കാവി അജണ്ടകളും കോര്‍പറേറ്റ് താല്‍പര്യങ്ങളും അടിച്ചേല്‍പ്പിക്കുന്നു; ലക്ഷദ്വീപ് വിഷയത്തില്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി; ഗോവധ നിരോധനം എന്ന സംഘപരിവാര്‍ അജണ്ട പിന്‍വാതിലിലൂടെ നടപ്പാക്കുന്നു
ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കി കാവി അജണ്ടകളും കോര്‍പറേറ്റ് താല്‍പര്യങ്ങളും അടിച്ചേല്‍പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലക്ഷദ്വീപ് വിഷയത്തില്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ആരോപണം. തെങ്ങുകളില്‍ കാവിനിറം പൂശിക്കൊണ്ട് ആരംഭിച്ച് ഇപ്പോള്‍ ആ ജനതയുടെ ആവാസവ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകര്‍ക്കുന്നതായി വളര്‍ന്നുകഴിഞ്ഞെന്ന് അദ്ദേഹം ആരോപിച്ചു.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പ്രമേയത്തില്‍ അതിരൂക്ഷ വിമര്‍ശനമാണുള്ളത്. ലക്ഷദ്വീപിന്റെ സവിശേഷത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനുണ്ടെന്നും അതിന് അഡ്മിനിസ്‌ട്രേറ്റര്‍ വെല്ലുവിളി ഉയര്‍ത്തുന്നുന്നുവും പ്രമേയത്തില്‍ പറയുന്നു. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവന മാര്‍ഗ്ഗവും സംരക്ഷിക്കാന്‍ കേന്ദ്രം ഇടപെടണമെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്. ചട്ടം 118 പ്രകാരം ഉള്ള പ്രത്യേക പ്രമേയം ദ്വീപ് ജനതയുടെ ആശങ്ക അടിയന്തിരമായി പരിഹരിക്കണമെന്നും വിവാദ പരിഷ്‌ക്കാരങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
പൗരത്വ ഭേദഗതി ബില്ലിനെതിരായി ദ്വീപില്‍ നേരത്തെ സ്ഥാപിച്ചിരുന്ന ബാനറുകള്‍ എടുത്തുമാറ്റുകയും എഴുതിയവരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള നടപടികളും ലക്ഷദ്വീപിലുണ്ടായി. പൊതുവേ സമാധാനപരമായി ജീവിക്കുകയും അതിഥികളെ സ്നേഹവായ്പുകൊണ്ട് വീര്‍പ്പുമുട്ടിക്കുകയും ചെയ്യുന്ന രീതിയാണ് ലക്ഷദ്വീപിലെ ജനത സാധാരണ നിലയ്ക്ക് സ്വീകരിക്കുന്നത്.
കുറ്റകൃത്യങ്ങള്‍ അത്യപൂര്‍വമായി തീര്‍ന്ന ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് കൊണ്ടുവരുന്നതിനുള്ള നടപടിയും സ്വീകരിച്ചു കഴിഞ്ഞു. ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ അതിനെ നേരിടാന്‍ മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പും നടത്തിക്കൊണ്ടാണ് ഇത്തരം നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.
ജനങ്ങളുടെ ഉപജീവനത്തിന് അടിസ്ഥാനമായി നില്‍ക്കുന്ന മത്സ്യബന്ധനത്തെ തകര്‍ക്കുന്ന നടപടിയും സ്വീകരിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളികളുടെ ബോട്ടും വലയും സൂക്ഷിക്കുന്ന കൂടാരങ്ങള്‍ തന്നെ തകര്‍ത്തിരിക്കുന്നു. ജനങ്ങളുടെ സ്വാഭാവികമായ ഭക്ഷണരീതിയില്‍ പ്രധാനമായി നില്‍ക്കുന്ന ഗോമാംസം തന്നെ ഇല്ലാതാക്കാനുള്ള നടപടികളും സ്വീകരിക്കുകയാണ്. ഗോവധ നിരോധനം എന്ന സംഘപരിവാര്‍ അജണ്ട പിന്‍വാതിലിലൂടെ നടപ്പാക്കുകയാണ്.
ഗോവധവും ഗോമാംസവും നിരോധിക്കാനും ഒപ്പം ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുമുള്ള നടപടികളും മുന്നോട്ടുവെക്കുകയാണ്. ഇത്തരത്തില്‍ ഒരു ജനതയുടെ ജീവിതത്തെയും സംസ്‌കാരത്തെയും ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്ന നടപടികള്‍ക്കാണ് ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ നേതൃത്വം നല്‍കുന്നതെന്നും പ്രമേയം പറയുന്നു.
കേരളത്തിന്റെ ഗവര്‍ണറായിരുന്ന ആര്‍.എല്‍. ഭാട്യ, മന്ത്രിമാരായിരുന്ന കെ.ആര്‍. ഗൗരിയമ്മ, ആര്‍. ബാലകൃഷ്ണപിള്ള, മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ.ജെ. ചാക്കോ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍മാരായ സി.എ കുര്യന്‍ കെ.എം ഹംസക്കുഞ്ഞ്, സഭാംഗമായിരുന്ന ബി രാഘവന്‍ എന്നിവര്‍ക്ക് ചരമോപാരം അര്‍പ്പിച്ചുകൊണ്ടാണ് സഭാസമ്മേളനം ആരംഭിച്ചത്.
https://www.facebook.com/Malayalivartha