എയിംസ് ആശുപത്രി വൃത്തിയാക്കി അമിത്ഷാ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ട പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങി ബിജെപി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ട പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങി ബിജെപി. മോദിയുടെ പിറന്നാളോടനുബന്ധിച്ച് ആവിഷ്കരിച്ച 'സേവസപ്‌താഹം' പദ്ധതിയുടെ ഭാഗമായി കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിലുള്ള ബി.ജെ.പി നേതാക്കള്‍ ഡല്‍ഹിയിലെ എയിംസ് ആശുപത്രി ശുചീകരിച്ചു. സെപ്തംബര്‍ 17നാണ് പ്രധാനമന്ത്രിയുടെ 69ാം ജന്മദിനം.
'ബി.ജെ. പി പ്രവര്‍ത്തകരുടെ 'സേവസപ്‌താഹം' പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. രാഷ്ട്രത്തിനും ദരിദ്രജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാനാണ് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ജീവിതം സമര്‍പ്പിച്ചത്. അതിനാല്‍ അദ്ദേഹത്തിന്റെ ജന്മദിനവാരം സേവസപ്താഹമായി ആഘോഷിക്കുന്നു' എന്ന് അമിത്ഷാ പറഞ്ഞു.
എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് നേതാക്കള്‍ ഭക്ഷണവും പഴങ്ങളും വിതരണം ചെയ്തു. രാജ്യത്തുടനീളമുള്ള 'സേവസപ്താഹം' പരിപാടികള്‍ ബി.ജെ.പി നിരീക്ഷിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് മുമ്ബ് പറഞ്ഞിരുന്നു. സേവന വാരത്തോടനുബന്ധിച്ച് രക്തദാന ക്യാമ്ബുകള്‍, സൗജന്യ ആരോഗ്യ പരിശോധന, അനാഥര്‍ക്ക് ഭക്ഷണ വിതരണം എന്നിങ്ങനെയുള്ള സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
ശുചീകരണ യജ്ഞത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മോദിയുടെ ജന്മദിനത്തിന്റെ ഭാഗമായി സേവനമുള്‍പ്പെടെയുള്ള ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ബി.ജെ.പി ആസൂത്രണം ചെയ്തിരിക്കുന്നത്. ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നഡ്ഡയുള്‍പ്പെടെയുള്ള നേതാക്കളും അമിത് ഷായ്ക്കൊപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha