്‍എക്സ് മീഡിയ, പുതിയ അപേക്ഷ നല്‍കി. ധനകാര്യമന്ത്രാലയം ഇതിന് അംഗീകാരം നല്കുകയും ചെയ്തു. ദില്ലിയിലെ ഹോട്ടല്‍ ഹയാത്തില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിഫലമായി കാര്‍ത്തി ഒരു കോടി ഡോളര്‍ ആവശ്യപ്പെട്ടെന്നും സിബിഐ പറയുന്നു.കാര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള അഡ്വാന്‍റേജ് സ്ട്രാറ്റജിക് കൺസൾട്ടിംഗ് കമ്പനിക്ക് ഐഎന്‍എക്സ് മീഡിയ ആദ്യം പത്ത് ലക്ഷം രൂപ നല്‍കി. പിന്നീട് കാര്‍ത്തിയുടെ വിവിധ കമ്പനികൾ വഴി ഏഴ് ലക്ഷം ഡോളര്‍ വീതമുള്ള നാല് ഇന്‍വോയ്സുകളും നല്‍കി. ഇതെല്ലാം കാര്‍ത്തിയുടെ വീട്ടിലും ഓഫീസുകളിലും നടത്തിയ റെയ്ഡുകളില്‍ സിബിഐ പിടിച്ചെടുത്തിരുന്നു.
ഐഎന്‍എക്‌സ് മീഡിയ സ്ഥാപക ഉടമകളിലൊരാളും മകളായ ഷീന ബോറയെ വധിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നയാളുമായ ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയാണ് ചിദംബരത്തിനെതിരെ കേസെടുക്കുന്നതില്‍ നിര്‍ണായകമായത്. ഇന്ദ്രാണിയെ കേസില്‍ പിന്നീട് മാപ്പുസാക്ഷി ആക്കിയിരുന്നു. ചിദംബരം അറസ്റ്റ് ചെയ്യപ്പട്ടതില്‍ സന്തോഷമുണ്ട് എന്നും ഇന്ദ്രാണി മുഖര്‍ജി കഴിഞ്ഞ ദിവസംപറഞ്ഞിരുന്നു
https://www.facebook.com/Malayalivartha