ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന് പരിക്ക്; പ്രതിഷേധം അനിയന്ത്രിതം; കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു; ആറു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു; തലസ്ഥാനം യുദ്ധക്കളം; സംസ്ഥാനത്ത് പരക്കെ പ്രതിഷേധം
മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് വിവിധ യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ തലസ്ഥാനം യുദ്ധക്കളമായി. സംഘര്‍ഷത്തില്‍ ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനും ആറു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. യുവമോര്‍ച്ച മാര്‍ച്ചിനുനേരെ അഞ്ചുതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മൂന്നു തവണ ലാത്തിവീശി, കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. ഒരാളെ അറസ്റ്റ് ചെയ്തു നീക്കി. പരുക്കേറ്റു. എബിവിപി മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി.
സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ചാടിക്കടന്ന പ്രവര്‍ത്തകനെ പോലീസ് അറസ്റ്റു ചെയ്തു. രാവിലെ യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. വിമാനത്താവളത്തിലെത്തിയ നയതന്ത്ര പാഴ്‌സലുകളിലെ പ്രോട്ടോക്കോള്‍ ലംഘനം, സ്വര്‍ണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു വിധേയനായ ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണു അരങ്ങേറിയത്. പ്രതിപക്ഷ സംഘടനകളുടെ പ്രകടനം പലയിടങ്ങളിലും സംഘര്‍ഷത്തില്‍ കലാശിച്ചു. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് യുഡിഎഫും ബിജെപിയും ആരോപിച്ചു.
സെക്രട്ടറിയേറ്റിലേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് ആദ്യം പ്രതിഷേധവുമായെത്തിയത്. മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. സെക്രട്ടറിയേറ്റിന്റെ നോര്‍ത്ത് ഗേറ്റിന് മുന്നില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ഇവര്‍ക്ക് പിന്നാലെ യുവ മോര്‍ച്ച പ്രവര്‍ത്തകരും സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. ബാരിക്കേഡുകള്‍ ഇളക്കിമാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യുവ മോര്‍ച്ച പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി. ജലീല്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാകോണ്‍ഗ്രസും സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി.
സംസ്ഥാനത്തെ വിവിധ മന്ത്രിമാരുടെ വീടുകളിലേക്കും, കമ്മീഷണറോഫീസുകളിലേക്കും, കളക്ടറേറ്റുകളിലേക്കും യൂത്ത് കോണ്‍ഗ്രസും, കോണ്‍ഗ്രസും, യൂത്ത് ലീഗും, യുവമോര്‍ച്ചയും ബിജെപിയും നടത്തിയ പ്രതിഷേധമാര്‍ച്ചുകള്‍ പൊലീസ് തടഞ്ഞു. പലയിടത്തും സംഘര്‍ഷങ്ങളും അരങ്ങേറി. ആലപ്പുഴയിലെയും കൊല്ലത്തെയും മാര്‍ച്ചുകള്‍ തടഞ്ഞത് സംഘര്‍ഷത്തിലേക്ക് വഴിമാറിയപ്പോള്‍, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
മന്ത്രി കെ ടി ജലീലിന്റെ മലപ്പുറം വളാഞ്ചേരിയിലെ വീടിന് ചുറ്റും വന്‍ പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരെയോ ആരെയുമോ സ്ഥലത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. വീട്ടിനകത്ത് മന്ത്രി ജലീല്‍ ഇപ്പോഴും മൗനത്തിലാണ്. എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത വിവരം ഇപ്പോഴും മന്ത്രി പരസ്യമായി സമ്മതിച്ചിട്ടില്ല. എന്നാല്‍ വിളിച്ച പ്രാദേശിക സിപിഎം നേതാക്കളോട് തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതായി മന്ത്രി പറയുന്നുണ്ട്. വെള്ളിയാഴ്ച മന്ത്രിയെ ചോദ്യം ചെയ്ത വിവരം പുറത്തുവന്നതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ പല തവണ ഇക്കാര്യം സ്ഥിരീകരിക്കാനായി മന്ത്രിയെ വിളിച്ചെങ്കിലും അദ്ദേഹം ഇത് ശക്തമായി നിഷേധിക്കുകയായിരുന്നു. എന്തിനാണ് ചോദ്യം ചെയ്തിട്ടും, അദ്ദേഹം അത് നിഷേധിച്ചത് എന്ന ചോദ്യമാണ് ഉയരുന്നത്. മാധ്യമങ്ങള്‍ അത് വലിയ വാര്‍ത്തയാക്കുമെന്ന് കരുതി ബോധപൂര്‍വമാണ് ഇത് പറയാതിരുന്നതെന്ന് പ്രാദേശിക സിപിഎം നേതാക്കളോട് അദ്ദേഹം പറഞ്ഞതായാണ് വിവരം.
കോഴിക്കോട്ട് യൂത്ത് ലീഗ് മാര്‍ച്ചിന് നേരെ രണ്ട് തവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലം കത്തിച്ചു. ഇതിന് പിന്നാലെ സംഘര്‍ഷവുമുണ്ടായി. കൊല്ലത്ത് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ വീട്ടിലേക്ക് ജില്ലാ പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. മന്ത്രിയുടെ വളാഞ്ചേരിയിലെ വീട്ടിലേക്ക് ബിജെപി മാര്‍ച്ച് നടത്തിയെങ്കിലും പൊലീസ് തടഞ്ഞു. പത്തനംതിട്ട സിവില്‍ സ്‌റ്റേഷനിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളക്ടറേറ്റിനു മുന്നിലെ കോഴിക്കോട് വയനാട് ദേശീയപാത ഉപരോധിക്കുന്നു. കൊട്ടിയത്ത് റോഡ് ഉപരോധിച്ച ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. മന്ത്രി എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യംചെയ്യലിന് മുന്നോടിയായി തങ്ങിയ അരൂരിലെ വ്യവസായി എം എസ് അനസിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയെങ്കിലും പോലീസ് തടഞ്ഞു. വിവിധ ജില്ലാ ആസ്ഥാനങ്ങളിലേക്കും ബിജെപിയും പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. കോരിച്ചൊരിയുന്ന മഴ വകവെയ്ക്കാതെ കനത്ത പ്രതിഷേധമാണ് പ്രതിപക്ഷ സംഘടനകള്‍ ഉയര്‍ത്തുന്നത്.
https://www.facebook.com/Malayalivartha