വിട്ടൊഴിയാത്ത മഹാമാരി... ഇന്ന് മാത്രം ജീവൻ വെടിഞ്ഞത് 68ഓളം പേർ... മാനദണ്ഡങ്ങൾ പുതുക്കി സർക്കാർ...
കേരളത്തിന്റെ സ്ഥിതി ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ സർക്കാരും മുന്നണിപോരാളികളും മുന്നിട്ട് ഇറങ്ങിയിരിക്കുകയാണ്. ലോക്ഡൗൺ തുടരുമ്പോഴും ആശങ്കയായി വീണ്ടും കേൾക്കുന്നത് മരണങ്ങളാണ്. കേരളത്തില്‍ ഇന്ന് 35,801 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 68 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5814 ആയി. മൂന്ന് ജില്ലകൾ ഒഴികെ മറ്റെല്ലാ ജില്ലകളിലും 1000നു മുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297, ആലപ്പുഴ 2088, ഇടുക്കി 1046, പത്തനംതിട്ട 939, കാസര്‍ഗോഡ് 766, വയനാട് 655 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,980 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 ആണ്. സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 116 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 316 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,627 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2743 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
115 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,318 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 4,23,514 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 14,72,951 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,94,055 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 796 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്ക് പുതിയ മാനദണ്ഡം പുറത്തിറക്കി. സർക്കാർ ആശുപത്രികളെല്ലാം മേയ് 31 വരെ കൊവിഡ് ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് നിർദ്ദേശം. കൊവിഡ് ഇതര ചികിത്സകൾ അടിയന്തിര പ്രാധാന്യം ഉള്ളവ മാത്രമേ ഉണ്ടാവുകയുള്ളൂ. എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്ക് ആക്കി മാറ്റാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.
താലൂക്ക് ആശുപത്രികളിൽ ഓക്സിജൻ കിടക്കകൾ സജ്ജീകരിക്കാനും നിർദ്ദേശമുണ്ട്. 5 വെന്റിലേറ്റർ കിടക്കകൾ എങ്കിലും തയാറാക്കുകയും ചെയ്യണം. രണ്ടാം നിര കൊവിഡ് കേന്ദ്രങ്ങൾ താലൂക് ആശുപത്രികളുമായി ബന്ധിപ്പിക്കണം.
പ്രാഥമിക , കുടുംബാരോഗ്യ കേന്ദ്രങ്ങൾ സ്റ്റിറോയ്‌ഡുകളും മരുന്നുകളും സ്റ്റോക്ക് ഉറപ്പാക്കണം. കിടപ്പ് രോഗികൾക്ക് ഓക്സിജൻ, ചികിത്സ ഇവ വീട്ടിലെത്തി ഉറപ്പാക്കും. സ്വകാര്യ ആശുഓത്രികളിലും കൊവിഡ് ഒപി തുടങ്ങാനും നിർദ്ദേശമുണ്ട്.
കൊവിഡ് വ്യാപനം നിയന്ത്രിക്കാനായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ കൊണ്ടുള്ള മാറ്റം ഒരാഴ്ചയ്ക്കുള്ളിൽ അറിയാനാകുമെന്നാണ് ആരോഗ്യവിദഗ്ധർ പ്രതീക്ഷിക്കുന്നത്.
കേസുകൾ ഒറ്റയടിക്ക് കുത്തനെ കുറയില്ലെങ്കിലും കേസുകൾ ഉയരുന്നത് പിടിച്ചു നിർത്താനാകുമെന്നാണ് പ്രതീക്ഷ. ഡിസ്ചാർജ്ജ് പ്രോട്ടോക്കോൾ മാറിയതോടെ സംസ്ഥാനത്ത് രോഗമുക്തി നിരക്കും ഉയർന്നിട്ടുണ്ട്. 12 ദിവസത്തിനിടെ 2 ലക്ഷത്തിലധികം പേരാണ് രോഗമുക്തരായത്.
എന്നാൽ മരണസംഖ്യയിലാണ് ആശങ്ക. ഇന്നത്തെ മരണ സംഖ്യ 68 ആയി കഴിഞ്ഞ ദിവസം ഇത് 64 ആയിരുന്നു. നാൽപ്പതിനായിരത്തിന് മുകളിൽ പ്രതിദിന രോഗികളുണ്ടായ ദിവസങ്ങളിലെ കണക്ക് മരണത്തിൽ പ്രതിഫലിച്ചു കാണാൻ രണ്ടാഴ്ച്ചയെങ്കിലുമെടുക്കും. ഇതോടെ വരും ആഴ്ച്ചകളിലെ മരണനിരക്ക് നിർണായകമാണ്.
സമ്പൂർണ ലോക്ക് ഡൗൺ ഫലപ്രദമായി നടപ്പാക്കാനായാൽ കുത്തനെ മുകളിലേക്കുള്ള പോകുന്ന രോഗബാധിത നിരക്ക് പിടിച്ചുകെട്ടാനാകും. പരമാവധി 6 ദിവസം വരെയുള്ള ഇൻക്യൂബേഷൻ കാലാവധി കണക്കാക്കിയാണ് ഈ പ്രതീക്ഷ ആരോഗ്യവിദഗ്ധർ പങ്കുവെക്കുന്നത്. ഓരോ ദിവസവും കുതിച്ചു കയറുന്നതിന് പകരം ഈ കണക്ക് സ്ഥിരമായി നിശ്ചിത സംഖ്യയിൽ പിടിച്ചു നിർത്താനാകും. അതിന് ശേഷം കുറയാൻ തുടങ്ങും.
https://www.facebook.com/Malayalivartha