സി.എഫ് തോമസ് എംഎല്‍.എ അന്തരിച്ചു; കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍; 40 കൊല്ലം എം.എല്‍.എ; നിലവില്‍ കേരളാകോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്‍മാന്‍; 2001 ലെ എ.കെ. ആന്റണി മന്ത്രിസഭയിലും ആദ്യ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും അംഗം
കേരള കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും ചങ്ങനാശേരി എംഎല്‍എയുമായി സി.എഫ്. തോമസ്(81) വിടവാങ്ങി. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1980 മുതല്‍ തുടര്‍ച്ചയായി ചങ്ങനാശേരിയില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒന്‍പത് തവണ നിയമസഭാംഗമായി അദ്ദേഹം 40 കൊല്ലം എംഎല്‍എയായി തുടര്‍ന്നു. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. കെ.എം.മാണിയുടെ മരണശേഷം പി.ജെ. ജോസഫിനൊപ്പം ചേര്‍ന്നു. ചങ്ങനാശ്ശേരി എംഎല്‍എയും മുന്‍ മന്ത്രിയും കേരളാകോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്‍മാനുമാണ് സി.എഫ്. തോമസ്. തുടര്‍ച്ചയായ നാല്‍പ്പതു വര്‍ഷമായി നിയമസഭയില്‍ ചങ്ങനാശ്ശേരിയെ പ്രതിനിധീകരിക്കുന്നു. എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളില്‍ അംഗമായിരുന്നു. കേരള കാത്തലിക് സ്റ്റുഡന്റ്‌സ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. ചങ്ങനാശേരി ചെന്നിക്കര കുടുംബാംഗമാണ്. മങ്കൊമ്പ് പരുവപ്പറമ്പില്‍ കുടുംബാംഗമായ കുഞ്ഞമ്മയാണ് ഭാര്യ. സൈജു, സിനി, അനു എന്നിവര്‍ മക്കളും ലീന,ബോബി, മനു എന്നിവര്‍ മരുമക്കളുമാണ്.
സുതാര്യവും സംശുദ്ധവുമായ രാഷ്ട്രീയത്തിന്റെ വക്താവായ അദ്ദേഹത്തെ ഒന്‍പതു തവണയാണ് ചങ്ങനാശ്ശേരിക്കാര്‍ തങ്ങളുടെ പ്രതിനിധിയായി നിയമസഭയിലെത്തിച്ചത്. 1980 മുതല്‍ 2016 വരെ മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയം. ആധുനിക ചങ്ങനാശേരിയുെട മുഖ്യശില്പി എന്ന വിശേഷണം മറ്റാര്‍ക്കും അവകാശപ്പെടാനാവില്ല. 2001ലെ എ.കെ. ആന്റണി മന്ത്രിസഭയിലും തുടര്‍ന്നുവന്ന ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും രജിസ്‌ട്രേഷന്‍, ഗ്രാമവികസനം, ഖാദി വകുപ്പുകളുടെ മന്ത്രിസ്ഥാനം വഹിച്ചു. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെയായിരുന്നു പൊതുരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ്. പി.ടി. ചാക്കോയില്‍ അകൃഷ്ടനായി 1956ല്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. വിമോചനസമരത്തില്‍ പങ്കെടുത്തു. 1964ല്‍കേരളാ കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ സി.എഫ് തോമസും കേരളാകോണ്‍ഗ്രസിലെത്തി. പാര്‍ട്ടിയുടെ ആദ്യത്തെ ചങ്ങനാശേരി നിയോജകമണ്ഡലം സെക്രട്ടറി. പാര്‍ട്ടിയുടെ രൂപീകരണം മുതല്‍ കെ.എം മാണിയുടെ വിശ്വസ്തനായി ഒപ്പമുണ്ടായിരുന്ന അദ്ദേഹം ദീര്‍ഘകാലം കേരള കോണ്‍ഗ്രസ് എം അധ്യക്ഷനും ഉപാധ്യക്ഷനും ജനറല്‍ സെക്രട്ടറിയുമായിരുന്നു.
ചങ്ങനാശേരി ചെന്നിക്കര സി.ടി. ഫ്രാന്‍സിസിന്റെയും അന്നമ്മയുടെയും മകനായി 1939 ജൂലൈ 30നായിരുന്നു ജനനം. എസ്.ബി കോളജില്‍ നിന്ന് ബിരുദവും എന്‍എസ്എസ് ട്രെയിനിംഗ് കോളജില്‍ നിന്ന് ബിഎഡും നേടിയ അദ്ദേഹം 1962ല്‍ ചമ്പക്കുളം സെന്റ് മേരിസ് സ്‌കൂളിലും തുടര്‍ന്ന് ചങ്ങനാശേരി എസ്ബി സ്‌കൂളിലും അധ്യാപകനായി. 1980ല്‍ എംഎല്‍എ ആകുംവരെ പതിനെട്ടുവര്‍ഷക്കാലം അധ്യാപകനായിരുന്നു.
https://www.facebook.com/Malayalivartha