നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ നിര്യാതനായി.... മലയാളത്തിലെ ആധുനിക പ്രസ്ഥാനത്തോടൊപ്പം കടന്നു വന്ന എഴുത്തുകാരൻ...
എഴുത്തുകാരനും നടനും സാംസ്കാരിക പ്രവർത്തകനുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ അന്തരിച്ചു. 81 വയസ്സായിരുന്നു അദ്ദേഹത്തിന്. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്നു അദ്ദേഹം.
തൃശൂര്‍ അശ്വിനി ആശുപത്രിയിലായിരുന്നു ചികിത്സയിൽ കഴിഞ്ഞത്. വാര്‍ധക്യ സഹജമായ അസുഖങ്ങളുണ്ടായിരുന്നു പനിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
പത്തിലേറെ നോവലുകളും അഞ്ചു തിരക്കഥകളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ഇതുകൂടാതെ പത്തോളം സിനികളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
1941ല്‍ കിരാലൂര്‍ മാടമ്പ് മനയില്‍ ശങ്കരന്‍ നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനായാണ് ജനനം. മാടമ്പ് മനയിൽ ശങ്കരൻ നമ്പൂതിരി എന്നാണ് യാഥാർഥ പേരെങ്കിലും വിളിപ്പേരായ കുഞ്ഞുക്കുട്ടൻ പിന്നീട് ഔദ്യാഗിക പേരാക്കി. പരമ്പരാഗതമായ സംസ്കൃത പഠനത്തിനു ശേഷമായിരുന്നു സ്കൂൾ വിദ്യാഭ്യാസം.
16 വയസ്സിനു മുൻപ് നാലു വർഷം അമ്പലങ്ങളിൽ ശാന്തിക്കാരനായി സേവനം അനുഷ്ടിച്ചു. റേഡിയോ റിപ്പയറിങ്, സ്പ്രേ പെയിന്റിങ് തുടങ്ങിയ ജോലികളും ചെയ്തു. ടെപ്പ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടും ട്യൂട്ടോറിയൽ കോളജും നടത്തിയിരുന്നു. പൂമുള്ളി ആറാം തമ്പുരാനിൽ നിന്ന് ആനവൈദ്യവും പഠിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞ് തൃശൂർ ആകാശവാണിയിൽ കുറച്ചു കാലം ജോലി ചെയ്തിരുന്നു.
ട്യൂട്ടോറിയൽ കോളജിൽ അധ്യാപകനായിരിക്കെ വിദ്യാർഥികൾക്കു വേണ്ടി നാടകങ്ങൾ എഴുതിയാണ് സാഹിത്യ ജീവിതത്തിന്റെ തുടക്കം കുറിച്ചത്. 1970 ൽ എഴുതിയ അശ്വത്ഥാമാവാണ് ആദ്യ നോവൽ. തൊട്ടു പിന്നാലെ വന്ന ഭ്രഷ്ട് എന്ന നോവൽ വിവാദമുണ്ടാക്കി.
ജയരാജ് സംവിധാനം ചെയ്ത ദേശാടനത്തിനാണ് ആദ്യമായി തിരക്കഥയെഴുതിയത്. തപസ്യ കലാ സാഹിത്യ വേദിയുടെ സംസ്ഥാന രക്ഷാധികാരി കൂടിയാണ് ഇദ്ദേഹം. 2000ൽ പുറത്തിറങ്ങിയ കരുണത്തിന് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചിട്ടുണ്ട്,
1982ലെ മഹാപ്രസ്ഥാനം –കേരള സാഹിത്യ അക്കാദമി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 2001ൽ കൊടുങ്ങല്ലൂരിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി മൽസരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു ചെയ്തത്.
സാഹിത്യത്തിലും സിനിമയിലും മാത്രമല്ല, തത്വചിന്തയിലും വേദങ്ങളിലും മാതംഗ ശാസ്ത്രത്തിലുമെല്ലാം ആഴത്തിലുള്ള അറിവുണ്ടായിരുന്നു മാടമ്പിന്. അശ്വത്ഥാമാവ് സിനിമയാക്കിയപ്പോൾ തിരക്കഥയെഴുതി. നായകനായി അഭിനയിച്ചു. പൈതൃകം, ആനച്ചന്തം, വടക്കുംനാഥൻ, കരുണം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്നമസ്തു, ഭ്രഷ്ട്, മാരാരാശ്രീ, എന്തരോ മഹാനുഭാവുലു, പോത്ത്, നിഷാദം, പാതാളം, ആര്യാവർത്തം, അമൃതസ്യ പുത്രഃ, കോളനി, പുതിയ പഞ്ചതന്ത്രം, സാരമേയം, തോന്ന്യാസം തുടങ്ങിയവയാണ് നോവലുകൾ.
മകൾക്ക്, ഗൗരീശങ്കരം, സഫലം, കരുണം, ദേശാടനം എന്നിവയാണ് തിരക്കഥകൾ. ഭാര്യ: പരേതയായ സാവിത്രി അന്തര്‍ജനം. മക്കൾ: ഹസീന, ജസീന.
https://www.facebook.com/Malayalivartha