ദേശീയ പുരസ്കാര ജേതാവായ കന്നഡ നടൻ സഞ്ചാരി വിജയ് വാഹനാപകടത്തിൽ മരിച്ചു....
ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ കന്നഡ നടൻ സഞ്ചാരി വിജയ് മരണപ്പെട്ടു. 38 വയസ്സായിരുന്നു അദ്ദേഹത്തിന്. വാഹാനാപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. നടൻ കിച്ചാ സുദീപാണ് വിജയുടെ മരണവാർത്ത സ്ഥിരീകരിച്ചുള്ള ട്വീറ്റ് പുറത്ത് വിട്ടത്.
ഇക്കഴിഞ്ഞ ജൂൺ 12നാണ് ബംഗളൂരു എല്‍.ആന്‍ഡ്.ടി സൗത്ത് സിറ്റിയിലെ ജെ.പി നഗര്‍ സെവന്‍ത് ഫേസില്‍വെച്ചാണ് ബൈക്കപകടത്തില്‍ വിജയ്ക്ക് ഗുരുതര പരിക്കേറ്റത്. തലയ്ക്കേറ്റ പരിക്കിനെ തുടർന്ന് ബ്രെയിൻ സർജറിക്ക് വിധേയനാക്കിയിരുന്നുവെങ്കിലും സ്ഥിതി ഗുരുതരമായി തന്നെ തുടരുകയായിരുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വിജയും സുഹൃത്തും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. മഴയിൽ നനഞ്ഞ് കിടന്ന റോഡിൽ തെന്നി നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ ഇലക്ട്രിക് തൂണിൽ ചെന്ന് ഇടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ വിജയിയെയും സുഹൃത്ത് നവീനെയും ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. നവീനാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇയാളുടെ നട്ടെല്ലിനും കാലിനും പരിക്കുകളുണ്ട്.
വിജയ്ക്ക് തലയ്ക്കായിരുന്നു പരിക്കേറ്റത്. തലച്ചോറിനേറ്റ പരിക്കിനെ തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായിരുന്നു. തുടർന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും കോമയിൽ തുടരുകയായിരുന്നു. ഇതിനിടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
അദ്ദേഹത്തിന്‍റെ അവയവങ്ങൾ ദാനം ചെയ്യുമെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. സഞ്ചാരി വിജയുടെ മരണം അംഗീകരിക്കാൻ വളരെയധികം വേദനയുണ്ടെന്നാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ച് നടൻ കിച്ച സുദീപ് ട്വീറ്റ് ചെയ്തത്.
2011 ൽ 'രംഗപ്പ ഹോഗിബിത്ന' എന്ന ചിത്രത്തിലൂടെയാണ് സഞ്ചാരി വിജയ് സിനിമാ ലോകത്തെത്തുന്നത്. തുടർന്ന് 'ഹരിവു', 'ഒഗ്ഗാരനെ' തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ട്രാൻസ്ജെൻഡർ വേഷത്തിലെത്തിയ 'നാൻ അവനല്ല.. അവളു' എന്ന ചിത്രം ഏറെ നിരൂപക ശ്രദ്ധ നേടിയിരുന്ന ഒരു ചിത്രമായിരുന്നു. ഈ ചിത്രത്തിലൂടെ തന്നെയാണ് ദേശീയ അവാർഡും അദ്ദേഹത്തെ തേടിയെത്തിയത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'ആക്ട് 1978' ആണ് അവസാന ചിത്രം.
കോവിഡ് മഹാമാരി കാലത്ത് ആളുകൾക്ക് സഹായം എത്തിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു വിജയ്. കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയ സാഹചര്യത്തിൽ രോഗികൾക്ക് ഓക്സിജൻ സിലിണ്ടർ ലഭ്യമാക്കുന്നതിനായി ഒരു സന്നദ്ധ സംഘടനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വരികയായിരുന്നു.
https://www.facebook.com/Malayalivartha