അലനും താഹക്കും ജാമ്യം; എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്; സി.പി.എം സര്‍ക്കാരിനും പിണറായിയുടെ നിലപാടിനും തിരിച്ചടി; ജാമ്യം ലഭിക്കുന്നത് 10 മാസത്തെ ജയില്‍ വാസത്തിന് ശേഷം
പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അലന്‍ ഷുഹൈബിനും താഹ ഫൈസലിനും ജാമ്യം. എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ മാസവും എല്ലാ ആദ്യ ശനിയാഴ്ചകളിലും ഒപ്പ് രേഖപ്പെടുത്തണം. സിപിഐ മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല. മാതാപിതാക്കളില്‍ ഒരാളുടെ ആള്‍ ജാമ്യം വേണം. ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കണം എന്നിങ്ങനെയാണ് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉപാധികള്‍.
2019 നവംബര്‍ 3ാം തിയ്യതിയാണ് സി.പി.ഐ.എം പ്രവര്‍ത്തകരായ 20യും 24യും വയസ്സുള്ള അലനും താഹക്കും നേരെ യു.എ.പി.എ അഥവാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിരോധന നിയമപ്രകാരം പന്തീരാങ്കാവ് പോലീസ് കേസെടുക്കുന്നത്. അറസ്റ്റ് ചെയ്ത് 10 മാസങ്ങള്‍ക്ക് ശേഷമാണ് അലനും താഹക്കും ജാമ്യം ലഭിച്ചിരിക്കുന്നത്. ഇരുവര്‍ക്കും നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്നും അതിന്റെ പ്രവര്‍ത്തകരാണെന്നുമായിരുന്നു അറസ്റ്റിനെക്കുറിച്ച് പോലീസ് പ്രതികരിച്ചത്. കുറ്റാരോപിതരുടെ കയ്യില്‍ നിന്നും പ്രസ്തുത സംഘടനയിലെ പ്രവര്‍ത്തകരാണ് ഇവരെന്ന് തെളിയിക്കാനുള്ള രേഖകള്‍ പിടിച്ചെടുത്തെന്നും പോലീസ് അവകാശപ്പെടുന്നുണ്ട്. കേരളത്തില്‍ അടുത്തകാലത്തായി യു.എ.പി.എ നിയമത്തെ പറ്റിയുള്ള സജീവ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമാണ് ഈ വിഷയം വഴി തുറന്നത്.
സെഷന്‍സ് കോടതിക്ക് പുറമെ ഹൈക്കോടതിയും നേരത്തേ ഇരുവരുടേയും ജാമ്യാപേക്ഷ നിഷേധിച്ചിരുന്നു. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ യു.എ.പി.എ നിയമപ്രകാരം കേസുകളെടുത്ത സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ് കേരളം. യു.എ.പി.എക്കെതിരെ കേരളത്തില്‍ ചര്‍ച്ചകള്‍ നടക്കുമ്പോഴും അതിന്റെ ഇരകളുടെ കാര്യത്തില്‍ വിവേചനം നടക്കുന്നു എന്നതും വിമര്‍ശനമായി വന്നിരുന്നു.യു.എ.പി.എ ചുമത്തിയതിനാല്‍ കേസ് എന്‍.ഐ.എ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന പോലീസ് മേധാവിക്കും ചീഫ് സെക്രട്ടറിക്കും കത്തയച്ചിരുന്നു. ഇതിനെത്തുടര്‍ന്ന കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കെതിരായ കേസ് 2008ലെ എന്‍.ഐ.എ നിയമപ്രകാരം ഷെഡ്യൂള്‍ഡ് ക്രൈമില്‍ പെടുന്നതാണെന്നതായിരുന്നു എന്നതാണ് കേസ് എന്‍.ഐ.എ ഏറ്റെടുക്കാന്‍ കാരണമായി പറഞ്ഞത്.
യു.എ.പി.എ നിയമം കര്‍ക്കശമാക്കാനുള്ള ഭേദഗതികള്‍ 2008ല്‍ കേന്ദ്രമന്ത്രിയായിരിക്കെ പി ചിദംബരം സഭയിലവതരിപ്പിച്ചപ്പോള്‍ എല്‍.ഡി.എഫിന്റെ നാല് പ്രതിനിധികള്‍ ഭേദഗതിയെ എതിര്‍ത്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതിന്റെ പേരില്‍ ഒരു ആദിവാസി സ്ത്രീക്കെതിരെ പോലും യു.എ.പി.എ പ്രകാരം കേസെടുത്ത് ജയിലലിടച്ചത് സി.പി.എം നേതൃത്വം കൊടുക്കുന്ന മന്ത്രിസഭ ഭരിക്കുമ്പോഴാണ് എന്നത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇപ്പോള്‍ കേസില്‍ ജാമ്യം ലഭിക്കുന്നത് പോലും സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് തിരിച്ചടിയാണ്.
https://www.facebook.com/Malayalivartha