പൗരത്വഭേദഗതി നിയമം, പൗരത്വ രജിസ്റ്റര്‍, ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയും മേയ്‌ച്ചോണ്ട് ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഈ വഴിക്ക് വരേണ്ടതില്ല, കോഴിക്കോട് കാരാടി വില്ലേജിലെ 350തോളം വീടുകള്‍ക്ക് മുന്നിലാണ് ഈ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്
പൗരത്വഭേദഗതി നിയമം, പൗരത്വ രജിസ്റ്റര്‍, ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയും മേയ്‌ച്ചോണ്ട് ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഈ വഴിക്ക് വരേണ്ടതില്ല. കോഴിക്കോട് കാരാടി വില്ലേജിലെ 350തോളം വീടുകള്‍ക്ക് മുന്നിലാണ് ഈ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. പൗരത്വനിയമഭേദഗതി അടക്കം എല്ലാ ഭരണഘനാ വിരുദ്ധമാണെന്ന പൂര്‍ണബോധ്യം ഞങ്ങള്‍ക്കുണ്ടെന്നും അതിനാല്‍ അനുകൂലിച്ച് വിവരിക്കാന്‍ വരേണ്ടതില്ലെന്നും ബോര്‍ഡില്‍ വ്യക്തമാക്കുന്നുണ്ട്. പൗരത്വനിയമഭേദഗതിയെ കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വീടുകള്‍തോറും കയറിയിറങ്ങി ബോധവല്‍ക്കരണം നടത്താന്‍ തുടങ്ങിയതോടെയാണ് ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. നിയമത്തെ അനുകൂലിച്ച് ആരും വീടുകളിലേക്ക് വരുന്നത് വിലക്കിയുള്ള ചിഹ്നവും ബോര്‍ഡിനൊപ്പമുണ്ട്.
തിങ്കളാഴ്ച മുതലാണ് ഇത്തരത്തിലൊരു പരിപാടി നാട്ടുകാര്‍ സംഘടിപ്പിച്ചത്. പൗരത്വനിയമഭേദഗതിയെ അനുകൂലിക്കുന്ന ബുക്ക്‌ലെറ്റ് നല്‍കിയ ശേഷം അതിന്റെ ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതാണ് ഇതിലേക്ക് നയിപ്പിച്ചതെന്ന് പ്രദേശത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ആസാദ് കാരാടി പറയുന്നു. മുസ്്‌ലിം സ്ത്രീകളും പുരുഷന്‍മാരും പൗരത്വനിയമത്തെ അനുകൂലിക്കുന്നുണ്ടെന്ന് പറഞ്ഞാണ് ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഇവിടങ്ങളിലെ എല്ലാ വീടുകളിലും ജാതിമത, രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും കടന്ന് ചെല്ലാം. അതിനെ ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നതിനോട് യോജിക്കാനാവില്ലെന്നും ആസാദ് പറയുന്നു.
സുന്നി യൂത്ത് മൂവ്‌മെന്റ് നേതാവ് നാസര്‍ഫൈസി കൂടത്തായിയേയും എല്‍.ഡി.എഫ് സ്വതന്ത്ര എം.എല്‍.എ കാരാട്ട് റസാഖിനെയും ഇത്തരത്തില്‍ ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കബിളിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് രണ്ട് പേരും പ്രതിസന്ധിയിലായിരുന്നെന്നും ആസാദ് ചൂണ്ടിക്കാട്ടുന്നു. രണ്ട് പേര്‍ക്കും പൗരത്വനിയമഭേദഗതിയെ അനുകൂലിക്കുന്ന ബുക്ക്‌ലെറ്റുകള്‍ കൈമാറിയ ശേഷം ഫോട്ടോ എടുത്തിരുന്നു. അതിന് ശേഷം ഇരുവരും നിയമത്തെ അനുകൂലിക്കുന്നെന്ന് പറഞ്ഞാണ് നവമാധ്യമങ്ങളിലൂടെ ഫോട്ടോ പ്രചരിപ്പിച്ചത്. മുസ്്‌ലിം മതപണ്ഡിതര്‍ക്കും പുരോഹിതന്‍മാര്‍ക്കും ഏറെ സ്വാധീനമുള്ള സമസ്തകേരള ജമിഅത്തുല്‍ ഉലമ എന്ന സംഘടനയുടെ യുവജനവിഭാഗമാണ് സുന്നി യൂത്ത് മൂവ്‌മെന്റ്. തങ്ങളെ കാണാന്‍ വരുന്നവരെ വിലക്കാന്‍ കഴിയില്ലെന്ന് കാരാട്ട് റസാഖ് എം.എല്‍.എയും നാസര്‍ ഫൈസിയും പിന്നീട് വിശദീകരിച്ചു. പൗരത്വനിയമഭേദഗതിയേയും പരത്വ രജിസ്റ്ററിനെയും ജനസംഖ്യാ രജിസ്റ്ററിനെയും തങ്ങള്‍ എതിര്‍ക്കുന്നെന്നും വ്യക്തമാക്കി.
നാസര്‍ഫൈസിയെ സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കാരാട്ട് റസാഖിന് വലിയ പ്രശ്‌നങ്ങളുണ്ടായില്ല. മനുഷ്യര്‍ സൗഹാര്‍ദ്ദമായി താമസിക്കുന്ന കേരളം പോലൊരിടത്ത് വീട്ടിലെത്തുന്നവരുടെ രാഷ്ട്രീയം പോലും നോക്കാതെ ആളുകള്‍ സ്വീകരിക്കും പക്ഷെ, അത് ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് അനുവദിച്ച് കൊടുക്കാനാവില്ല. അതുകൊണ്ടാണ് ഇത്തരത്തിലൊരു ബോര്‍ഡ് സ്ഥാപിക്കേണ്ടി വന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഹിന്ദു, മുസ്്‌ലിം, ക്രിസ്ത്യന്‍ വിഭാഗക്കാര്‍ ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. സൗഹൃദം ചൂഷണം ചെയ്യാനുള്ളതല്ലെന്നും നാട്ടുകാര്‍ പറയുന്നു.
എം.എല്‍.എ എന്ന നിലയിലാണ് വീട്ടിലെത്തിയവരെ സ്വീകരിച്ചതും ബുക്ക്‌ലെറ്റ് വാങ്ങിയതും അവരാ ഫോട്ടോ എടുത്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് കരുതിയില്ലെന്ന് കാരാട്ട് റസാഖ് പറഞ്ഞു. മുസ്്‌ലിംകളും ഇടത്പക്ഷക്കാരും പൗരത്വനിയമത്തെ അനുകൂലിക്കുന്നു എന്ന ധാരണ പടര്‍ത്താന്‍ ആ ചിത്രത്തിനായെന്നും കാരാട്ട് റസാഖ് പറഞ്ഞു.
https://www.facebook.com/Malayalivartha