ഓടുന്ന ട്രെയിനില്‍ യുവതിയെ ആക്രമിച്ച് മോഷണം... പ്രതി പിടിയിൽ....
സൗമ്യയെ നഷ്‌ടപ്പെട്ട നടുക്കത്തിൽ നിന്നും ഇന്നും കേരളക്കര കരകയറിയിട്ടില്ല. ഒരു ദിവസത്തെ ട്രെയിൻ യാത്ര ജീവിതത്തിലെ അവസാന യാത്രയായി മാറിയ സൗമ്യ എന്ന യുവതിയെ ആക്രമിച്ചു മൃതപ്രായയാക്കിയ ഗോവിന്ദ ചാമിയോടുള്ള ദേഷ്യം കെട്ടടങ്ങിയിട്ടില്ല. ഗോവിന്ദച്ചാമിക്ക് ഇന്നും അർഹിക്കുന്ന ശിക്ഷ ലഭിച്ചില്ല എന്ന് മുറവിളി കൂട്ടുന്ന അമ്മമാരും പെങ്ങന്മാരും ഇന്നും കേരള സമൂഹത്തിലെ തീരാ ദുഖമാണ്.
ഇപ്പോഴിതാ പാസ്സഞ്ചർ ട്രെയിനിലെ സ്ത്രീകളെ ലക്ഷ്യം വയ്ക്കുന്ന കൊടും കുറ്റവാളി ഇപ്പോൾ പൊലീസ് പിടിയിലായിരിക്കുകയാണ്. മുളന്തുരുത്തിക്ക് സമീപം ട്രെയിനിൽ വച്ച് യുവതിയെ ആക്രമിച്ച സംഭവത്തിലാണ് പ്രതി ബാബുക്കുട്ടൻ അറസ്റ്റിലായത്.
പ്രതി കേരളം കടക്കാനുളള തീരുമാനത്തിലായിരുന്നു എന്നാണ് സൂചന. എന്നാൽ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും കൊവിഡ് വർദ്ധിക്കുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ പോലീസിന്റെ കണ്ട് വെട്ടിച്ച് അതിർത്തി കടക്കുക എന്നത് ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ പ്രതിയെ പത്തനംതിട്ട ജില്ലയിലെ ചിറ്റാർ ഈട്ടിച്ചുവട്ടിൽ നിന്നാണ് പോലീസ് പിടികൂടിയിരിക്കുന്നത്.
ഏപ്രിൽ 28 നാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. ട്രെയിനിൽ വച്ച് ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന ബാബുക്കുട്ടൻറെ ഫോട്ടോ പരിക്കേറ്റ യുവതിയെ കാണിച്ച് ഉറപ്പു വരുത്തിയ ശേഷം കേസന്വേഷിക്കുന്ന റെയിൽവേ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശിയായ ബാബുക്കുട്ടൻറെ ഫോട്ടോ നേരത്തെ പുറത്തു വിട്ടിരുന്നു. രണ്ടു ഡിവൈഎസ്പിമാർ അടങ്ങുന്ന ഇരുപതംഗ സംഘമാണ് പ്രതിക്കായി തെരച്ചിൽ നടത്തിയത്.
ഏപ്രിൽ 28 ബുധനാഴ്‌ച ഓടി കൊണ്ടിരുന്ന പുനലൂർ പാസഞ്ചറിൽ വച്ചാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമിച്ച് കവര്ച്ച നടത്തിയയാളില് നിന്ന് രക്ഷപ്പെടാന് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് പ്രാണരക്ഷാര്ഥം ചാടിയ യുവതിക്ക് പരിക്കുകളുണ്ടായിരുന്നു.
ചെങ്ങന്നൂരില്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരിയായ ഇവര്‍ പുനലൂര്‍ പാസഞ്ചറിലെ സ്ഥിരം യാത്രക്കാരിയാണ്. മുളംതുരുത്തി എത്തിയതോടെ ട്രെയിന്‍ കംപാര്‍ട്‌മെന്റിലേക്ക് കയറിയ പ്രതി രണ്ട് ഡോറുകളും അടച്ചു.
ആയുധം കൈവശമുണ്ടായിരുന്ന ഇയാള്‍ ഭീഷണിപ്പെടുത്തി മാലയും വളയും കൈക്കലാക്കിയ ശേഷം യുവതിക്ക് നേരെ കയ്യേറ്റ ശ്രമം തുടങ്ങിയതോടെയാണ് യുവതി ട്രെയിനില്‍ നിന്ന് ചാടിയത്. ട്രെയിനില്‍ നിന്ന് എടുത്ത് ചാടിയ യുവതിയുടെ തലയ്ക്കാണ് പരിക്ക്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതി ആദ്യം വളയും മാലയും ഊരി നല്‍കാന്‍ അവശ്യപ്പെട്ടെന്ന് പരുക്ക് പറ്റിയ യുവതി നല്‍കിയ മൊഴിയില്‍ പറയുന്നു. മാല പൊട്ടിച്ചെടുത്തെന്നും മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞെന്നും പരിക്കേറ്റ യുവതിയുടെ ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു. ഒരു കണ്ണിന് കാഴ്ച ശക്തിയില്ലാത്തയാളാണെന്നുളള സൂചന നേരത്തെ യുവതി നൽകിയിരുന്നു. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
വീടുമായും ബന്ധുക്കളുമായും അകന്നു കഴിയുന്നയാളാണ് ബാബുക്കുട്ടൻ. മറ്റൊരു കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് പുറത്തിറങ്ങിയത്. ഇതിനു ശേഷം ഒരു തവണ മാത്രമേ വീട്ടിലെത്തിയിട്ടുള്ളുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
മൊബൈൽ ഫോണും ഉപയോഗിക്കുന്നില്ല. ഇതുമൂലം ഇയാളെ കണ്ടെത്തുന്നത് പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു. നൂറനാട് പൊലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ കൂടുതൽ കേസുകളുള്ളത്.
ട്രെയിനിൽ വച്ച് യാത്രക്കാരിയെ ഭീഷണിപ്പെടുത്തി മാല തട്ടിയ സംഭവത്തിൽ കൊല്ലം റെയിൽവേ പോലീസ് മുമ്പ് പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ ഹൈക്കോടതിയും വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.
https://www.facebook.com/Malayalivartha