പൗരത്വം തെളിയിക്കാനാകാത്ത 60 കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് മാറ്റി തടങ്കല്‍ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് പരാതി, ആസാമില്‍ എന്‍.ആര്‍.സി നടപ്പാക്കിയതിനെ തുടര്‍ന്നാണ് കുട്ടികളെ ബലമായി മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്തിയത്
പൗരത്വം തെളിയിക്കാനാകാത്ത 60 കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് മാറ്റി തടങ്കല്‍ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് പരാതി. ആസാമില്‍ എന്‍.ആര്‍.സി നടപ്പാക്കിയതിനെ തുടര്‍ന്നാണ് കുട്ടികളെ ബലമായി മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്തിയത്. ഇതേ തുടര്‍ന്ന് സുപ്രീംകോടതിയില്‍ നിരവധി ഹര്‍ജികളാണ് ലഭിച്ചിട്ടുള്ളത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് സുപ്രീം കോടതി ഇത് സംബന്ധിച്ച് വിശദീകരണം തേടി. നാലാഴ്ചക്കകം നിലപാട് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. തടങ്കലിലായ 60 കുട്ടികളുടേയും മാതാപിതാക്കള്‍ ഇന്ത്യന്‍ പൗരന്‍മാരാണ്. സാങ്കേതികത്വത്തിന്റെ പേരിലാണ് കുട്ടികള്‍ എന്‍.ആര്‍.സി പട്ടികയ്ക്ക് പുറത്തായത്. തുടര്‍ന്നാണ് തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
എന്‍.ആര്‍.സി ട്രൈബ്യൂണലില്‍ ഇവരുടെ കേസ് തീര്‍പ്പാകുന്നത് വരെ എന്‍.ആര്‍.സി പട്ടികയില്‍ ഉള്‍പ്പെട്ട കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അനുവാദം നല്‍കിയിരുന്നു. സുപ്രീം കോടതി കേസ് പരിഗണിച്ചപ്പോള്‍ കുട്ടികളെ മാറ്റിയിട്ടില്ലെന്ന വിചിത്ര മറുപടിയാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞത്. കുട്ടികളെ തടങ്കല്‍ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി നല്‍കാന്‍ അറ്റോര്‍ണി ജനറല്‍ തയ്യാറായില്ല. തല്‍കാലം അങ്ങനെ ചെയ്യില്ലെന്ന മറുപടിയാണ് അറ്റോര്‍ണി ജനറല്‍ പറഞ്ഞത്. കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തി ക്യാമ്പുകളില്‍ പാര്‍പ്പിക്കില്ലെന്ന് ഉറപ്പ് നല്‍കാന്‍ അറ്റോര്‍ണി ജനറല്‍ തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്. അതിനാലാണ് നാലാഴ്ചക്കകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയതെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു.
മാതാപിതാക്കള്‍ക്ക് പൗരത്വം തെളിയിക്കാന്‍ കഴിഞ്ഞെങ്കിലും ഇന്ത്യയില്‍ ജനിച്ച കുട്ടികള്‍ക്ക് സാങ്കേതികത്വത്തിന്റെ പേരില്‍ പൗരത്വ പട്ടികയില്‍ ഇടം കൊടുത്തില്ല. ഇത് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വന്ന വലിയവീഴ്ചയായാണ് വിലയിരുത്തുന്നത്. അതിന് പുറമേ കുട്ടികളെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തു. കുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും മക്കളെ കുറിച്ചുള്ള വിവരങ്ങറിയാതെ കണ്ണീരോടെ അലയുകയാണ്. ആസമിലെ പൗരവകാശ സംഘടനയാണ് കുട്ടികളെ തടങ്കല്‍ പാളയത്തിലേക്ക് മാറ്റിയ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 60 കുട്ടികളുടെ കാര്യത്തില്‍ അവരുടെ മാതാപിതാക്കളുടെ രേഖകള്‍ സ്വീകരിക്കുകയും കുട്ടികളുടേത് തള്ളുകയുമാണ് ചെയ്തതെന്ന് ഹര്‍ജിയില്‍ പറയുന്നു.
കുട്ടികളെ ഉദ്യോഗസ്ഥര്‍ ബലമായി മാതാപിതാക്കളില്‍ നിന്ന് ഏറ്റെടുത്ത് ക്യാമ്പുകളിലേക്ക് മാറ്റിയതായും ഹര്‍ജിയില്‍ പറയുന്നു. മനുഷ്യവകാശങ്ങളുടെയും കുട്ടികളുടെ അവകാശങ്ങളുടെയും അതിക്രൂരമായ ലംഘനമാണ് ഇതെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും ഇടപെടണമെന്ന ആവശ്യവും ശക്തമാണ്. കുട്ടികളുടെ മാനസികനില അടക്കം പരിശോധിക്കണമെന്നും അവരെ എത്രയും വേഗം മോചിപ്പിക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. ആസാമില്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടെ ദിവസങ്ങളോളും റദ്ദാക്കിയിരുന്നു. അതിനാല്‍ പല വിവരങ്ങളും പുറത്ത് വന്നില്ല. പിന്നീട് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് ഇന്റര്‍നെറ്റ് സര്‍വ്വീസ് പുനസ്ഥാപിച്ചത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ മനുഷ്യാവകകാശധ്വംസനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് വിവിധ മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha