അവിടെ ഇന്‍വെസ്റ്റര്‍ മീറ്റ്, ഇവിടെ ഇന്‍വെസ്റ്റര്‍ പാരാലിസിസ്.. ഇന്‍വെസ്റ്റര്‍ പാരാലിസിസ്, ഇന്‍വെസ്റ്റര്‍ മീറ്റ്.. മീറ്റ്, പാരാലിസിസ്.. സംസ്ഥാന സര്‍ക്കാരിന്റെ നിക്ഷേപക സംഗമത്തെയും പണിമുടക്കിനെയും ട്രോളുകയാണ് നിസാന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടോണി തോമസ്
അവിടെ ഇന്‍വെസ്റ്റര്‍ മീറ്റ്, ഇവിടെ ഇന്‍വെസ്റ്റര്‍ പാരാലിസിസ്.. ഇന്‍വെസ്റ്റര്‍ പാരാലിസിസ്, ഇന്‍വെസ്റ്റര്‍ മീറ്റ്.. മീറ്റ്, പാരാലിസിസ്.. ശ്രീനിവാസന്‍ തിരക്കഥ എഴുതിയ അഴകിയ രാവണന്‍ എന്ന സിനിമയിലെ പ്രശസ്തമായ, അവിടെ കല്യാണം ഇവിടെ പാലുകാച്ച്... എന്ന ഡയലോഗ് ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നിക്ഷേപക സംഗമത്തെയും പണിമുടക്കിനെയും ട്രോളുകയാണ് നിസാന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടോണി തോമസ്. ഈ മാസം ഒന്‍പത്തിനും പത്തിനും കൊച്ചിയില്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റര്‍സ് മീറ്റ് (അസെന്റ് 2020) നടക്കുകയാണ്. ജനുവരി എട്ടിനാകട്ടെ കേരളത്തിലെ ഹോട്ടലുകളും, കടകളും അടച്ചിട്ട്, ഗതാഗതം തടസ്സപ്പെടുത്തി ഹര്‍ത്താല്‍ പ്രതീതിയില്‍ ഇരുപത്തിനാല് മണിക്കൂര്‍ പണിമുടക്ക്. ജനുവരി പതിനൊന്നിനാകട്ടെ മരടിലെ ഫ്‌ലാറ്റ് പൊളിക്കല്‍ മഹോത്സവം. കൂടാതെ മഴയില്ലാത്തപ്പോള്‍ മാത്രം പ്രവര്‍ത്തിക്കുന്ന കൊച്ചി വിമാനത്താവളം ഇപ്പോള്‍ വെയിലുള്ളപ്പോഴും പ്രവര്‍ത്തിക്കുന്നില്ലത്രേ.
വ്യാവസായിക, നിക്ഷേപക അന്തരീക്ഷം തകര്‍ക്കുന്ന കേരളത്തിലെ അവസ്ഥയുടെ നേര്‍ചിത്രമാണ് നിസാന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തന്റെ ഫെയിസ്ബുക്കിലൂടെ ഹാസ്യരൂപേണ അവതരിപ്പിക്കുന്നത്. ഗ്ലോബല്‍ ഇന്‍വെസ്റ്റര്‍സ് ഭക്ഷണപൊതി കൈയില്‍ വച്ച്, അറബിക്കടല്‍ നീന്തിവന്നു, ഇവിടെ ഇന്‍വെസ്റ്റ്‌മെന്റ് നടത്താന്‍ പറ്റിയ സ്ഥലമല്ല എന്ന് നേരിട്ടു കണ്ടു മനസ്സിലാക്കി മറ്റു നാടുകളില്ലേക്ക് പോകട്ടെ എന്നാവും മീറ്റിന്റെ ഉദ്ദേശമെന്നും അദ്ദേഹം പരിഹസിക്കുന്നു. മുമ്പും സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ അനുകൂലമല്ലാത്ത നയങ്ങള്‍ക്കെതിരെ ടോണി തോമസ് രംഗത്ത് വന്നിട്ടുണ്ട്. മദ്യനയമായിരുന്നു അതില്‍ പ്രധാനം. വൈകാരികമായി എടുക്കുന്ന മദ്യനയ തീരുമാനങ്ങള്‍ കൊണ്ട് മദ്യ ഉപഭോഗം കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വടക്കെ ഇന്ത്യയിലെ മത കച്ചവടക്കാരുടെ താല്‍പര്യപ്രകാരം ബീഫ് നിരോധിക്കുന്നതു പോലെയാണ് ഇവിടെ മദ്യനിരോധനം നടപ്പാക്കുന്നതെന്ന് ടോണി കുറ്റപ്പെടുത്തിയിരുന്നു.
ഒന്നാം തീയതി ഡ്രൈ ഡേ ആക്കിയതുകൊണ്ട് എന്ത് പ്രയോജനം? ടൂറിസം മേഖലയ്ക്ക് കടുത്ത നഷ്ടവും കേരളത്തെക്കുറിച്ച് മോശം പ്രചരണവും ഉണ്ടാവാനിടയായി. അല്ലാതെ ഒരു മെച്ചവും ഉണ്ടായില്ല. ചെറിയ ബാറുകള്‍ നിര്‍ത്തിയതോടെ വീടും പൊതു ഇടങ്ങളും മദ്യപാന കേന്ദ്രങ്ങളായി. ഇതോടെ നേരത്തെ ഒന്നോ രണ്ടോ പെഗ് അടിച്ചിരുന്നവര്‍ പൈന്റും ഫുള്ളും അടിക്കുന്ന സ്ഥിതിയിലെത്തി. പാവപ്പെട്ടവനെ നാണം കെടുത്തുന്ന ബിവറേജസിലെ ക്യൂ സമ്പ്രദായം നിര്‍ത്തി ഇഷ്ടമുള്ളത് എടുക്കാനാവുന്ന കടകള്‍ക്ക് രൂപം കൊടുക്കണമെന്നും ടോണി തോമസ് അന്ന് വിമര്‍ശിച്ചിരുന്നു. അത് യാഥാര്‍ത്ഥ്യമാണെന്ന് കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാരിന് മനസ്സിലായത്. ഡ്രൈ ഡേ കൊണ്ട് പ്രയോജനമില്ലെന്നും അതിനാല്‍ ഡ്രൈ ഡേ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ നടക്കുകയുമാണ്.
മുമ്പ് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കൊച്ചിയില്‍ ആഗോളനിക്ഷേപക സംഗമം നടന്നിരുന്നു. അതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ഹര്‍ത്താല്‍ നടത്തിയിരുന്നു. അന്നത്തെ പ്രധാനമന്ത്രി എ.ബി വാജ്‌പേയി ആണ് സംഗമം ഉദ്ഘാടനം ചെയ്തത്. അന്നദ്ദേഹം നടത്തിയ പ്രസംഗത്തില്‍ ശ്രീനിവാസന്റെ തന്നെ വരവേല്‍പ്പ് എന്ന സിനിമയിലെ ബസ് മുതലാളിയുടെ കഥയാണ് വിവരിച്ചത്. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തി ബസ് വാങ്ങി ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്ന യുവാവിനെ തൊഴിലാളി യൂണിയനുകള്‍ തൊലച്ച് കുത്തുപാളയെടുപ്പിച്ച്, അവസാനം അയാള്‍ ഗള്‍ഫിലേക്ക് മടങ്ങുന്നതാണ് വരവേല്‍പ്പിന്റെ ഇതിവൃത്തം. വാജ്‌പേയി 2003ല്‍ പറഞ്ഞ അതേ കാര്യം തന്നെയാണ് ഇന്ന് നിസാന്റെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറും പറഞ്ഞത്.
https://www.facebook.com/Malayalivartha